ഗൾഫ് രാജ്യങ്ങളിലേതിന് സമാനം; കുട്ടനാട് സഫാരി ലോകടൂറിസത്തില്‍ പാതിരാമണലിനെ അടയാളപ്പെടുത്തുമെന്ന് ​ഗണേഷ് കുമാർ

Published : Nov 05, 2025, 06:31 PM IST
Kuttanad Safari

Synopsis

ഗൾഫ് രാജ്യങ്ങളിലെ സഫാരിയുടെ മാതൃകയിലുള്ള കുട്ടനാട് സഫാരി, പാതിരാമണലിനെ ലോക ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. 

​ആലപ്പുഴ: ലോകടൂറിസത്തില്‍ പാതിരാമണലിനെയും ആലപ്പുഴയെയും കുട്ടനാടന്‍ സഫാരി അടയാളപ്പെടുത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. സംസ്ഥാന ജലഗതാഗത വകുപ്പ് നടപ്പിലാക്കുന്ന കുട്ടനാട് സഫാരി പദ്ധതിയുടെ ആദ്യഘട്ടമായി പാതിരാമണല്‍ ദ്വീപില്‍ നിര്‍മ്മിക്കുന്ന കേരളത്തിലെ ആദ്യ പരിസ്ഥിതി സൗഹൃദ ആംഫി തീയറ്ററിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും നിര്‍മ്മാണോദ്ഘാടനം ഓൺലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഗള്‍ഫ് രാജ്യങ്ങളില്‍ കണ്ടുവരുന്ന സഫാരി യാത്രയുടെ മോഡലിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതൊരു മാറ്റത്തിന്റെ തുടക്കമാണ്. ടൂറിസത്തില്‍ ഏറ്റവും വലിയ ആകര്‍ഷണമായി കുട്ടനാടന്‍ സഫാരി മാറും. പദ്ധതിയിലൂടെ തൊഴില്‍ സാധ്യതയേറും. പദ്ധതിയോട് അനുബന്ധിച്ച് ടൂറിസം ബോട്ട് സര്‍വീസ് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

അനന്തമായ ടൂറിസം സാധ്യതയ്ക്ക് വഴിയൊരുങ്ങുന്ന പദ്ധതി ആലപ്പുഴക്ക് ലഭിച്ച വലിയ സമ്മാനമാണെന്ന് ചടങ്ങിൽ ഓണ്‍ലൈനായി ആധ്യക്ഷം വഹിച്ച് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ദുബായിലെ ഡെസേര്‍ട്ട് സഫാരിയുടെ മാതൃകയില്‍ കുട്ടനാട് മേഖലയില്‍ ടൂറിസം, ഗതാഗതം, പ്രാദേശിക വികസനം എന്നീ ഘടകങ്ങള്‍ ഏകോപിപ്പിച്ചാണ് സഫാരി പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ ആംഫി തീയറ്റര്‍ പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. പദ്ധതിയുടെ ഭാഗമായി പാതിരാമണല്‍ ദ്വീപില്‍ വിനോദ-സാംസ്‌കാരിക പരിപാടികളും പ്രാദേശിക കലാരൂപങ്ങളും അവതരിപ്പിക്കാനും സൗകര്യമൊരുക്കും.

കൊച്ചിൻ സ്മാർട്ട്‌ മിഷൻ ലിമിറ്റഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന ഷാബു, ജലഗതാഗതവകുപ്പ് ഡയറക്ടര്‍ ഷാജി വി നായര്‍ വാര്‍ഡ് മെമ്പര്‍ ലൈലാ ഷാജി, മുഹമ്മ പഞ്ചായത്ത് സെക്രട്ടറി എം പി മഹീധരന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ആനന്ദ് സമ്പത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

PREV
Read more Articles on
click me!

Recommended Stories

ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ
അഡ്രിനാലിൻ പമ്പ് ചെയ്യാം! തിരക്കുകൾ മാറ്റിവെച്ച് പോകാൻ ഇതിനോളം മികച്ച സ്പോട്ടില്ല, കീഴടക്കാം പൈതൽമല