
കോഴിക്കോട്: കേരള ടൂറിസത്തിന്റെയും സോഷ്യല്‍ മീഡിയയുടെയും മാര്‍ക്കറ്റിംഗ് പ്രചാരണങ്ങളിലൂടെ മിഡില്‍ ഈസ്റ്റില്‍ ആയുര്‍വേദത്തിന് വലിയ സ്വാധിനം ചെലുത്താനായിട്ടുണ്ടെന്ന് പ്രഥമ അന്താരാഷ്ട്ര ആയുര്‍വേദ ആന്‍ഡ് വെല്‍നസ് കോണ്‍ക്ലേവിലെ വിദേശ പ്രതിനിധികള്‍. സൗദി അറേബ്യയില്‍ നിന്നും ബഹ്റൈനില്‍ നിന്നുമുള്ള പ്രതിനിധികളാണ് ഇതിനെക്കുറിച്ച് സംസാരിച്ചത്. ആയുര്‍വേദ പ്രമോഷന്‍ സൊസൈറ്റി (എപിഎസ്) ടൂറിസം വകുപ്പുമായും ടൂറിസം, ആരോഗ്യ സംഘടനകളുമായും സഹകരിച്ചാണ് ഫെബ്രുവരി 2, 3 തീയതികളില്‍ കോഴിക്കോട്ട് ആയുര്‍വേദ കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.
ആയുര്‍വേദ-വെല്‍നസ് ടൂറിസം മേഖലയിലെ മുന്‍നിരക്കാരായി കേരളത്തെ പ്രദര്‍ശിപ്പിക്കുന്ന കോണ്‍ക്ലേവില്‍ ഏകദേശം 34 രാജ്യങ്ങളില്‍ നിന്നുള്ള 125-ലധികം പ്രതിനിധികളാണ് പങ്കെടുത്തത്. റഷ്യയില്‍ നിന്നാണ് കൂടുതല്‍ വിദേശ പ്രതിനിധികള്‍ എത്തിയത്, 22 പേര്‍. ജര്‍മ്മനിയില്‍ നിന്ന് 14 പ്രതിനിധികള്‍ പങ്കെടുത്തു.
കേരള ടൂറിസത്തിന്റെ വെബ്സൈറ്റിലൂടെയും മറ്റ് സോഷ്യല്‍ മീഡിയ കാമ്പയിനുകളിലൂടെയുമാണ് ആയുര്‍വേദത്തെക്കുറിച്ച് അറിഞ്ഞതെന്ന് സൗദി അറേബ്യയില്‍ നിന്നുള്ള പ്രശസ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ നോറ അല്‍ ഖാസിം പറഞ്ഞു. ആയുര്‍വേദത്തെക്കുറിച്ചുള്ള വിപുലമായ വിവരങ്ങള്‍ വെബ്സൈറ്റിലുണ്ട്. സൗദി പൗരന്മാര്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ ഇതിലൂടെയാകുന്നു. സൗദി അറേബ്യയിലെ ആളുകള്‍ ആയുര്‍വേദത്തിന്റെ രോഗശാന്തി ശേഷി തിരിച്ചറിഞ്ഞതോടെ അതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ടെന്ന വിവരവും അവര്‍ പങ്കുവച്ചു.
ടിക് ടോക്കിലെ സെന്‍സേഷനായ നോറക്ക് സ്‌നാപ്ചാറ്റില്‍ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. നോറ ആദ്യമായിട്ടാണ് കേരളത്തില്‍ വരുന്നത്. കോണ്‍ക്ലേവ് വിജ്ഞാനപ്രദവും സഹായകരവുമായിരുന്നുവെന്ന് പറഞ്ഞ നോറ ആയുര്‍വേദത്തിലെ പുനരുജ്ജീവന ചികിത്സകളെക്കുറിച്ച് കൂടുതലറിയാന്‍ ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കി.
ഭൂമിശാസ്ത്രപരമായി ചെറിയ സമൂഹമായ ബഹ്റൈനില്‍ ആയുര്‍വേദ കേന്ദ്രങ്ങള്‍ അഭിവൃദ്ധി പ്രാപിക്കുന്നുണ്ടെന്ന് ബഹ്റൈന്‍ ആസ്ഥാനമായ ട്രാവല്‍ ഏജന്റ് മുഹമ്മദ് അലമ്മദി ചൂണ്ടിക്കാട്ടി. കേരളത്തിലേക്ക് അലമ്മദിയുടെ രണ്ടാമത്തെ യാത്രയാണിത്. ബഹ്റൈനിലും സൗദി അറേബ്യയിലും ആയുര്‍വേദം സജീവമായി പ്രോത്സാഹിപ്പിക്കുന്നതിനായി സോഷ്യല്‍ മീഡിയ കാമ്പയിനുകള്‍ ഉപയോഗപ്പെടുത്തുന്നുവെന്നും കേരളത്തിലെ ഭൂപ്രകൃതിയും കാലാവസ്ഥയും മിഡില്‍ ഈസ്റ്റിലെ ക്ലയന്റുകള്‍ക്ക് വളരെ താത്പര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബയേഴ്‌സ്, സെല്ലേഴ്‌സ്, വെല്‍നസ് വിദഗ്ധര്‍ എന്നിവരടങ്ങുന്ന പ്രതിനിധികള്‍ പ്രധാനമായും റഷ്യ, ജര്‍മ്മനി, ഫ്രാന്‍സ്, യുഎസ്, സ്ലൊവാക്യ, ലെബനന്‍, ഇറ്റലി, കസാക്കിസ്ഥാന്‍, സൗദി അറേബ്യ, ബള്‍ഗേറിയ, ഇസ്രായേല്‍, അര്‍മാനിയ, ജോര്‍ദാന്‍, തുര്‍ക്കി, പോളണ്ട്, പോര്‍ച്ചുഗല്‍, ദക്ഷിണ കൊറിയ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു.
ആയുര്‍വേദ പണ്ഡിതര്‍, ആഗോള വെല്‍നസ് വിദഗ്ധര്‍, നയരൂപകര്‍ത്താക്കള്‍, അക്കാദമിക് വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍, ട്രാവല്‍-കൊമേഴ്‌സ് പ്രൊഫഷണലുകള്‍, അന്താരാഷ്ട്ര പങ്കാളികള്‍ എന്നിവരുടെ ഒത്തുചേരലിന് ദ്വിദിന കോണ്‍ക്ലേവ് വേദിയായി.
അന്താരാഷ്ട്ര ആയുര്‍വേദ, യോഗ അംബാസഡര്‍മാര്‍ക്കായി ഫെബ്രുവരി 4 മുതല്‍ കേരളത്തിലുടനീളമുള്ള ആയുര്‍വേദ-വെല്‍നസ് കേന്ദ്രങ്ങളിലേക്കുള്ള യാത്രയും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇത് ഫെബ്രുവരി 4 ന് കോഴിക്കോട് നിന്ന് ആരംഭിച്ച് ഫെബ്രുവരി 12 ന് തിരുവനന്തപുരത്ത് അവസാനിക്കും. പ്രതിനിധികള്‍ ആയുര്‍വേദ റിസോര്‍ട്ടുകളും വെല്‍നസ് റിട്രീറ്റുകളും, യോഗ ലക്ഷ്യസ്ഥാനങ്ങളും ആയുര്‍വേദ ആശുപത്രികളും സംസ്ഥാനത്തുടനീളമുള്ള ആയുര്‍വേദ നിര്‍മ്മാണ സൗകര്യങ്ങളും സന്ദര്‍ശിക്കും.
കേരള കലാമണ്ഡലം, കൊച്ചി മുസിരിസ് ബിനാലെ, കൊച്ചി പോര്‍ട്ട് ക്രൂയിസ് തുടങ്ങിയ സാംസ്‌കാരിക, പൈതൃക അനുഭവങ്ങളും മറ്റ് പ്രധാന ആകര്‍ഷണങ്ങളും സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുന്നു. ഇത് കേരളത്തിന്റെ ആയുര്‍വേദ, വെല്‍നസ് മേഖല, സാംസ്‌കാരിക ആവാസവ്യവസ്ഥ എന്നിവയെക്കുറിച്ച് സമഗ്രമായ പരിചയം അന്താരാഷ്ട്ര പ്രതിനിധികള്‍ക്ക് നല്‍കും.