
ഓരോ രാജ്യത്തെയും ജനങ്ങളും സംസ്കാരവുമെല്ലാം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് ഇന്ത്യയിലെ സംസ്കാരമായിരിക്കില്ല അമേരിക്കയിലേത്. ഭക്ഷണത്തിലും ഭാഷയിലും പെരുമാറ്റത്തിലുമെല്ലാം ഈ വ്യത്യാസങ്ങൾ പ്രകടമായിരിക്കും. ഇക്കാര്യങ്ങൾ ശരിയാണെന്ന് അടിവരയിടുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് അമേരിക്ക സന്ദർശിക്കുമ്പോൾ താൻ അനുഭവിച്ച ചില സാംസ്കാരികപരമായ ഞെട്ടലുകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് വിദേശ ട്രാവൽ വ്ലോഗറായ ബെൻ.
ബെൻ ഒരു സാലഡ് പോലെ തോന്നിക്കുന്ന വിഭവം കഴിക്കുന്ന രംഗത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ‘സോസ് ഇല്ല. ഫ്ലേവർ എവിടെ?!’ എന്നാണ് ബെൻ ചോദിക്കുന്നത്. ചില അമേരിക്കൻ ഭക്ഷണങ്ങളെ സ്പൈസിയായ ഇന്ത്യൻ വിഭവങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അവയുടെ രുചി കുറവാണെന്ന് മനോഹരമായി സൂചിപ്പിക്കുകയാണ് ബെൻ. അടുത്തതായി, അമേരിക്കയിലെ ട്രെയിനുകളിൽ കിടക്കാനുള്ള സൗകര്യങ്ങളൊന്നും കാണാത്തതിൽ അദ്ദേഹം ഞെട്ടുന്നുണ്ട്. കാരണം, ഇന്ത്യയിൽ സ്ലീപ്പർ ട്രെയിനുകളിൽ ദീർഘദൂര യാത്രകളിൽ വിശ്രമിക്കാനോ ഉറങ്ങാനോ യാത്രക്കാർക്ക് പ്രത്യേക ബെർത്തുകൾ ഉണ്ടെന്നത് തന്നെ കാരണം. അതിനുശേഷം, ബെൻ ഒരു റൈസ് കുക്കറിന്റെ വിലപേശാൻ ശ്രമിക്കുന്നത് കാണാം. എന്നാൽ, ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി വിലയിൽ മാറ്റമുണ്ടാകില്ലെന്നും വിലപേശൽ നടക്കില്ലെന്ന് അറിഞ്ഞപ്പോൾ ബെൻ വീണ്ടും ഞെട്ടുകയാണ്.
ഇന്ത്യയെ അപേക്ഷിച്ച് അമേരിക്കയിൽ റോഡ് മുറിച്ചുകടക്കുന്നത് എളുപ്പമാണെന്ന് ബെൻ പറയുന്നുണ്ട്. കാരണം പലപ്പോഴും അവിടെ നിയമങ്ങൾ ലംഘിക്കാറില്ലെന്നാണ് ബെൻ പറയുന്നത്. മറ്റൊരു ഘട്ടത്തിൽ ‘യുഎസിൽ ഏതൊക്കെ പ്രാദേശിക ഭാഷകളുണ്ട്?’ എന്ന് ബെൻ ചോദിക്കുന്നത് കാണാം. ‘ഒരേയൊരു ഭാഷ മാത്രമേ ഉള്ളൂ’ എന്ന് മനസ്സിലാക്കിയപ്പോൾ ഇന്ത്യയിൽ ധാരാളം ഭാഷകളുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അമേരിക്കക്കാർ അത്ര സൗഹൃദപരമല്ലെന്നും ബെൻ പറയുന്നുണ്ട്.
അതേസമയം, അമേരിക്കയിൽ കാറുകൾ വളരെ അപൂർവമായി മാത്രമേ ഹോൺ മുഴക്കുന്നുള്ളൂവെന്നും റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്ന കാൽനടയാത്രക്കാർക്കായി വാഹനങ്ങൾ നിർത്തിയിടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നിരവധിയാളുകളാണ് വീഡിയോയ്ക്ക് താഴെ ബെന്നിന്റെ നിരീക്ഷണങ്ങളെ കുറിച്ച് കമന്റുകളുമായി എത്തുന്നത്. ഭൂരിഭാഗം ആളുകളും ബെന്നിന്റെ നിരീക്ഷണങ്ങളെ അഭിനന്ദിക്കുകയാണ് ചെയ്യുന്നത്. ഏതായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.