കുത്തിയൊഴുകുന്ന ചാലിപ്പുഴയോട് മല്ലടിച്ച് താരങ്ങള്‍; മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ആവേശത്തുടക്കം

Published : Jul 26, 2025, 01:05 PM IST
Malabar River Festival

Synopsis

കുത്തിയൊഴുകുന്ന ചാലിപ്പുഴയിൽ പതിനൊന്നാമത് മലബാർ റിവർ ഫെസ്റ്റിവലിന് ആവേശത്തുടക്കം. 

കോഴിക്കോട്: കുത്തിയൊഴുകുന്ന ചാലിപ്പുഴയെ സാഹസിക കാഴ്ചകളുടെ ആവേശത്തിലാക്കി പതിനൊന്നാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ഗംഭീര തുടക്കം. ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിം​ഗ് മത്സരത്തില്‍ അമച്വര്‍ ബോട്ടര്‍ ക്രോസ്സിലൂടെ തുഴഞ്ഞ് കുതിച്ചെത്തിയ വിദേശ താരങ്ങൾ ഉള്‍പ്പെടെയുള്ളവരെ നിറഞ്ഞ കൈയടിയോടെയാണ് ജനം സ്വീകരിച്ചത്.

ആദ്യദിനം ഒളിമ്പിക്‌സ് മത്സരയിനമായ എക്‌സ്ട്രീം സ്ലാലോം ആയിരുന്നു ആദ്യം നടത്താന്‍ നിശ്ചയിച്ചിരുന്നതെങ്കിലും ജലനിരപ്പ് അധികമായതിനാല്‍ അമച്വര്‍ ബോട്ടര്‍ ക്രോസ്സ് മത്സരത്തോടെയാണ് തുടങ്ങിയത്. യുഎസ്എ, റഷ്യ, ഇറ്റലി, ന്യൂസിലാന്‍ഡ്, ചിലി, യുക്രെയ്ന്‍ തുടങ്ങി രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ കയാക്കിങ്ങില്‍ മാറ്റുരക്കുന്നുണ്ട്. ഓരോ വര്‍ഷവും വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്ന കയാക്കര്‍മാരുടെ എണ്ണം വര്‍ധിക്കുന്നത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ലോകശ്രദ്ധ ലഭിക്കുന്നുണ്ടെന്നതിന്റെ തെളിവാണെന്ന് ലിന്റോ ജോസഫ് എംഎല്‍എ പറഞ്ഞു.

അതേസമയം, ചാലിപ്പുഴയിലെയും ഇരുവഴഞ്ഞി പുഴയിലെയും കൂറ്റന്‍ പാറകളെയും ആറ്റുവഞ്ചി ചെടികളെയും ഭേദിച്ച് വേണം കയാക്കര്‍മാര്‍ ലക്ഷ്യ സ്ഥാനത്തെത്താന്‍. മത്സരത്തിനിടയില്‍ കയാക്ക് മറിയാനും പാറകളില്‍ ഇടിച്ചുവീഴാനും സാധ്യത ഏറെയാണ്. എന്നാല്‍, അപകടങ്ങള്‍ തടയാനും പ്രയാസമില്ലാതെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനുമുള്ള ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങളാണ് അഡ്വഞ്ചര്‍ ടൂറിസവും സംഘാടകരും അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ 2025ല്‍ ഒരുക്കിയിരിക്കുന്നത്.

ജപ്പാനിലെ റെസ്‌ക്യൂ അംഗങ്ങള്‍ക്ക് വരെ പരിശീലനം നല്‍കിയ നേപ്പാളില്‍ നിന്നുള്ള ബിഷ്ണു ഗുരുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും ജില്ലയിലെ അഗ്‌നിരക്ഷ സേനയുടെ സ്‌ക്യൂബ ഡൈവിങ് വിഭാഗവും മത്സരങ്ങള്‍ക്കായി എത്തിയ കയാക്കേഴ്‌സും സുരക്ഷയൊരുക്കി സജീവമായുണ്ട്. എത്ര ഉയര്‍ന്ന് വെള്ളം എത്തിയാലും സുരക്ഷയൊരുക്കാനും അപകടമില്ലാതെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനും സാധിക്കുമെന്ന് അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ് പറഞ്ഞു.

അഗ്‌നിരക്ഷാ സേനയുടെ മുക്കം, വെള്ളിമാട്കുന്ന്, മീഞ്ചന്ത, ബീച്ച് സ്റ്റേഷനുകളിലെ 15 റെസ്‌ക്യൂ ഓഫീസര്‍മാരും 10 സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകരും സജീവമായുണ്ട്. സ്‌ക്യൂബ ഉപകരണങ്ങള്‍ ഡിങ്കി ബോട്ട്, ആംബുലന്‍സ് എന്നിവയെല്ലാമായി സുസജ്ജമാണ് അഗ്‌നിരക്ഷ സേന. മത്സരങ്ങള്‍ കാണാനെത്തിയവര്‍ പുഴയിലേക്ക് ഇറങ്ങാതിരിക്കാനുള്ള മുന്‍കരുതലുകളും സ്വീകരിക്കുന്നുണ്ട്. പുഴയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുള്ള മൂന്ന് ദിവസത്തെ പരിശീലനം ഓഫീസര്‍മാര്‍ക്ക് ബിഷ്ണു ഗുരുവിന്റെ നേതൃത്വത്തില്‍ നല്‍കിയിരുന്നു. എല്ലാ പോയന്റ്‌റുകളിലും കയാക്കുകളുമായി നില്‍ക്കുന്ന വിദേശികള്‍ അടക്കമുള്ളവര്‍ മത്സരത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നു.

PREV
Read more Articles on
click me!

Recommended Stories

വെക്കേഷൻ വൈബ്സ് ഓൺ! ക്രിസ്മസ് അവധി കളറാക്കാൻ പറ്റിയ കേരളത്തിലെ ഡെസ്റ്റിനേഷനുകൾ
ശബരിമലയിൽ ഭക്തിയുടെ വേലിയേറ്റം; മണ്ഡലകാല ചിത്രങ്ങൾ കാണാം