പൊള്ളുന്ന ചൂടിൽ നിന്ന് ഒരു 'എസ്കേപ്പ്' വേണം, ചെലവും കുറവ്; കൂട്ടത്തോടെ ഏറ്റവും കൂടുതൽ നേപ്പാളിലേക്ക് ഒഴുകിയെത്തിയത് ഇന്ത്യക്കാർ

Published : Jul 04, 2026, 01:27 PM IST
Nepal

Synopsis

നേപ്പാള്‍ ടൂറിസം ബോര്‍ഡിന്റെ കണക്കനുസരിച്ച്, ജൂണ്‍ മാസത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ വിനോദസഞ്ചാരികള്‍ എത്തിയത് ഇന്ത്യയില്‍ നിന്നാണ്. കനത്ത ചൂട്, കുറഞ്ഞ യാത്രാ ചെലവ്, മികച്ച ടൂറിസം പ്രമോഷനുകള്‍ എന്നിവയാണ് ഇന്ത്യക്കാരെ നേപ്പാളിലേക്ക് ആകര്‍ഷിച്ച പ്രധാന ഘടകങ്ങള്‍.

കനത്ത ചൂടില്‍ നിന്ന് രക്ഷ നേടാനും അവധിക്കാലം ആഘോഷിക്കാനും ഇന്ത്യക്കാര്‍ കൂടുതലായി തിരഞ്ഞെടുത്തത് അയല്‍രാജ്യമായ നേപ്പാളിനെ. നേപ്പാള്‍ ടൂറിസം ബോര്‍ഡ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ജൂണ്‍ മാസത്തില്‍ നേപ്പാളിലെത്തിയ വിദേശ വിനോദസഞ്ചാരികളില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. ജൂണില്‍ മാത്രം 41,809 ഇന്ത്യക്കാരാണ് വിമാനമാര്‍ഗം നേപ്പാളില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇത് 32,662 ആയിരുന്നു. അതായത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 28 ശതമാനത്തിന്റെ വര്‍ധന. ജൂണ്‍ മാസത്തില്‍ വിമാനമാര്‍ഗം നേപ്പാളിലെത്തിയ ആകെ വിദേശികളുടെ എണ്ണം 91,363 ആണ്.

ജൂണ്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം ഇന്ത്യ കഴിഞ്ഞാല്‍ അമേരിക്കയില്‍ നിന്നാണ് കൂടുതല്‍ സഞ്ചാരികള്‍ എത്തിയത് (11,836). മൂന്നാം സ്ഥാനത്ത് ചൈനയാണ് (9,995). ബംഗ്ലാദേശ് (4,322), ബ്രിട്ടന്‍ (2,500) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ മൊത്തം 6,20,426 വിദേശ സഞ്ചാരികളാണ് നേപ്പാള്‍ സന്ദര്‍ശിച്ചത്. 2025-നെ അപേക്ഷിച്ച് 7 ശതമാനമാണ് വര്‍ധനവ്.

എന്തുകൊണ്ട് ഇന്ത്യക്കാര്‍ നേപ്പാളിലേക്ക് ഇത്രയധികം ആകര്‍ഷിക്കപ്പെടുന്നത്?

കടുത്ത ചൂടും അവധിയും: ഇന്ത്യന്‍ നഗരങ്ങളിലെ ചുട്ടുപൊള്ളുന്ന ചൂടും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നീണ്ട അവധിക്കാലവും നേപ്പാള്‍ യാത്രയ്ക്ക് ആളുകളെ പ്രേരിപ്പിച്ചു.

ചെലവ് കുറഞ്ഞ യാത്ര: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളും തുടര്‍ന്നുള്ള ഉയര്‍ന്ന വിമാന നിരക്കും കാരണം, കുറഞ്ഞ ചെലവില്‍ എളുപ്പത്തില്‍ പോയിവരാവുന്ന നേപ്പാളിനെ ഇന്ത്യക്കാര്‍ കൂടുതലായി ആശ്രയിച്ചു.

കൂടാതെ നേപ്പാള്‍ ടൂറിസം വകുപ്പിന്റെ മികച്ച പ്രമോഷനുകള്‍, വിപുലമായ സോഷ്യല്‍ മീഡിയ ക്യാംപെയിനുകള്‍, ഇന്ത്യന്‍ ട്രാവല്‍ വ്‌ലോഗര്‍മാരും ഇന്‍ഫ്‌ലുവന്‍സര്‍മാരും തയ്യാറാക്കിയ യാത്രാ വീഡിയോകള്‍ എന്നിവയും സഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്.

റോഡ് മാര്‍ഗവും വന്‍തിരക്ക്

വിമാനമാര്‍ഗം എത്തിയവരുടെ കണക്കുകള്‍ക്ക് പുറമെ, റോഡ് മാര്‍ഗവും നിരവധി ഇന്ത്യക്കാര്‍ ഈ വര്‍ഷം നേപ്പാളിലെത്തിയിട്ടുണ്ട്. സ്വന്തം വാഹനങ്ങളില്‍ തീര്‍ഥാടനത്തിനും കാഴ്ചകള്‍ കാണാനും സാഹസിക യാത്രകള്‍ക്കുമായി പോഖ്റ, മുക്തിനാഥ്, ഗാന്ദ്രുക്ക് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ആളുകള്‍ പ്രധാനമായും എത്തിയത്.

PREV
Read more Articles on
click me!

Recommended Stories

യാത്രികർക്ക് കോളടിച്ചു, പുതിയൊരു സർവീസുമായി ഇവിഎ എയർ; തായ്പെയിൽ നിന്ന് ഡൽഹിയിലേക്ക് നേരിട്ടുള്ള സർവീസ്
വിമാന ടിക്കറ്റ് നിരക്കിൽ വൻ മാറ്റം! ഈ യാത്രികരെ നെഞ്ചോട് ചേർത്ത് ഇൻഡിഗോ