
കേരളത്തിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് പൊൻമുടി. തലസ്ഥാന നഗരിയിൽ നിന്ന് ഒരു വൺഡേ ട്രിപ്പ് പ്ലാൻ ചെയ്യുന്നവർക്ക് വേഗത്തിൽ എത്തിച്ചേരാൻ പറ്റിയ സുന്ദരമായ സ്ഥലമാണിത്. തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം 60 കിലോ മീറ്റർ അകലെയാണ് പൊന്മുടി സ്ഥിതി ചെയ്യുന്നത്.
പശ്ചിമഘട്ടത്തിന്റെ ഭാഗമായ പൊൻമുടിയിൽ എപ്പോഴും സുഖകരമായ കാലാവസ്ഥയാണുണ്ടാകുക. പശ്ചിമഘട്ട മലനിരകളിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ അഗസ്ത്യാര്‍ കൂടം പൊന്‍മുടിക്കടുത്താണ് സ്ഥിതി ചെയ്യുന്നത്. വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന റോഡിലൂടെ 22 ഹെയർ പിൻ ബെൻഡുകൾ താണ്ടി വേണം പൊൻമുടിയിൽ എത്തിച്ചേരാൻ. ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർ ഇവിടം ഉറപ്പായും സന്ദർശിച്ചിരിക്കണം. സമുദ്രനിരപ്പില്‍ നിന്ന് 1100 മീറ്റര്‍ ഉയരത്തിലാണ് പൊന്മുടി തലയുയർത്തി നിൽക്കുന്നത്. നഗരത്തിൽ വേനൽ കടുക്കുമ്പോൾ പോലും പൊന്മുടിയിലെ തണുത്ത കാറ്റിനും കാലാവസ്ഥയ്ക്കും വലിയ മാറ്റങ്ങളൊന്നും സംഭവിക്കാറില്ല.
പൊന്മുടിയിലെ കോടമഞ്ഞ് കാണാനായി കുടുംബത്തോടൊപ്പവും സുഹൃത്തുക്കൾക്കൊപ്പവുമെല്ലാം നിരവധിയാളുകളാണ് ഇവിടേയ്ക്ക് എത്താറുള്ളത്. സ്വന്തം വാഹനത്തിലോ കെഎസ്ആർടിസി ബസിലോ പൊന്മുടിയിലേയ്ക്ക് വരാം. ഹിൽ ടോപ്പ് വരെ വാഹനങ്ങൾ എത്തുമെന്നതിനാൽ പ്രായമായവർക്കും കുട്ടികൾക്കുമെല്ലാം ആയാസരഹിതമായി ഇവിടേയ്ക്ക് എത്തിച്ചേരാനാകും. മുകളിലെത്തിയാൽ കഫേയും ശുചിമുറിയും 3ഡി തിയേറ്ററുമെല്ലാമുണ്ട്.
പൊന്മുടിയിലേയ്ക്ക് യാത്ര പ്ലാൻ ചെയ്യുമ്പോൾ സമീപത്തുള്ള കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടം സന്ദർശിക്കാൻ മറക്കരുത്. രാവിലെ കല്ലാറിലെത്തി ഒരു കുളിയും പാസാക്കി ഉച്ചഭക്ഷണവും കഴിച്ച് പൊന്മുടിയിലേയ്ക്ക് പോകുന്നതാണ് അനുയോജ്യം. വൈകിട്ടാവുമ്പോഴേക്കും മൂടല്‍മഞ്ഞു മൂടുന്ന പൊന്മുടിയില്‍ താമസത്തിനും സൗകര്യങ്ങളുണ്ട്. രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് പൊന്മുടിയിലേയ്ക്ക് സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
എങ്ങനെ എത്താം