ഒരു ഉത്സവം കാരണം ലക്ഷങ്ങൾ യാത്ര പോകുന്നു; അമ്പരപ്പിക്കും റിപ്പോർട്ട് പുറത്ത്!

Published : Jul 11, 2026, 10:11 PM IST
Tourism, Travel, Yatra

Synopsis

ഓണം, ദീപാവലി തുടങ്ങിയ ഉത്സവങ്ങൾ ഇന്ത്യൻ യാത്രക്കാരുടെ അവധിക്കാല പ്ലാനുകളെ നിർണയിക്കുന്ന പ്രധാന ഘടകമായി മാറുന്നു. തോമസ് കുക്ക്, എസ്‌ഒടിസി ട്രാവൽ എന്നിവയുടെ റിപ്പോർട്ട് പ്രകാരം, ആഭ്യന്തര, വിദേശ യാത്രകൾക്ക് ഉത്സവകാലം വലിയ പ്രചോദനമാകുന്നു. കുടുംബങ്ങൾ ഒരുമിച്ച് യാത്ര ചെയ്ത് ആഘോഷങ്ങൾ ഓർമകളാക്കി മാറ്റുന്ന പ്രവണത വർധിച്ചുവരികയാണ്.

ത്സവങ്ങൾ ഇനി ആഘോഷങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. ഓണം, പൊങ്കൽ, നവരാത്രി, ദുർഗാപൂജ, ദീപാവലി തുടങ്ങിയ ആഘോഷങ്ങൾ ഇന്ത്യൻ യാത്രക്കാരുടെ അവധിയാത്രാ പദ്ധതികളെ നിർണയിക്കുന്ന പ്രധാന ഘടകങ്ങളായി മാറുകയാണെന്നാണ് പുതിയ വിലയിരുത്തലുകൾ. ഇന്ത്യയിലെ പ്രമുഖ ട്രാവൽ, ഫോറെക്സ് സേവനദാതാക്കളായ തോമസ് കുക്ക് ഇന്ത്യയും മുൻനിര ട്രാവൽ ആൻഡ് ടൂർ ഓപ്പറേറ്റർ കമ്പനികളിൽ ഒന്നായ എസ്‌ഒടിസി ട്രാവലും ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

ഉത്സവകാലം വലിയ യാത്രാ പ്രചോദനം

ആഭ്യന്തര വിനോദസഞ്ചാരത്തിനൊപ്പം വിദേശ യാത്രകൾക്കും ഉത്സവകാലം വലിയ പ്രചോദനമാകുന്നതായാണ് ഈ കമ്പനികളുടെ വിലയിരുത്തൽ. കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള യാത്രക്കാർ ഓണാവധിയോട് അനുബന്ധിച്ച് കൂടുതൽ യാത്രകൾ ആസൂത്രണം ചെയ്യുമ്പോൾ, തമിഴ്നാട്ടിലെ ചെന്നൈയും കോയമ്പത്തൂരും പൊങ്കൽ അവധിയെ വിനോദയാത്രകൾക്കായി പ്രയോജനപ്പെടുത്തുകയാണ്. മുംബൈ, പൂനെ എന്നിവിടങ്ങളിൽ ഗണേശ ചതുർത്ഥിയും, അഹമ്മദാബാദ്, വഡോദര എന്നിവിടങ്ങളിൽ നവരാത്രിയും, കൊൽക്കത്ത, ഭുവനേശ്വർ എന്നിവിടങ്ങളിൽ ദുർഗാപൂജയും യാത്രാ ആവശ്യകത വർധിപ്പിക്കുന്ന പ്രധാന ഉത്സവങ്ങളായി മാറിയിട്ടുണ്ട്. മൈസൂരു ദസറയും ഉത്തരേന്ത്യയിലെ ദസറ ആഘോഷങ്ങളും സമാന സ്വാധീനം ചെലുത്തുന്നതായും റിപ്പോർട്ട് പറയുന്നു.

ഉത്സവകാലത്ത് ആത്മീയ-സാംസ്‍കാരിക വിനോദസഞ്ചാരത്തിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ജന്മാഷ്ടമി ആഘോഷങ്ങളോടനുബന്ധിച്ച് വൃന്ദാവനിലേക്കും മഥുരയിലേക്കും, ദുർഗാപൂജക്കാലത്ത് കൊൽക്കത്തയിലേക്കും, ദീപാവലിയിലും ദേവ് ദീപാവലിയിലും വാരാണസിയിലേക്കും, ദസറ സമയത്ത് മൈസൂരിലേക്കും സഞ്ചാരികളുടെ ഒഴുക്ക് വർധിക്കുകയാണ്.

വിദേശ യാത്രകളിലും ഉത്സവകാലം വലിയ സ്വാധീനം ചെലുത്തുന്നു. ഇൻഡോനേഷ്യ, തായ്‌ലൻഡ്, വിയറ്റ്നാം, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ കുടുംബ യാത്രകൾക്കും ആദ്യ വിദേശയാത്രയ്ക്കും പ്രിയപ്പെട്ട കേന്ദ്രങ്ങളായി തുടരുന്നു. യൂറോപ്പിനൊപ്പം ജപ്പാൻ, ചൈന, ഈജിപ്‍ത്, ദക്ഷിണാഫ്രിക്ക, യുഎഇ എന്നിവിടങ്ങളിലേക്കും അനുഭവസമ്പന്നമായ യാത്രകൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം ഉയരുന്നതായും കമ്പനികൾ ചൂണ്ടിക്കാട്ടുന്നു.

തോമസ് കുക്ക് ഇന്ത്യയുടെ പ്രസിഡന്റ് (ഹോളിഡേസ്, എംഐസിഇ, വിസ) രാജീവ് കാലെയുടെ അഭിപ്രായത്തിൽ, ഉത്സവങ്ങൾ ഇന്ന് ഇന്ത്യൻ യാത്രാ വിപണിയുടെ ഏറ്റവും വലിയ വളർച്ചാ ഘടകങ്ങളിലൊന്നായി മാറിയിട്ടുണ്ട്. ആത്മീയ യാത്രകൾ, കുടുംബസമേതമുള്ള അവധിക്കാല ആഘോഷങ്ങൾ, വിദേശ വിനോദസഞ്ചാരം എന്നിവയ്ക്കായി ഉത്സവകാലം പരമാവധി പ്രയോജനപ്പെടുത്തുന്ന പ്രവണത ശക്തമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആഘോഷങ്ങൾക്കപ്പുറം ഒരുമിച്ച് യാത്രചെയ്ത് ഓർമകൾ സൃഷ്‍ടിക്കാനാണ് കുടുംബങ്ങൾ കൂടുതൽ താൽപര്യം കാണിക്കുന്നത് എന്ന് എസ്‌ഒടിസി ട്രാവലിന്റെ പ്രസിഡന്റ് എസ് ഡി നന്ദകുമാർ പറയുന്നു. പ്രത്യേകിച്ച് ഒന്നിലധികം തലമുറകളിലെ കുടുംബാംഗങ്ങൾ ഒരുമിച്ച് നടത്തുന്ന യാത്രകളാണ് ഉത്സവകാല ട്രാവൽ വിപണിയിലെ ഏറ്റവും ശ്രദ്ധേയമായ പുതിയ പ്രവണത എന്നാണ് റിപ്പോർട്ടുകൾ.

 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യക്കാർ ഇപ്പോൾ ഹോട്ടൽ പോലും ഒഴിവാക്കുന്നു; പുതിയ യാത്രാ ട്രെൻഡ് വൈറൽ!
"മഴക്കാലത്ത് ആരാണ് യാത്ര പോകുന്നത്? കണക്കുകൾ കണ്ടാൽ ഞെട്ടും!"