ലോകം ഉറ്റുനോക്കുന്ന ന​ഗരം! തിരുവനന്തപുരത്തേയ്ക്ക് വിദേശ സഞ്ചാരികളുടെ ഒഴുക്ക്, രാജ്യത്തെ ഏറ്റവും വേഗമേറിയ വളർച്ച

Published : Jan 10, 2026, 03:02 PM IST
Thiruvananthapuram

Synopsis

ഓൺലൈൻ ട്രാവൽ ഏജൻസിയായ അഗോഡയുടെ റിപ്പോർട്ട് പ്രകാരം അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഇന്ത്യയിലെ പ്രധാന ഡെസ്റ്റിനേഷനായി തിരുവനന്തപുരം മാറുകയാണ്. 

തിരുവനന്തപുരം: അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഇന്ത്യയിലെ പ്രധാന ഡെസ്റ്റിനേഷനായി തിരുവനന്തപുരം മാറുന്നുവെന്ന് റിപ്പോർട്ട്. ഓൺലൈൻ ട്രാവൽ ഏജൻസിയായ അ​ഗോഡ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുള്ളത്. ​ഹോട്ടൽ ബുക്കിംഗിലെ മാറ്റങ്ങൾ ട്രാക്ക് ചെയ്യുകയും യാത്രക്കാരുടെ താൽപ്പര്യത്തിൽ ഏറ്റവും കൂടുതൽ വർദ്ധനവ് കാണുന്ന സ്ഥലങ്ങളെ തിരിച്ചറിയുകയും ചെയ്യുന്ന അ​ഗോഡയുടെ വാർഷിക ന്യൂ ഹൊറൈസൺസ് റാങ്കിംഗിലാണ് തിരുവനന്തപുരം നേട്ടമുണ്ടാക്കിയത്.

അന്താരാഷ്ട്ര സഞ്ചാരികളുടെ താൽപ്പര്യത്തിൽ ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തിയ ന​ഗരങ്ങളിലൊന്നായി തിരുവനന്തപുരം മാറിയെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. അഗോഡയുടെ റാങ്കിം​ഗ് പ്രകാരം തിരുവനന്തപുരം നഗരം 11 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. 2024-ൽ 33-ാം സ്ഥാനത്തായിരുന്ന തിരുവനന്തപുരം 2025-ൽ 22-ാം സ്ഥാനത്തേക്ക് ഉയർന്നു. വിദേശ ബുക്കിംഗുകളിൽ രാജ്യത്തെ ഏറ്റവും വേഗതയേറിയ വളർച്ചയായി ഇത് മാറി.

അതേസമയം, ആഭ്യന്തര യാത്രകളുടെ കാര്യത്തിൽ ഇന്ത്യൻ സഞ്ചാരികളുടെ ഇടയിൽ ഏറ്റവും കൂടുതൽ ട്രെൻഡിംഗായ ഡെസ്റ്റിനേഷനായി ഇൻഡോർ മാറി. 2024-ൽ 35-ാം സ്ഥാനത്തായിരുന്ന ഇൻഡോർ 2025-ൽ 28-ാം സ്ഥാനത്തേക്ക് എത്തി. ഇത് ആഭ്യന്തര യാത്രാ താൽപ്പര്യത്തിലുണ്ടാകുന്ന ശ്രദ്ധേയമായ വർദ്ധനവിനെയാണ് സൂചിപ്പിക്കുന്നത്.

തിരുവനന്തപുരത്ത് കാണേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങൾ

സാംസ്കാരിക സ്മാരകങ്ങൾ: വാസ്തുവിദ്യയുടെ മകുടോ​ദാഹരണമായി നിലകൊള്ളുന്ന പ്രശസ്തമായ പത്മനാഭസ്വാമി ക്ഷേത്രം തിരുവനന്തപുരം നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ്. സമീപത്തുള്ള മ്യൂസിയങ്ങൾ കേരളത്തിന്റെ രാജകീയവും സാംസ്കാരികവുമായ ഭൂതകാലത്തെ അടയാളപ്പെടുത്തുന്നവയാണ്.

ബീച്ചുകളും തീരദേശ കാഴ്ചകളും: കോവളം ബീച്ച് വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന പ്രധാന ടൂറിസ്റ്റ് സ്പോട്ടാണ്. ഒരു ചെറിയ ഡ്രൈവ് നടത്തിയാൽ അറബിക്കടലിന്റെ കാഴ്ചകൾക്ക് പേരുകേട്ട വർക്കലയും സന്ദർശിക്കാം.

പ്രകൃതി ഭംഗി: കായലുകൾ, പൊന്മുടി പോലെയുള്ള കുന്നിൻ പ്രദേശങ്ങൾ, നെയ്യാർ വന്യജീവി സങ്കേതം എന്നിവ പ്രകൃതിയെ അടുത്തറിയാൻ സഹായിക്കുന്ന ടൂറിസ്റ്റ് സ്പോട്ടുകളാണ്.

ആരോഗ്യം: ഹ്രസ്വ ചികിത്സകളോ ദീർഘമായ വിശ്രമ വേളകളോ ആവശ്യമായവർക്ക് തിരുവനന്തപുരം മികച്ച അനുഭവം സമ്മാനിക്കും. ആയുർവേദവും പരമ്പരാഗത ആരോഗ്യ ചികിത്സകളുമായി വളരെക്കാലമായി ബന്ധപ്പെട്ടിരിക്കുന്ന ന​ഗരമാണ് തിരുവനന്തപുരം.

പ്രാദേശിക ഭക്ഷണവും വിപണികളും: തീരദേശ സമുദ്രവിഭവങ്ങൾ മുതൽ കേരളത്തിന്റെ സസ്യാഹാരങ്ങൾ വരെ തിരുവനന്തപുരത്ത് ധാരാളം ലഭിക്കും. നഗരത്തിലെ ഭക്ഷണ രംഗം വിനോദസഞ്ചാരികൾക്ക് വേണ്ടി രുചി വൈവിധ്യങ്ങൾ തന്നെയാണ് കാത്തുവെച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് എങ്ങനെ എത്തിച്ചേരാം?

തിരുവനന്തപുരം വിമാനത്താവളത്തെ വ്യോമ, റെയിൽ, റോഡ് മാർഗങ്ങളിലൂടെ മികച്ച രീതിയിൽ ബന്ധിപ്പിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിലേക്കും തെക്കുകിഴക്കൻ ഏഷ്യയിലേക്കുമുള്ള ആഭ്യന്തര, അന്തർദേശീയ വിമാന സർവീസുകൾ ഉൾപ്പെടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം കൈകാര്യം ചെയ്യുന്നുണ്ട് എന്നതാണ് സവിശേഷത. നിരവധി ഇന്ത്യൻ മെട്രോ ന​ഗരങ്ങളിൽ നിന്ന് നേരിട്ട് ട്രെയിനുകളുള്ള തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ കേരളത്തിലെ തന്നെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലൊന്നാണ്.

PREV
Read more Articles on
click me!

Recommended Stories

പ്രകൃതിയുടെ മടിത്തട്ടിലൊരു തടാകം!
പുതുവർഷത്തിൽ വിയറ്റ്നാമിലേയ്ക്ക് സഞ്ചാരികളുടെ ഒഴുക്ക്; വെറും നാല് ദിവസത്തിനുള്ളിൽ എത്തിയത് 3.5 ദശലക്ഷം സഞ്ചാരികൾ