
ശ്രീനഗര്‍: ജമ്മു കശ്മീരിലേക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പ്. സോജില പാസ് അടക്കം ഉയർന്ന പ്രദേശങ്ങളിലേക്കുള്ള യാത്ര ഈ മാസം 20 മുതൽ 22 വരെ ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. കനത്ത മഞ്ഞുവീഴ്ചയും മഴയ്ക്കും സാധ്യതയുള്ളതിനാൽ യാത്ര ഒഴിവാക്കാനാണ് നിർദ്ദേശം.
പല പ്രദേശങ്ങളിലും താപനില കുറയുന്ന സാഹചര്യമാണ് കശ്മീർ താഴ്‌വരയിൽ നിലനിൽക്കുന്നത്. ഇതിനാൽ ശീതക്കാറ്റിന്റെ ശക്തി കുറയാൻ സാധ്യതയില്ല. എന്നിരുന്നാലും, കാലാവസ്ഥ പ്രതികൂലമായിരുന്നിട്ടും മഞ്ഞുവീഴ്ച പ്രതീക്ഷിച്ച് വിനോദസഞ്ചാരികൾ താഴ്‌വരയിലേക്ക് ഒഴുകിയെത്തുകയാണ്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, ശ്രീനഗർ, പഹൽഗാം, ഗുൽമാർഗ് എന്നിവിടങ്ങളിൽ ഡിസംബർ 14നെ അപേക്ഷിച്ച് കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കശ്മീരിലെ പല പ്രദേശങ്ങളിലും കുറഞ്ഞ താപനില 1°C മുതൽ 3°C വരെയായി കുറഞ്ഞിട്ടുണ്ട്. പകൽ സമയത്ത് പരമാവധി താപനില 8°C മുതൽ 16°C വരെയാണെന്നത് മാത്രമാണ് ചെറിയ ആശ്വാസം നൽകുന്നത്.
തണുപ്പ് ഏറി വരുന്ന സാഹചര്യമായിട്ടും വിനോദസഞ്ചാരികളുടെ വരവിനെ അത് ബാധിച്ചിട്ടില്ല. ശ്രീനഗറിൽ നിന്നുള്ള ദൃശ്യങ്ങളിൽ തണുപ്പ് കാരണം ദാൽ തടാകത്തിന് സമീപമുള്ള തെരുവുകൾ മൂടൽമഞ്ഞിൽ മുങ്ങിക്കിടക്കുന്നത് കാണാം. കശ്മീർ താഴ്‌വരയിലുടനീളമുള്ള തണുപ്പ് കാരണം വരും ദിവസങ്ങളിൽ ടൂറിസം സ്ഥിരതയോടെ തുടരാനാണ് സാധ്യതയെന്ന വിലയിരുത്തലിലാണ് അധികൃതർ.