
കേരളത്തിന്റെ സ്വന്തം അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ അതിശയിപ്പിക്കുന്ന ഭംഗി ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ, അതിരപ്പിള്ളിയോട് കിടപിടിക്കുന്ന, സുന്ദരവും സുരക്ഷിതവുമായ മറ്റൊരു വെള്ളച്ചാട്ടം തമിഴ്നാട്ടിലുണ്ട്. തിരുവനന്തപുരത്ത് നിന്ന് വെറും 55 കി.മീ മാത്രം യാത്ര ചെയ്താൽ ഇവിടെ എത്താം. കന്യാകുമാരിക്കാരുടെ അതിരപ്പിള്ളി എന്നറിയപ്പെടുന്ന തൃപ്പരപ്പ് വെള്ളച്ചാട്ടം ഒന്ന് കാണേണ്ട കാഴ്ച തന്നെയാണ്. ഏകദേശം 50 അടി ഉയരത്തിൽ നിന്നാണ് വെള്ളം താഴേയ്ക്ക് പതിക്കുന്നത്.
കേരള - തമിഴ്നാട് അതിര്‍ത്തിയായ വെള്ളറടയിൽ നിന്ന് വെറും 8 കി.മീ മാത്രമാണ് ഇവിടേയ്ക്കുള്ള ദൂരം. സുരക്ഷിതമായി കുളിക്കാമെന്നതാണ് തൃപ്പരപ്പിന്റെ പ്രധാന സവിശേഷത. വസ്ത്രം മാറാനും വിശ്രമിക്കാനുമെല്ലാം ഇവിടെ സൗകര്യങ്ങളുണ്ട്. കൽമണ്ഡപം, സ്വിമ്മിംഗ് പൂൾ, കുട്ടികളുടെ പാര്‍ക്ക്, ബോട്ടിംഗ് തുടങ്ങി ഒരു കംപ്ലീറ്റ് പാക്കേജാണ് തൃപ്പരപ്പ്.
ഈ വെള്ളച്ചാട്ടത്തിന്റെ മുകളിലേയ്ക്കും പോകാൻ കഴിയും. മുകളിലെത്തിയാൽ പരന്ന് കിടക്കുന്ന പാറയ്ക്ക് മുകളിലൂടെ ഒഴുകുന്ന വെള്ളത്തിൽ കുളിക്കാം. ഇവിടെ നിന്നാണ് വെള്ളം പാൽ പോലെ നുരഞ്ഞ് പതഞ്ഞ് താഴേയ്ക്ക് വീഴുന്നത്. താമ്രഭരണി നദിയിലാണ് തൃപ്പരപ്പ് വെള്ളച്ചാട്ടമുള്ളത്. ഈ നദിയുടെ കരയിലുള്ള ശിവക്ഷേത്രം ഏറെ പ്രസിദ്ധമാണ്. ചുറ്റും പച്ച പുതച്ച പ്രകൃതി കൂടിയാകുമ്പോൾ കാഴ്ചകൾ അതിമനോഹരം. തൃപ്പരപ്പിലെത്തുന്നവര്‍ക്ക് മാത്തൂര്‍ തൊട്ടിപ്പാലവും പത്മനാഭപുരം കൊട്ടാരവും ചിതറാൽ ജൈന ക്ഷേത്രവുമെല്ലാം സന്ദര്‍ശിക്കാം.