ഉത്തരേന്ത്യൻ ക്ഷേത്രങ്ങൾ സന്ദര്‍ശിക്കാൻ അവസരമൊരുക്കി ഇന്ത്യൻ റെയിൽവേ; 'ഹോളി കാശി' ടൂര്‍ പാക്കേജിന്റെ വിവരങ്ങൾ

Published : Oct 21, 2025, 11:39 AM IST
Holy Kashi tour

Synopsis

വാരണാസി, പ്രയാഗ്‌രാജ്, അയോധ്യ, ബോധ് ഗയ എന്നിവിടങ്ങളിലേക്ക് പുതിയ ‘ഹോളി കാശി’ ടൂർ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് ഐആർസിടിസി. നവംബര്‍ 18നാണ് യാത്ര ആരംഭിക്കുക. 

 ദില്ലി: വടക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ ആ​ഗ്രഹിക്കുന്നവർക്കായി ‘ഹോളി കാശി’ ടൂർ പാക്കേജ് അവതരിപ്പിച്ച് ഐആർസിടിസി. വാരണാസി (ഉത്തർപ്രദേശ്), പ്രയാഗ്‌രാജ് (ഉത്തർപ്രദേശ്), അയോധ്യ (ഉത്തർപ്രദേശ്), ബോധ് ഗയ (ബീഹാർ) എന്നിവയാണ് പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വടക്കേ ഇന്ത്യയിലെ പുരാതന ക്ഷേത്രങ്ങൾ, പഴയ ഘട്ടുകൾ, ബുദ്ധ തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവയും യാത്രക്കാർക്ക് സന്ദർശിക്കാൻ അവസരമുണ്ടാകും. വിമാന ടിക്കറ്റുകൾ, താമസ സൗകര്യം, ഗൈഡിന്റെ സേവനം എന്നിവയും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ 18 ന് കോയമ്പത്തൂരിൽ നിന്നാണ് യാത്രയ്ക്ക് തുടക്കമാകുക. നവംബർ 23 വരെ (അഞ്ച് രാത്രികളും ആറ് പകലും) പര്യടനം നടക്കും.

 

വാരണാസി (കാശി) — കാശി വിശ്വനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാരണാസിയാണ് ടൂറിന്റെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം. സന്ദർശകർക്ക് വൈകുന്നേരത്തെ ഗംഗാ ആരതിയിൽ പങ്കെടുക്കാം. പുലർച്ചെ ബോട്ട് സവാരി നടത്താം. പുരാതനമായ പാതകളിലൂടെ ​ഗൈഡിനൊപ്പം നടന്ന് വാരണാസിയുടെ കാഴ്ചകളും രുചികളും ആസ്വദിക്കാനും അവസരമുണ്ട്.

പ്രയാഗ്‌രാജ് — ഈ വർഷം ആദ്യം കുംഭമേള നടന്ന ത്രിവേണി സംഗമത്തിന് (ഗംഗ, യമുന, പുരാണ സരസ്വതി എന്നിവയുടെ സംഗമസ്ഥാനം) പേരുകേട്ട സ്ഥലമാണിത്. ആചാരപരമായ സ്നാനമാണ് പ്രയാഗ്‌രാജിന്റെ പ്രധാന ആകർഷണം. നഗരത്തിന്റെ ചരിത്രപരവും മതപരവുമായ പ്രാധാന്യം അറിയാനും യാത്രക്കാർക്ക് അവസരമുണ്ടാകും.

അയോധ്യ - രാമക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന കേന്ദ്രമാണ് അയോധ്യ. അയോധ്യ സെഗ്‌മെന്റാണ് പലപ്പോഴും ടൂറുകളുടെ കേന്ദ്രബിന്ദു. രാമായണ കഥ വിവരിക്കുന്ന ക്ഷേത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.

ബോധ് ഗയ — ഒരു പ്രധാന ബുദ്ധമത തീർത്ഥാടന കേന്ദ്രമാണ് ബോധ് ഗയ. ഗൗതമ ബുദ്ധൻ ബോധിവൃക്ഷത്തിൻ കീഴിൽ ജ്ഞാനോദയം നേടിയത് ഇവിടെയാണ്. മഹാബോധി ക്ഷേത്ര സമുച്ചയത്തിലും ധ്യാന സ്ഥലങ്ങളിലുമാണ് ടൂർ കേന്ദ്രീകരിച്ചിരിക്കുന്നത്.

എങ്ങനെ ബുക്ക് ചെയ്യാം

ഐആർസിടിസി ടൂർ പാക്കേജുകൾക്കുള്ള ബുക്കിംഗുകൾ ഔദ്യോഗിക ഐആർസിടിസി ടൂറിസം പോർട്ടൽ വഴി നടത്താം. കാശിയുടെയും അനുബന്ധ തീർത്ഥാടന സർക്യൂട്ടുകളുടെയും ജനപ്രീതി കണക്കിലെടുക്കുമ്പോൾ ടിക്കറ്റുകൾ വേഗത്തിൽ വിറ്റുതീരാനുള്ള സാധ്യതയുണ്ട്. 39,750 രൂപ മുതലാണ് യാത്ര നിരക്കുകൾ ആരംഭിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

കനത്ത മഞ്ഞുവീഴ്ച, മഴയ്ക്കും സാധ്യത; കശ്മീരിലേയ്ക്ക് യാത്ര ചെയ്യുന്ന സഞ്ചാരികൾക്ക് മുന്നറിയിപ്പ്
ക്രിസ്തുമസ് - പുതുവത്സര പാക്കേജുമായി കെ.എസ്.ആര്‍.ടി.സി; പോക്കറ്റ് കാലിയാക്കാതെ യാത്ര പോകാം!