ഓണസ്മരണകളുമായി വീണ്ടുമൊരു 'മാമാങ്കം'

Published : Aug 25, 2025, 06:42 PM IST
Maamaankam

Synopsis

പ്രകൃതിയെയും പൈതൃകത്തെയും സ്നേഹിക്കുന്ന ഒരു യാത്രാ കൂട്ടയ്മയുടെ ഒത്തുകൂടലാണ് മാമാങ്കം. 

മാമാങ്കം എന്ന് കേൾക്കുമ്പോൾ നിളയുടെ മണൽത്തിട്ടകളിൽ വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മിൽ നടന്ന ഏറ്റുമുട്ടലുകളുടെ സ്മരണകളായിരിക്കും ഓടിയെത്തുക. പക്ഷേ, ഈ 'മാമാങ്കം' ഉണർത്തുന്നത് പോരാട്ട സ്മരണകളല്ല, യാത്രാ സ്മരണകളാണ്. കഴിഞ്ഞ ഏഴ് വർഷമായി ഏതെങ്കിലും ഒരു വാരാന്ത്യത്തിൽ പഴയ ഏതെങ്കിലും ഒരു മനയിലോ, തറവാട്ടു മുറ്റത്തോ നടക്കുന്ന ഈ മാമാങ്കം പ്രകൃതിയെയും പൈതൃകത്തെയും സ്നേഹിക്കുന്ന ഒരു യാത്രാ കൂട്ടയ്മയുടെ ഒത്തുകൂടലാണ്. പഴയ മനകളുടെയും തറവാടുകളുടെയും പൈതൃകവും ചരിത്രവും തൊട്ടറിഞ്ഞ് ഭൂതകാലത്തേക്ക് മുടങ്ങാതെ മടക്കയാത്രകൾ നടത്തുന്ന പാലക്കാട്ടെ ഈ ചങ്ങാതിക്കൂട്ടം ഓണസ്മരണകളുമായാണ് തങ്ങളുടെ ഇരുപത്തൊന്നാമത്തെ യാത്ര പൂർത്തിയാക്കിയത്.

പോകുന്ന സ്ഥലങ്ങളെ കുറിച്ച് ആദ്യമേ പറയുന്ന രീതി മാമാങ്കത്തിന് ഇല്ല. ചെന്നെത്തുമ്പോൾ മാത്രമേ സ്ഥലം എല്ലാവർക്കും മനസ്സിലാകൂ. യാത്രാ അംഗങ്ങളോട് ഒരു പ്രതേക സ്ഥലത്ത് എത്താൻ ആവശ്യപ്പെടും. ഇവിടെ നിന്നുമാണ് യാത്ര പുറപ്പെടുക. ഇത്തവണ എല്ലാവരെയും പട്ടാമ്പി എത്താനാണ് അറിയിച്ചിരുന്നത്. അവിടെ നിന്നും ട്രാവലർ ഏർപ്പാടാക്കിയിരുന്നു. എരവിമംഗലം എന്ന പുരാതനമായ ഒരു ക്ഷേത്രമായിരുന്നു ചെന്നെത്തിയ ആദ്യ സ്ഥലം. പെരിന്തൽമണ്ണയിൽ നിന്ന് 4 കിലോമീറ്റർ തെക്കുകിഴക്കായി എരവിമംഗലത്താണ് ഈ മനോഹരമായ ക്ഷേത്ര സമുച്ചയം സ്ഥിതി ചെയ്യുന്നത്.

ചതുരാകൃതിയിലുള്ള ദ്വിതീയ വിമാനമുള്ള ഈ ക്ഷേത്രം സന്ധാര മാതൃകയിലാണ് നിർമിച്ചിരിക്കുന്നത്. നേർത്ത ലാറ്ററൈറ്റ് കല്ലുകൾ കൊണ്ട് നിർമ്മിച്ച ചുവരുകളിൽ കുമ്മായമാണ് പൂശിയിരിക്കുന്നത്. പഞ്ചര, തോരണ ഫ്രെയിമുകൾ ചുവരുകളിൽ അലങ്കരിച്ചിരിക്കുന്നു. ഒരുകാലത്ത് ചുവരുകളെ അലങ്കരിച്ചിരുന്ന ചുവർചിത്രങ്ങൾ പൂർണ്ണമായും നഷ്ടപ്പെട്ടു. ഗ്രാനൈറ്റ് കൊണ്ടുള്ള ദ്വാരപാലകർക്ക് ഗണ്യമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വട്ടെഴുത്ത് ലിഖിതമുള്ള ഒരു ഗ്രാനൈറ്റ് സ്ലാബ് ഈ ക്ഷേത്രത്തിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. രണ്ട് കൈകളും അഭയ, വരദ ഭാവങ്ങളിലുള്ള ഈ ക്ഷേത്രത്തിലെ പ്രധാന ദേവനായ സുബ്രഹ്മണ്യ സ്വാമി കിഴക്കോട്ട് അഭിമുഖമായാണ് നിൽക്കുന്നത്.

ഇവിടെ നിന്നും 'മാമാങ്കം' നേരെ പോയത് പ്രശസ്തമായ ഏലംകുളം മനയിലേക്കാണ്. അത് തന്നെ, കമ്മ്യുണിസ്റ്റ് ആചാര്യൻ ശങ്കരൻ നമ്പുതിരിപ്പാടിന്റെ സ്വന്തം മന. കേരളത്തിന്റെ ചരിത്രത്തിൽ ഈ മനയ്ക്കുണ്ടായിരുന്ന സ്ഥാനം അംഗങ്ങളെല്ലാം തൊട്ടറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. ഇവിടെ നിന്നും പുറപ്പെട്ട് ഉച്ചയോടെ പൂളമണ്ണ മനയിൽ എത്തി. ഇവിടെയായിരുന്നു ഉച്ച ഭക്ഷണം. യാത്രാ അംഗം കൂടിയായിരുന്ന ഋഷിയുടെ അച്ഛൻ ആയിരുന്നു പൂളമണ്ണ മനയിലെ എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രം. പ്രകൃതിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഒരു മനുഷ്യൻ. കാൽ നൂറ്റാണ്ടു മുൻപ് മൊട്ടക്കുന്നായിരുന്ന ഒരു പ്രദേശം ഇപ്പോൾ ഹരിതാഭമായ നിൽക്കുന്നതിന് പിന്നിൽ അദ്ദേഹത്തിന്റെ അധ്വാനമാണ്.

എല്ലാവരും കുറച്ചു നേരം ആ ശാദ്വല സ്ഥലിയിൽ ചിലവഴിച്ച ശേഷം താഴേക്കിറങ്ങി. ഇവിടെ നിന്നും നേരെ പോയത് തറയ്ക്കൽ വാര്യത്തേക്കായിരുന്നു. ഇവിടെയാണ് അന്തിയുറക്കം. ഭൂമിയിലെ ഒരു സ്വർഗ്ഗം എന്നാണ് മാമാങ്കം മുഖ്യ സംഘടകൻ സായിനാഥ് തറയ്ക്കൽ വാര്യത്തെ വിശേഷിപ്പിക്കുന്നത്. അതിൽ ഒട്ടും അതിശയോക്തി ഇല്ല താനും. അത്രയും സുന്ദരമാണ് അവിടം. വാര്യത്തിന് അടുത്ത് ഒരു വീട്ടിലായിരുന്നു അംഗങ്ങൾക്ക് താമസം ഏർപ്പാടാക്കിയിരുന്നത്. അവിടെ എത്തിയ ഉടനെ വാര്യത്തു കുളത്തിൽ വിശാലമായൊരു കുളിയും കഴിഞ്ഞാണ് തറയ്ക്കൽ വാര്യത്തിന്റെ പൂമുഖത്ത് എല്ലാവരും ഒത്തുകൂടിയത്. വാര്യത്തിന്റെ ചരിത്രം വിശദമായി മനസ്സിലാക്കിയ ഒരു സായാഹ്നം.

വള്ളുവനാടിന്റെ പ്രകൃതിക്ക് എടുപ്പ് കൂട്ടി നാലുകെട്ടുകൾക്കും എട്ടു കെട്ടുകൾക്കും ഇടയിൽ പട്ടാമ്പി വല്ലപ്പുഴയിൽ ചെറുകോട് എന്ന സ്ഥലത്താണ് തറയ്ക്കൽ വാര്യ സമുച്ചയം തലയുയർത്തി നിൽക്കുന്നത്. പ്രകൃതിയും, വാസ്തുവിദ്യയും ഒരു പോലെ സമന്വയിക്കുന്ന ഇടമാണ് തറയ്ക്കാല്‍ വാര്യം. അതിഗംഭീരമായ എടുപ്പോടു കൂടിയ വലിയ പഠിപ്പുരകളും നാലുകെട്ടും മൂന്നുനിലയുള്ള ഭീമന്‍ പുരയും അതിമനോഹരമായ കുളപ്പുരയോടു കൂടിയ കുളവും, ബാലനരസിംഹമൂര്‍ത്തി ക്ഷേത്രവും, വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രവും, അതിമനോഹരമായ ഗോപുരവാതിലും, പുരകളും, പഠിപ്പുര തുറന്നാല്‍ കണ്ണെത്താ ദൂരത്തോളം പരന്നു നെല്‍പ്പാടങ്ങളും ഒക്കെ നിറഞ്ഞതാണു തറക്കല്‍ വാര്യം. ''എന്നു നിന്റെ മൊയ്തീനിലെ'' കാഞ്ചനമാലയുടെ വീട് ആരും മറന്നിട്ടില്ലെങ്കിൽ അത് തന്നെയാണ് ഈ തറക്കല്‍ വാര്യം. പരിണയം, സല്ലാപം, സ്വപാനം, സിന്ദൂരരേഖ തുടങ്ങിയ മലയാള സിനിമകളിലും ഈ വാര്യത്തിന്റെ സൗന്ദര്യം പകർത്തിയിട്ടുണ്ട്.

അത്താഴം കഞ്ഞിയും പുഴുക്കും മാങ്ങാ ചമ്മന്തിയും ഉപ്പുമാങ്ങയും. ഈ മെനുവാണ് മാമാങ്കം കൂട്ടായ്മയുടെ യാത്രയിലെ ഹൈലൈറ്റ്. അത്താഴത്തിനു ശേഷം അന്താക്ഷരിയിൽ തുടങ്ങി. കർണാടക സംഗീതവും. ഓണഘോഷ പരിപാടികൾ പ്ലാൻ ചെയ്തിട്ടുണ്ട്. യാത്രകൾക്കിടയിൽ അപൂർവമായാണ് ഇത്തരം ആഘോഷ വേളകൾ വീണുകിട്ടുന്നത്. രാവിലെ എല്ലാവരും കേരളീയ വേഷത്തിൽ എത്തി വട്ടം കൂടിയിരുന്ന് പൂക്കളം ഇട്ടു. വിശാലമായൊരു സദ്യയും കഴിച്ചാണ് വാര്യത്തോട് വിട പറഞ്ഞത്.

ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തിൽ 2018ലാണ് മാമാങ്കം യാത്രാ കൂട്ടായ്മ രൂപപ്പെടുന്നത്. ആദ്യം വള്ളുവനാടൻ പൈതൃകവും, സംസ്കാരവും രുചിയും, ചരിത്രവും അടുത്തറിയുക എന്ന ലക്ഷ്യത്തോടെയാണ് യാത്രകൾ ആരംഭിച്ചത്. ആ കൂട്ടായ്മ പുതിയ നാട്ടുവഴികൾ താണ്ടി 7 വർഷത്തിനുള്ളിൽ 21 യാത്രകൾ പൂർത്തിയാക്കിയിരിക്കുകയാണ്. ഏകദിന യാത്രകൾ ദ്വിദിനത്തിലേക്ക് മാറിയതോടെ ഒരു രാത്രി യാത്രാവഴിയിലെ ഏതെങ്കിങ്കിലും ഒരുമനയിൽ അന്തിയുറങ്ങും.

ഇന്ന് മാമാങ്കം എന്നത് ഒരു പൈതൃക യാത്രാ കൂട്ടായ്മയിൽ നിന്ന് ഒരു കുടുംബം എന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്. എല്ലാ യാത്രകളിലും സ്ഥിരമായി പങ്കെടുക്കുന്നവരാണ് അധികവും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഈ കൂട്ടായ്മയുടെ ഭാഗമാണ്. ഓരോ യാത്രകളും കഴിയുമ്പോൾ അടുത്ത യാത്രയ്ക്കുള്ള കാത്തിരിപ്പും ആരംഭിക്കും.

PREV
Read more Articles on
click me!

Recommended Stories

ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ
അഡ്രിനാലിൻ പമ്പ് ചെയ്യാം! തിരക്കുകൾ മാറ്റിവെച്ച് പോകാൻ ഇതിനോളം മികച്ച സ്പോട്ടില്ല, കീഴടക്കാം പൈതൽമല