
പാകിസ്ഥാനിലും പാകിസ്ഥാൻ അധിനിവേശ കശ്മീരിലും സ്ഥിതി ചെയ്യുന്ന നിരോധിത ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ ഭീകര ആസ്ഥാനങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂറിന്‍റെ ഞെട്ടലിലാണ് പാകിസ്ഥാനും ഭീകരരും. ഈ ആക്രമണത്തോടെ എല്ലാ പ്രധാന വിമാനക്കമ്പനികളും പാകിസ്ഥാന്‍റെ മുകളിലൂടെ പറക്കുന്നത് ഒഴിവാക്കിയിരിക്കുകയാണ്. എന്നാൽ ഈ സമയത്ത്, ഒരു ഒറ്റ വിമാനം രാജ്യത്തിന്റെ വ്യോമാതിർത്തിയിലൂടെ കടന്നുപോകുന്നത് ഫ്ലൈറ്റ്റാഡാർ കണ്ടെത്തി. ഈ ചിത്രങ്ങൾ വൈറലാകുകയാണ്. എത്യോപ്യയിൽ നിന്ന് പറന്ന വിമാനം ആണ് ഇതെന്നാണ് റിപ്പോർട്ടുകൾ.
പാകിസ്ഥാന്റെ വ്യോമാതിർത്തിക്ക് മുകളിലൂടെ കണ്ടെത്തിയ വിമാനം എത്യോപ്യയുടെ ETH672 ആണ് എന്നാണ് ഫ്ലൈറ്റ്റാഡാർ24 ഡാറ്റ പറയുന്നത്. എത്യോപ്യയിലെ അഡിസ് അബാബയിൽ നിന്ന് ദക്ഷിണ കൊറിയയിലെ സിയോളിലേക്ക് പറക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഫ്ലൈറ്റ്റാഡാർ24 പങ്കിട്ട ചിത്രങ്ങൾ പാകിസ്ഥാന്റെ ഏതാണ്ട് ശൂന്യമായ ആകാശം കാണിക്കുന്നു. ഇറാൻ, അറേബ്യൻ കടൽ, യുഎഇ എന്നിവിടങ്ങളിലൂടെ ഇപ്പോൾ ധാരാളം വിമാനങ്ങൾ വഴിതിരിച്ചുവിടുന്നു.
ഇന്ത്യൻ വിമാനക്കമ്പനികൾ നിരവധി വിമാനങ്ങൾ റദ്ദാക്കുകയും ശ്രീനഗർ ഉൾപ്പെടെയുള്ള ഉത്തരേന്ത്യയിലെ ചില വിമാനത്താവളങ്ങൾ അടച്ചിടുകയും ചെയ്തു. ഇൻഡിഗോയുടെ 160 ഓളം ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ഡൽഹി വിമാനത്താവളത്തിൽ വിവിധ വിമാനക്കമ്പനികളുടെ കുറഞ്ഞത് 20 വിമാനങ്ങളെങ്കിലും റദ്ദാക്കിയതായിട്ടാണ് റിപ്പോർട്ടുകൾ. നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, ജമ്മു, ശ്രീനഗർ, ലേ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നീ സ്റ്റേഷനുകളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു.
നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ധർമ്മശാല (ഡിഎച്ച്എം), ലേ (ഐഎക്‌സ്എൽ), ജമ്മു (ഐഎക്‌സ്‌ജെ), ശ്രീനഗർ (എസ്എക്‌സ്ആർ), അമൃത്‌സർ (എടിക്യു) എന്നിവയുൾപ്പെടെ ഉത്തരേന്ത്യയിലെ ചില വിമാനത്താവളങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുന്നു എന്ന് സ്‌പൈസ് ജെറ്റ് പറയുന്നു. നിലവിലുള്ള നിയന്ത്രണങ്ങൾ പാലിച്ച്, അമൃത്സർ, ജമ്മു, ശ്രീനഗർ, ഹിൻഡൺ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ ഉച്ചവരെ റദ്ദാക്കുന്നത് ഉൾപ്പെടെ, ഞങ്ങളുടെ നെറ്റ്‌വർക്കിലെ ഒന്നിലധികം വിമാനങ്ങളെ ഇത് ബാധിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ 70 ഭീകരർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം. ഒമ്പത് ഭീകരകേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങളിലാണ് ഇത്രയും ഭീകരരെ കൊലപ്പെടുത്തിയത്. ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. മസൂദ് അസ്ഹറിന്റെ സഹോദരി ഉൾപ്പെടെ 14 കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ചയാളുടെ ഭാര്യാ സഹോദരനും ആക്രമണത്തിൽ കൊല്ലപ്പെട്ട കുടുംബാംഗങ്ങളിൽ ഉൾപ്പെടുന്നുവെന്ന് പാക് മാധ്യമങ്ങള്‍ പറയുന്നു. അതേസമയം 32 പേരാണ് കൊല്ലപ്പെട്ടതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.