
റിമോട്ട് ജോലി ചെയ്യുന്നവർക്കും ഡിജിറ്റൽ നോമാഡുകൾക്കും കൂടുതൽ അവസരങ്ങൾ ഒരുക്കി തായ്‌വാൻ. 2025-ൽ ആരംഭിച്ച ആറ് മാസത്തെ ഡിജിറ്റൽ നോമാഡ് വിസ പദ്ധതിയുടെ കാലാവധി 2026 ജനുവരി മുതൽ രണ്ട് വർഷമായി ദീർഘിപ്പിച്ചു. കിഴക്കൻ ഏഷ്യയിൽ താമസിച്ചുകൊണ്ട് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് ഈ പുതിയ തീരുമാനം വലിയ അവസരമാണ്. പുതിയ സംവിധാനപ്രകാരം ആദ്യം ആറ് മാസത്തേക്കാണ് വിസ അനുവദിക്കുക. തുടർന്ന് മൂന്ന് തവണ കൂടി ആറ് മാസം വീതം പുതുക്കാൻ കഴിയും. ഇതോടെ ആകെ രണ്ട് വർഷം വരെ തായ്‌വാനിൽ താമസിച്ച് ജോലി ചെയ്യാൻ അവസരം ലഭിക്കും.
അന്താരാഷ്ട്ര കമ്പനികളിൽ റിമോട്ട് ജോലി ചെയ്യുന്നവർക്കും വിദേശ ബിസിനസ് ഉടമകൾക്കുമാണ് ഡിജിറ്റൽ നോമാഡ് വിസയ്ക്ക് അപേക്ഷിക്കാൻ സാധിക്കുക. അപേക്ഷകരുടെ പ്രായം അനുസരിച്ച് വരുമാന മാനദണ്ഡവും നിശ്ചയിച്ചിട്ടുണ്ട്. 20 മുതൽ 29 വയസ് വരെയുള്ളവർക്ക് വർഷത്തിൽ കുറഞ്ഞത് 20,000 യുഎസ് ഡോളർ വരുമാനം ഉണ്ടായിരിക്കണം. 30 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് 40,000 യുഎസ് ഡോളർ വാർഷിക വരുമാനമാണ് നിർബന്ധം. ഇതിന് പുറമെ കഴിഞ്ഞ ആറുമാസക്കാലം ബാങ്ക് അക്കൗണ്ടിൽ ശരാശരി 10,000 യുഎസ് ഡോളർ ബാലൻസ് ഉണ്ടായിരുന്നതിന്റെ രേഖ, റിമോട്ട് ജോലി ചെയ്യുന്നുവെന്ന തെളിവ്, അന്താരാഷ്ട്ര ആരോഗ്യ ഇൻഷുറൻസ് എന്നിവയും ഹാജരാക്കണം.
ഡിജിറ്റൽ നോമാഡ് വിസയ്ക്കുള്ള അപേക്ഷ ഓൺലൈനായി ലഭിക്കും. എന്നാൽ അപേക്ഷ ഫോം പ്രിന്റ് ചെയ്ത് ഒപ്പുവെച്ച ശേഷം സമീപത്തെ തായ്‌വാൻ എംബസിയിൽ സമർപ്പിക്കണം. അപേക്ഷ പരിശോധിക്കാൻ സാധാരണയായി ഏഴ് മുതൽ പത്ത് ദിവസം വരെ സമയമെടുക്കും. വിദേശത്ത് നിന്ന് എത്തുന്ന റിമോട്ട് ജോലിക്കാർക്ക് സൗകര്യമൊരുക്കാൻ പ്രത്യേക കോ-വർക്കിംഗ് സ്പേസുകളും കമ്മ്യൂണിറ്റി ഓഫീസുകളും തായ്‌വാൻ സർക്കാർ ഒരുക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
ഡിജിറ്റൽ നോമാഡ് വിസയ്ക്ക് പുറമെ മൂന്ന് വർഷത്തെ 'ഗോൾഡ് കാർഡ്' പദ്ധതിയും തായ്‌വാൻ നടപ്പിലാക്കുന്നുണ്ട്. വർക്ക് പെർമിറ്റ്, റെസിഡന്റ് വിസ, റീ-എൻട്രി പെർമിറ്റ് എന്നിവ ഒറ്റ കാർഡിലൂടെ ലഭിക്കുന്ന സംവിധാനമാണിത്. വിദ്യാഭ്യാസം, ബയോടെക്‌നോളജി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന വിദഗ്ധർക്കാണ് പ്രധാനമായും ഈ വിസ ലഭിക്കുക. സ്ഥിരതാമസം ലക്ഷ്യമിടുന്നവർക്ക് ഗോൾഡ് കാർഡ് കൂടുതൽ പ്രയോജനകരമാണ്. മൂന്ന് വർഷത്തിന് ശേഷം സ്ഥിരതാമസത്തിന് അപേക്ഷിക്കാനും കുടുംബാംഗങ്ങളെ ആശ്രിതരായി കൊണ്ടുപോകാനും ഈ പദ്ധതിയിൽ അവസരമുണ്ട്. റിമോട്ട് ജോലിക്കാരെ ആകർഷിക്കാൻ ഏഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള മത്സരം ശക്തമാകുന്നതിനിടെയാണ് തായ്‌വാന്റെ പുതിയ തീരുമാനം. തായ്‌ലൻഡ്, ഫിലിപ്പീൻസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും സമീപകാലത്ത് സമാനമായ ഡിജിറ്റൽ നോമാഡ് വിസ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.