
അന്താരാഷ്ട്ര യാത്രകൾ പ്ലാൻ ചെയ്യുന്നവരുടെ, പ്രത്യേകിച്ച് ഇന്ത്യക്കാരുടെ ബക്കറ്റ് ലിസ്റ്റിൽ ഉള്ള രാജ്യമാണ് ഓസ്ട്രേലിയ. ക്രിക്കറ്റിനോടുള്ള സ്നേഹത്തിലുപരിയായി അതിശയിപ്പിക്കുന്ന പ്രകൃതി സൗന്ദര്യവും ബീച്ചുകളും സംസ്കാരവും പ്രധാന ഇന്ത്യൻ നഗരങ്ങളിൽ നിന്നുള്ള വിമാന സർവീസുകളുമെല്ലാം തന്നെ ഓസ്ട്രേലിയയെ ഇന്ത്യക്കാരുടെ അവധിക്കാല ഡെസ്റ്റിനേഷനാക്കി മാറ്റുന്നു. ഒരു ഓസ്ട്രേലിയൻ യാത്രയ്ക്ക് വേണ്ടിവരുന്ന ചെലവ്, രേഖകൾ, താമസ കാലയളവ് തുടങ്ങി അറിയേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഓസ്ട്രേലിയൻ ടൂറിസ്റ്റ് വിസ (സബ്ക്ലാസ് 600) ഇന്ത്യൻ സഞ്ചാരികൾക്ക് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദർശിക്കാനും ക്രൂയിസുകൾ ഉൾപ്പെടെ ഒരു വിനോദസഞ്ചാരിയായി രാജ്യം പര്യവേക്ഷണം ചെയ്യാനും 3 മാസം വരെ പഠിക്കാനുമെല്ലാം അനുവാദം നൽകുന്നു. എന്നാൽ, ഈ വിസയിൽ നിങ്ങൾക്ക് ജോലി ചെയ്യാൻ കഴിയില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. അതേസമയം, നിങ്ങൾ ഒരു ക്രൂയിസിൽ ആണെങ്കിൽ പോലും വിസ ആവശ്യമാണ്. റൗണ്ട് ട്രിപ്പ് ക്രൂയിസുകൾക്ക്, കടലിൽ നിങ്ങൾ ചെലവഴിക്കുന്ന സമയം ഓസ്‌ട്രേലിയയിൽ ചെലവഴിച്ച സമയമായി കണക്കാക്കുകയും ചെയ്യും.
ടൂറിസ്റ്റ് വിസ ഒരു താത്ക്കാലിക വിസയാണ്. അതിനാൽ തന്നെ ടൂറിസ്റ്റ് വിസ ഉപയോഗിച്ച് ഓസ്ട്രേലിയയിൽ എത്ര നാൾ തങ്ങാൻ കഴിയുമെന്നത് നിങ്ങളുടെ ആപ്ലിക്കേഷനെ ആശ്രയിച്ചിരിക്കും. ഓസ്‌ട്രേലിയയിലേക്കുള്ള മിക്ക ടൂറിസ്റ്റ് വിസകളും 3 മാസത്തേക്കാണ് ലഭിക്കുക. ചില പ്രത്യേക സാഹചര്യങ്ങളിൽ, നിങ്ങൾക്ക് 12 മാസം വരെ കാലാവധി ലഭിച്ചേക്കാം. വിസ സിംഗിൾ എൻട്രി അല്ലെങ്കിൽ മൾട്ടിപ്പിൾ എൻട്രി ആയിരിക്കാം. മൾട്ടിപ്പിൾ എൻട്രി വിസ ഉപയോഗിച്ച്, വിസയ്ക്ക് സാധുതയുള്ളിടത്തോളം കാലം നിങ്ങൾക്ക് ഓസ്‌ട്രേലിയയിൽ നിന്ന് പുറത്ത് പോയതിന് ശേഷം വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കാൻ സാധിക്കും.
ടൂറിസ്റ്റ് വിസയ്ക്ക് ഏകദേശം 200 ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 11,000 – 12,000 രൂപ) അപേക്ഷ ഫീസ് ആവശ്യമായി വരും. ആരോഗ്യ പരിശോധനകൾ, പൊലീസ് സർട്ടിഫിക്കറ്റുകൾ, ബയോമെട്രിക്സ് തുടങ്ങിയ അധിക ചെലവുകളും കരുതണം.
ImmiAccount വഴി ഓസ്ട്രേലിയൻ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാം. വിസ ചാർജുകൾ ഓൺലൈനായി അടയ്ക്കുകയും വേണം.