ഇന്ത്യക്കാരുടെ പുതിയ യാത്രാ ട്രെൻഡ് വൈറൽ! തിരക്കൊഴിഞ്ഞ യാത്രകളിലേക്ക് സഞ്ചാരികൾ, ഇവിടങ്ങളിലേക്ക് കൂടുതൽ പേർ

Published : Jul 11, 2026, 10:06 PM IST
woman traveler, Travel, Yatra

Synopsis

ഡിജിറ്റൽ ട്രാവൽ പ്ലാറ്റ്‌ഫോമായ അഗോഡയുടെ പുതിയ പഠനമനുസരിച്ച്, ഇന്ത്യൻ സഞ്ചാരികൾക്കിടയിൽ 'ഹഷ്‍പിറ്റാലിറ്റി' എന്ന പുതിയ യാത്രാ പ്രവണത ശക്തിപ്പെടുകയാണ്. തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒഴിവാക്കി ശാന്തതയും പ്രകൃതിയും നിറഞ്ഞ ധർമശാല, ഋഷികേശ് പോലുള്ള സ്ഥലങ്ങൾക്കാണ് ഇപ്പോൾ കൂടുതൽ ആവശ്യക്കാർ.  

തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒഴിവാക്കി ശാന്തതയും പ്രകൃതിയും നിറഞ്ഞ ലക്ഷ്യസ്ഥാനങ്ങളെയാണ് ഇപ്പോൾ കൂടുതൽ ഇന്ത്യൻ സഞ്ചാരികൾ തിരഞ്ഞെടുക്കുന്നതെന്ന് ഡിജിറ്റൽ ട്രാവൽ പ്ലാറ്റ്‌ഫോമായ അഗോഡയുടെ പഠനം. 'ഹഷ്‍പിറ്റാലിറ്റി' (Hushpitality) എന്ന പുതിയ യാത്രാ പ്രവണതയാണ് ശക്തിപ്പെടുന്നതെന്നും സമാധാനവും പതുക്കെയുള്ള ജീവിതാനുഭവങ്ങളും പ്രകൃതിയോടുള്ള അടുപ്പവുമാണ് യാത്രക്കാരെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

അഗോഡയുടെ റിപ്പോർട്ട്

ഓൺലൈൻ ട്രാവൽ പ്ലാറ്റ്ഫോമായ അഗോഡയുടെ 2026 ട്രാവൽ ഔട്ട്‌ലുക്ക് റിപ്പോർട്ട് പ്രകാരം, സർവേയിൽ പങ്കെടുത്ത ഇന്ത്യൻ യാത്രക്കാരിൽ 67 ശതമാനം പേരും വിശ്രമമാണ് യാത്രയുടെ പ്രധാന ലക്ഷ്യമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പകരം മനസിനും ശരീരത്തിനും ആശ്വാസം നൽകുന്ന സ്ഥലങ്ങളെയാണ് ഇന്ന് കൂടുതൽ പേർ തേടുന്നത്. ഇന്ത്യയിലെ ഹിമാലയൻ മേഖലയിലെ ധർമശാല, ഋഷികേശ്, ഉത്തരകാശി എന്നിവിടങ്ങളിലേക്കുള്ള താമസസൗകര്യങ്ങളുടെ ഓൺലൈൻ തിരച്ചിലിൽ കഴിഞ്ഞ വർഷത്തേക്കാൾ ഗണ്യമായ വർധനയുണ്ടായതായി അഗോഡ ചൂണ്ടിക്കാട്ടുന്നു.

ഇതിൽ ഏറ്റവും വലിയ മുന്നേറ്റം രേഖപ്പെടുത്തിയത് ധർമശാലയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇവിടെ താമസസൗകര്യങ്ങൾക്കായുള്ള തിരച്ചിൽ 154 ശതമാനം ഉയർന്നു. ടിബറ്റൻ ബുദ്ധ സംസ്‌കാരം, ധ്യാനകേന്ദ്രങ്ങൾ, വനപാതകൾ എന്നിവയ്ക്ക് പേരുകേട്ട ഈ മലനഗരം ആഭ്യന്തര-വിദേശ സഞ്ചാരികളുടെ പ്രിയകേന്ദ്രമായി തുടരുകയാണ്. 65 ശതമാനം വളർച്ചയോടെ ഋഷികേശാണ് രണ്ടാം സ്ഥാനത്ത്. യോഗ പാരമ്പര്യം, വെൽനെസ് റിട്രീറ്റുകൾ, ഗംഗാതീരത്തെ ആശ്രമങ്ങൾ എന്നിവയാണ് ഈ നഗരത്തിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. അതേസമയം, തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് മാറി ശാന്തമായ മലനിരകളുടെ അനുഭവം ആഗ്രഹിക്കുന്നവരുടെ ഇഷ്‍ടകേന്ദ്രമായി ഉത്തരകാശിയും മാറുകയാണ്. ഇവിടെ താമസസൗകര്യങ്ങൾക്കായുള്ള തിരച്ചിലിൽ 17 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെയും ഇന്ത്യൻ മഹാസമുദ്ര ദ്വീപുകളുടെയും അഗോഡ കൺട്രി ഡയറക്ടർ ഗൗരവ് മാലിക് പറയുന്നതനുസരിച്ച്, നഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് അൽപസമയം വിട്ടുനിൽക്കാനും മാനസിക വിശ്രമം നേടാനുമുള്ള യാത്രകളോടാണ് ഇന്ത്യൻ സഞ്ചാരികൾ കൂടുതൽ താൽപര്യം കാണിക്കുന്നത്. ധർമശാല, ഋഷികേശ്, ഉത്തരകാശി തുടങ്ങിയ സ്ഥലങ്ങൾ സമയം, ശാന്തത, ലാളിത്യം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന വ്യത്യസ്‍തമായ യാത്രാനുഭവമാണ് സമ്മാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഗോഡയുടെ കണ്ടെത്തലുകൾ പ്രകാരം, മികച്ച അവധിക്കാലമെന്ന ആശയത്തിനും ഇപ്പോൾ മാറ്റം സംഭവിക്കുകയാണ്. ആഘോഷങ്ങളും തിരക്കുമല്ല, മറിച്ച് ശാന്തമായ അന്തരീക്ഷം, പതുക്കെയുള്ള ജീവിതാനുഭവങ്ങൾ, ദൈനംദിന സമ്മർദങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള അവസരം എന്നിവയ്ക്കാണ് സഞ്ചാരികൾ കൂടുതൽ പ്രാധാന്യം നൽകുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഒരു ഉത്സവം കാരണം ലക്ഷങ്ങൾ യാത്ര പോകുന്നു; അമ്പരപ്പിക്കും റിപ്പോർട്ട് പുറത്ത്!
"മഴക്കാലത്ത് ആരാണ് യാത്ര പോകുന്നത്? കണക്കുകൾ കണ്ടാൽ ഞെട്ടും!"