വയനാട് യാത്രക്കാർ ശ്രദ്ധിക്കുക; ഡിസംബർ 11ന് കാഴ്ചകൾ കാണാനാവില്ല! ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് അവധി

Published : Dec 10, 2025, 12:48 PM IST
Wayanad

Synopsis

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഡിസംബർ 11ന് വയനാട് ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും അവധിയായിരിക്കുമെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചു. 

കൽപ്പറ്റ: വയനാട് ജില്ലയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ദിവസമായ ഡിസംബർ 11ന് വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് അവധി. ബാണാസുര സാഗര്‍ ഹൈഡല്‍ ടൂറിസം കേന്ദ്രം ഉൾപ്പെടെ അടച്ചിടും. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും അവധി ആയിരിക്കുമെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഏഴ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.

  1. മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത്- മാനന്തവാടി സെന്റ് പാട്രിക്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
  2. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്പഞ്ചായത്ത്- സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ്
  3. കല്‍പ്പറ്റ ബ്ലോക്ക്പഞ്ചായത്ത് - കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍
  4. പനമരം ബ്ലോക്ക്പഞ്ചായത്ത് - പനമരം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
  5. കല്‍പ്പറ്റ നഗരസഭ- കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി സ്‌കൂള്‍
  6. മാനന്തവാടി നഗരസഭ- മാനന്തവാടി സെന്റ് പാട്രിക് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
  7. സുല്‍ത്താന്‍ ബത്തേരി നഗരസഭ- അസംപ്ഷന്‍ ഹൈസ്‌കൂള്‍

വോട്ടർമാർ അറിയാൻ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സമ്മതിദായകര്‍ക്ക് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലേക്ക് ഓരോ വോട്ട് വീതം ആകെ മൂന്ന് വോട്ടുകളാണ് രേഖപ്പെടുത്തേണ്ടത്. നഗരസഭകളിലെ വോട്ടര്‍മാര്‍ക്ക് ഒരു വോട്ടാണുള്ളത്. പോളിങ് ബൂത്തില്‍ എത്തിയാല്‍ ഒന്നാം പോളിങ് ഉദ്യോഗസ്ഥന്‍ വോട്ടറുടെ തിരിച്ചറിയല്‍ രേഖയും വോട്ടര്‍ പട്ടികയിലെ വിവരങ്ങളും പരിശോധിച്ച് ഉറപ്പാക്കും. തുടര്‍ന്ന് രണ്ടാം പോളിങ് ഉദ്യോഗസ്ഥന്‍ കൈവിരലില്‍ മഷി പുരട്ടി, വോട്ട് രജിസ്റ്ററില്‍ സമ്മതിദായകന്റെ ഒപ്പ് രേഖപ്പെടുത്തി വോട്ട് ചെയ്യാന്‍ സ്ലിപ് കൈമാറും.

വോട്ടിങ് യന്ത്രത്തിന്റെ ചുമതലയുള്ള പോളിങ് ഉദ്യോഗസ്ഥൻ സ്ലിപ് കൈമാറുമ്പോള്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ബാലറ്റ് ബട്ടണ്‍ അമര്‍ത്തി വോട്ട് ചെയ്യാന്‍ മെഷിന്‍ സജ്ജമാക്കും. വോട്ട് രേഖപ്പെടുത്താന്‍ വോട്ടിങ് കമ്പാര്‍ട്ട്‌മെന്റില്‍ എത്തിയ ശേഷം ബാലറ്റ് യൂണിറ്റില്‍ വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള ബട്ടണ്‍ അമര്‍ത്തുന്ന സമയത്ത് ചിഹ്നത്തിന് നേരെയുള്ള ലൈറ്റ് തെളിയും. മൂന്ന് വോട്ടുകളും രേഖപ്പെടുത്തി എന്‍ഡ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ നീണ്ട ബീപ് ശബ്ദം കേള്‍ക്കുമ്പോഴാണ് വോട്ടിങ് പ്രക്രിയ പൂര്‍ത്തിയാവുന്നത്. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലായിരിക്കും മെഷീനുകള്‍ ക്രമീകരിക്കുക.

ജില്ലാ പഞ്ചായത്തിലെ വോട്ട് രേഖപ്പെടുത്താനുള്ള മെഷീനില്‍ ഏറ്റവും താഴെയായി എന്‍ഡ് ബട്ടണുണ്ടാവും. നഗരസഭയുടെ ബാലറ്റില്‍ എന്‍ഡ് ബട്ടണില്ല. മൂന്ന് വോട്ടും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ താത്പര്യമുള്ള സ്ഥാനാര്‍ഥികള്‍ക്ക് നേരെയുള്ള ബട്ടണ്‍ അമര്‍ത്തി എന്‍ഡ് ബട്ടണ്‍ അമര്‍ത്തിയാല്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥിയുടെ പേരിന് നേരെയുള്ള ചുവപ്പ് ലൈറ്റ് തെളിയുകയും നീണ്ട ബീപ് ശബ്ദം കേള്‍ക്കുകയും ചെയ്യും. ഇതോടെ വോട്ട് രേഖപ്പെടുത്തല്‍ പ്രക്രിയ പൂര്‍ത്തിയാവും. ബീപ് ശബ്ദം കേള്‍ക്കാതിരുന്നാലോ സഹായം ആവശ്യമുണ്ടെങ്കിലോ വോട്ടര്‍മാര്‍ പ്രിസൈഡിങ് ഓഫീസറുമായി ബന്ധപ്പെടണം.

PREV
Read more Articles on
click me!

Recommended Stories

പ്രകൃതിയുടെ മടിത്തട്ടിലൊരു ഡാം; നെയ്യാറിലെ കാഴ്ചകൾ
രുചി പെരുമയിൽ ലോകോത്തരമായി ദക്ഷിണേന്ത്യ! ആഗോള പട്ടിക പുറത്തുവിട്ട് ടേസ്റ്റ് അറ്റ്ലസ്