
സാഹസികതയും പ്രകൃതി ഭംഗിയും ഒരുപോലെ ആസ്വദിക്കാൻ ആഗ്രഹമുള്ളവർ ഏറെയാണ്. പതിവായി ബീച്ചുകളും മറ്റ് സാഹസിക ടൂറിസം കേന്ദ്രങ്ങളുമെല്ലാം എക്സ്പ്ലോർ ചെയ്യുന്നവർക്ക് ഒന്ന് പരീക്ഷിക്കാൻ പറ്റിയ ഒരു സ്പോട്ട് കർണാടകയിലുണ്ട്. അതാണ് കാർവാറിന് സമീപമുള്ള കുറുംഗാഡ് ദ്വീപ്. ആമയുടെ ആകൃതിയിൽ വെള്ളത്തിന് നടുവിൽ ഉയർന്നു നിൽക്കുന്നുവെന്നതാണ് ഇതിന്റെ സവിശേഷത. ഡോൾഫിനുകളെ നേരിൽ കാണാനും ബോട്ട് സവാരി നടത്താനുമെല്ലാം ഇവിടം അനുയോജ്യമാണ്. ഇവിടെയുള്ള നരസിംഹ ക്ഷേത്രവും പ്രശസ്തമാണ്. വിശ്രമിക്കാനും പ്രകൃതിയുടെ മടിത്തട്ടിൽ മുഴുകാനും ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി ഇവിടേയ്ക്ക് വരാം.
മീൻപിടുത്തം, ജല കായിക വിനോദങ്ങൾ, പ്രകൃതി നടത്തം, ബീച്ച് വോളിബോൾ എന്നിവയാണ് ഇവിടെ എത്തിയാൽ ചെയ്യാൻ സാധിക്കുന്ന മറ്റ് ആക്ടിവിറ്റികൾ. കടലിന്റെ 360 ഡിഗ്രി പനോരമിക് കാഴ്ചകളാണ് എടുത്തുപറയേണ്ട കാര്യം. നക്ഷത്ര നിരീക്ഷണം, സ്നോർക്കെലിംഗ്, ട്രെക്കിംഗ് എന്നിവയും ഇവിടെ ആസ്വദിക്കാം. വേനൽക്കാലവും മഴക്കാലവും ഒഴിവാക്കി ഇവിടേയ്ക്ക് യാത്ര ചെയ്യുന്നതാണ് നല്ലത്. കുറുംഗാഡ് ദ്വീപ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം മഴക്കാലത്തിന് ശേഷമാണ്. മഴക്കാലത്ത് സുരക്ഷാ കാരണങ്ങളാൽ ഇവിടേയ്ക്ക് പ്രവേശനം സാധ്യമാകണമെന്നില്ല. അതായത് സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങൾ കുറുംഗാഡ് യാത്ര പ്ലാൻ ചെയ്യാം.
കാർവാറിലെ ദേവ്ബാഗ് ബീച്ചിൽ നിന്ന് ഫെറിയിലോ ബോട്ടിലോ വേണം കുറുംഗാഡ് ദ്വീപിലേയ്ക്ക് സഞ്ചരിക്കാൻ. ദേവ്ബാഗ് ബീച്ചിൽ നിന്ന് ദ്വീപിലെത്താൻ ഏകദേശം 30 മിനിറ്റ് എടുക്കും. ഗോവ വഴിയാണ് കാർവാറിലേയ്ക്ക് വേഗത്തിൽ എത്തിച്ചേരാൻ കഴിയുക. ഏകദേശം 90 കിലോമീറ്റർ അകലെയുള്ള ഗോവ വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. മംഗലാപുരം വിമാനത്താവളം ഏകദേശം 210 കിലോമീറ്റർ അകലെയാണുള്ളത്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ മംഗലാപുരമാണ്.