നവീകരിച്ച ചിലക്കൂര്‍ തുരങ്കത്തിലൂടെ ബോട്ട് യാത്ര നടത്തി മുഖ്യമന്ത്രി; ആക്കുളം-ചേറ്റുവ ജലപാതയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു

Published : Feb 27, 2026, 09:52 AM IST
Chilakkoor tunnel

Synopsis

പശ്ചിമതീര കനാൽ പദ്ധതിയുടെ ഭാഗമായ ആക്കുളം-ചേറ്റുവ ജലപാതയുടെ ആദ്യഘട്ടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. നവീകരിച്ച ചരിത്രപ്രസിദ്ധമായ ചിലക്കൂർ തുരങ്കത്തിലൂടെ അദ്ദേഹം ബോട്ട് യാത്രയും നടത്തി. 

തിരുവനന്തപുരം: ആക്കുളം-ചേറ്റുവ ജലപാത വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ പശ്ചിമതീര കനാല്‍ പദ്ധതിയുടെ ഭാഗമായ ആക്കുളം-ചേറ്റുവ ജലപാതയുടെ ആദ്യഘട്ടം ഉദ്ഘാടനം വര്‍ക്കല ചിലക്കൂര്‍ ബീച്ച് പാര്‍ക്കില്‍ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ഭാഗമായി നവീകരിച്ച ചിലക്കൂര്‍ തുരങ്കത്തിലൂടെ വൈദ്യുതബോട്ടില്‍ മുഖ്യമന്ത്രിയും ജനപ്രതിനിധികളും യാത്ര ചെയ്തു.

ആക്കുളം-ചേറ്റുവ ജലപാത പിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുന്നതിലൂടെ മൾട്ടിമോഡൽ ലോജിസ്റ്റിക് ശൃംഖല ഇവിടെ വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ യൂണിറ്റുകൾ വരുന്നതോടെ ഈ മേഖലയിലെ നിക്ഷേപസാധ്യത വർധിക്കും. കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ജലപാത പൂർത്തിയാകുന്നതോടെ 616 കി മി വമ്പിച്ച ടൂറിസം സാധ്യതകളാണ് ഇവിടെ ഉണ്ടാകുന്നത്. ജലപാതയുടെ വശങ്ങളിൽ അത്യാധുനിക നിലവാരത്തിലുള്ള ബോട്ട് ജെട്ടികളും അതിനോടനുബന്ധിച്ച് ടൂറിസം ആകർഷണങ്ങളും ഒരുക്കും.

ജലപാത പൂർത്തിയാകുന്നതോടെ റോഡ് വഴിയുള്ള ചരക്ക് നീക്കത്തിൽ ഗണ്യമായ കുറവ് വരുത്താൻ സാധിക്കും. വൻകിട വ്യവസായങ്ങൾക്ക് അസംസ്കൃത വസ്തുക്കൾ എളുപ്പത്തിൽ എത്തിക്കാനും സാധിക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജലപാതയുടെ ഒന്നാംഘട്ട വികസനത്തിന് 325 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. ഇതിൽ 150 കോടി രൂപയും കിടപ്പാടം നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് ആയിരുന്നു. തടസ്സങ്ങൾ നേരിടുന്നതുകൊണ്ട് വികസന പദ്ധതികളിൽ നിന്ന് പിന്മാറുന്ന ശീലം സംസ്ഥാന സർക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു. ചരിത്ര സ്മാരകമായ ചിലക്കൂർ തുരങ്കത്തിന്റെ നവീകരണത്തോടെ പൈതൃക ടൂറിസം കേന്ദ്രമായി ഈ പ്രദേശത്തെ മാറ്റാൻ സാധിക്കും. ശ്രീനാരായണ ഗുരുദേവന്റെ ജീവിതമാണ് തുരങ്കത്തിനുള്ളിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയിൽ ഒരുക്കിയിരിക്കുന്നത് എന്നതും പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജലപാതയുമായി ബന്ധപ്പെട്ട് കിടപ്പാടം നഷ്ടപ്പെടുന്നവര്‍ക്ക് ഉടന്‍ തന്നെ പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് വര്‍ക്കല എംഎല്‍എ വി ജോയ് പറഞ്ഞു. നവീകരണത്തോടൊപ്പം ജലപാത കടന്നു പോകുന്ന സ്ഥലത്ത് വമ്പന്‍ അടിസ്ഥാന സൗകര്യവികസനമാണ് നടപ്പാക്കുന്നതെന്ന് സിയാല്‍ എംഡി എസ് സുഹാസ് ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദര്‍ശനി, വര്‍ക്കല നഗരസഭാധ്യക്ഷ ഗീത ഹേമചന്ദ്രന്‍, ശിവഗിരിയിലെ ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് സ്വാമി ശുഭാംഗാനന്ദ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചിലക്കൂര്‍ ടൂറിസം പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഒപ്പിട്ട ധാരണാപത്രം സിയാല്‍ എംഡി എസ് സുഹാസും കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ ഡയറക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണയും കൈമാറി.

ആക്കുളം-ചേറ്റുവ ജലപാത സഞ്ചാരയോഗ്യമാക്കുന്നതിലെ പ്രധാന തടസ്സമായിരുന്നു വര്‍ക്കലയിലെ ചിലക്കൂര്‍ തുരങ്കത്തിന്‍റെ നവീകരണം. ഈ പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തീകരിച്ചാണ് പാത തുറക്കുന്നത്. 2018ല്‍ സംസ്ഥാന സര്‍ക്കാരും കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും (സിയാല്‍) ചേര്‍ന്നുണ്ടാക്കിയ കേരള വാട്ടര്‍വെയ്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (ക്വില്‍) ആണ് കനാല്‍ നവീകരണ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി 579 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. 150 കോടി രൂപ മുടക്കിയാണ് ഇവർക്കുള്ള പുനരധിവാസ പദ്ധതി നടപ്പാക്കിയത്.

തിരുവിതാംകൂര്‍ രാജഭരണകാലത്ത് ചരക്ക് നീക്കത്തിനും ഗതാഗതത്തിനുമായിട്ടാണ് ജലപാത നിര്‍മ്മിച്ചത്. തിരുവനന്തപുരത്തെ വള്ളക്കടവ് മുതല്‍ വര്‍ക്കല കുന്ന് വരെ പ്രധാന കായലുകളെ ഇടയ്ക്കിടയ്ക്ക് തോടുകള്‍ വെട്ടി ബന്ധപ്പെടുത്തി 1824 ലാണ് പാര്‍വതി പുത്തനാര്‍ എന്ന ജലപാത നിര്‍മ്മിച്ചത്. തിരുവിതാംകൂറിലെ അന്നത്തെ റീജന്‍റ് ആയിരുന്ന ഗൗരി പാര്‍വതിബായിയുടെ പേരും പുതിയതായി നിര്‍മ്മിച്ചതുകൊണ്ട് പുത്തനാര്‍ എന്നും ചേര്‍ത്താണ് പാര്‍വതി പുത്തനാര്‍ എന്നു വിളിച്ചത്.

തിരുവനന്തപുരത്തു നിന്ന് വള്ളങ്ങള്‍ വര്‍ക്കല കുന്ന് വരെ വന്ന ശേഷം കാല്‍നടയായി വേണമായിരുന്നു അക്കാലത്ത് വടക്കോട്ട് ചരക്ക് നീക്കം നടത്തിയിരുന്നത്. ഇത് പരിഹരിക്കുന്നതിന് വേണ്ടി വേളി കായലിനെയും കഠിനംകുളം കായലിനെയും ബന്ധപ്പെടുത്തിക്കൊണ്ടായിരുന്നു ജലപാതയുടെ നിര്‍മ്മാണം ആരംഭിച്ചത്. തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന രാമവര്‍മയുടെ കാലത്ത് 1876ല്‍ ഇന്നത്തെ ശിവഗിരിയിലും ചിലക്കൂരിലും വര്‍ക്കല തുരപ്പ് എന്നറിയപ്പെടുന്ന രണ്ട് തുരങ്കങ്ങള്‍ നിര്‍മ്മിച്ചു. 15,000 കിലോമീറ്റളോളം ഗതാഗതയോഗ്യമായ ഉള്‍നാടന്‍ ജലപാതകളുള്ള ഇന്ത്യയില്‍ ഇന്നും തുരങ്കമുള്ള ഒരേയൊരു ജലപാത വര്‍ക്കലയിലാണ്. 722 മീറ്ററാണ് ശിവഗിരി തുരങ്കത്തിന്‍റെ നീളം. ചിലക്കൂര്‍ തുരങ്കത്തിന്‍റെ ദൈര്‍ഘ്യം 340 മീറ്ററും.

1960 വരെ തുരങ്കം ഉപയോഗത്തിലിരുന്നു. പിന്നീട് വെള്ളവും ചെളിയും നിറഞ്ഞ് ഉപയോഗശൂന്യമായി. 2006-07ൽ തുരങ്കം ശുചീകരിച്ച് ജലനിരപ്പ് ക്രമീകരിച്ച് ചെറിയ വള്ളങ്ങള്‍ക്ക് കടന്നുപോകാന്‍ പാകത്തില്‍ താല്‍ക്കാലിക സംവിധാനം ഒരുക്കി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ ശിവഗിരി തുരങ്കം വഴി ബോട്ടില്‍ സഞ്ചരിച്ചതിനെ തുടര്‍ന്ന് ഇത് നവീകരിച്ച് ഗതാഗത യോഗ്യമാക്കാമെന്ന ആശയം ഉയർന്ന് വന്നു.

2018ല്‍ സംസ്ഥാന സര്‍ക്കാര്‍ വെസ്റ്റ് കോസ്റ്റ് കനാല്‍ പദ്ധതി ആരംഭിക്കുകയും തകര്‍ന്ന കനാലുകള്‍ നവീകരിക്കുകയും ചെയ്തു. 2021 - 22ല്‍ കോവളം മുതല്‍ ബേക്കല്‍ വരെയുള്ള കനാലിന്‍റെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കി. പുനര്‍ഗേഹം പദ്ധതി പ്രകാരം ഭൂമി ഏറ്റെടുക്കല്‍, കനാല്‍ നവീകരണം, പുനരുദ്ധാരണം എന്നിവയ്ക്കായി കിഫ്ബി വഴി 2556 കോടി രൂപ അനുവദിച്ചു.

PREV
Read more Articles on
click me!

Recommended Stories

ആക്കുളം - ചേറ്റുവ ജലപാത; ഒന്നാം ഘട്ടം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ടോൾ തുക ഇനി ഇങ്ങനെ വാങ്ങില്ല; പകരം വൻ പിഴ, പുതിയ നിയമം