
ദേശീയപാതകളിലെ ടോൾ പിരിവ് കൂടുതൽ വേഗത്തിലും എളുപ്പത്തിലും ആക്കാൻ പുതിയ സംവിധാനവുമായി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ. തമിഴ്നാട്ടിൽ ആദ്യമായി മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ ടോളിങ് സംവിധാനം നടപ്പിലാക്കി. എൻഎച്ച്-179ബി യിലെ താംബരം-തിണ്ടിവനം പാതയിലെ പരനൂർ ടോൾ പ്ലാസയിലാണ് പുതിയ സംവിധാനം ആരംഭിച്ചിരിക്കുന്നത്. ഇതോടെ ടോൾ നൽകുന്നതിനായി വാഹനങ്ങൾ ടോൾ പ്ലാസയിൽ നിർത്തേണ്ട സാഹചര്യം ഒഴിവാകും.
പുതിയ മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത വാഹനങ്ങൾക്ക് ടോൾ പ്ലാസയിൽ നിർത്താതെ തന്നെ കടന്നുപോകാൻ കഴിയുമെന്നതാണ്. വാഹനം സ്വന്തം ലെയ്നിൽ തുടരുന്നതിനിടെ ടോൾ പിരിവ് സ്വമേധയാ പൂർത്തിയാകും. ഇതിനായി ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ക്യാമറകളും ഫാസ്ടാഗ് സംവിധാനവുമാണ് ഉപയോഗിക്കുന്നത്. ക്യാമറകൾ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ തിരിച്ചറിയും. ഫാസ്ടാഗ് വഴി ടോൾ തുക വാഹന ഉടമയുടെ അക്കൗണ്ടിൽ നിന്ന് സ്വമേധയാ ഈടാക്കുകയും ചെയ്യും.
ടോൾ പ്ലാസകളിൽ വാഹനങ്ങൾ നിർത്തേണ്ടിവരാത്തതിനാൽ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ സംവിധാനത്തിന് സാധിക്കുമെന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി. വാഹനങ്ങൾ നിരയിൽ കാത്തുനിൽക്കേണ്ട സാഹചര്യം ഒഴിവാകുന്നതോടെ യാത്രാസമയവും കുറയും. ഇടയ്ക്കിടെ വാഹനം നിർത്തുകയും വീണ്ടും ഓടിക്കുകയും ചെയ്യേണ്ട സാഹചര്യം കുറയുന്നതിനാൽ ഇന്ധന ഉപഭോഗത്തിലും കുറവുണ്ടാകാം. ടോൾ പ്ലാസകളിലെ വാഹനങ്ങളുടെ കാത്തിരിപ്പ് കുറയുന്നത് അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ടോൾ പിരിവിലെ മനുഷ്യ ഇടപെടൽ കുറയ്ക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. ഇതുവഴി ടോൾ പിരിവ് വേഗത്തിലാക്കുന്നതിനൊപ്പം നടപടിക്രമങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ കഴിയുമെന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.
തമിഴ്നാട്ടിന് പുറമെ രാജ്യത്തെ വിവിധ ദേശീയപാതകളിലും മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ സംവിധാനം ഘട്ടംഘട്ടമായി നടപ്പിലാക്കിവരികയാണ്. ഗുജറാത്തിലെ എൻഎച്ച്-48ലെ സൂറത്ത്-ഭറൂച്ച് പാതയിലെ ചൊര്യാസി ടോൾ പ്ലാസയിൽ സംവിധാനം ഇതിനകം പ്രവർത്തിക്കുന്നുണ്ട്. ഡൽഹി-എൻസിആറിലെ യുഇആർ-IIലെ മുണ്ട്ക-ബക്കർവാല ടോൾ പ്ലാസയിലും ഇത് നടപ്പിലാക്കിയിട്ടുണ്ട്. രാജസ്ഥാനിലെ ഡൽഹി-ജയ്പൂർ എൻഎച്ച്-48ലെ ഷാജഹാൻപൂർ, ദൗലത്പുർ, മനോഹർപുർ ടോൾ പ്ലാസകളിലും ഹരിയാനയിലെ എൻഎച്ച്-44ലെ പാനിപ്പത്ത്-ജലന്ധർ പാതയിലെ ഘരൗണ്ട ടോൾ പ്ലാസയിലും പുതിയ സംവിധാനം നിലവിലുണ്ട്.
മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ സംവിധാനമുള്ള ടോൾ പ്ലാസയിലൂടെ കടന്നുപോകുന്ന വാഹനങ്ങളിൽ ഫാസ്ടാഗ് സജീവമായിരിക്കണം. അക്കൗണ്ടിൽ ആവശ്യമായ ബാലൻസും ഉറപ്പാക്കണം. ഫാസ്ടാഗ് ഇല്ലാത്തതോ പ്രവർത്തനരഹിതമായതോ ആയ വാഹനങ്ങൾക്ക് ഇലക്ട്രോണിക് അറിയിപ്പ് ലഭിച്ചേക്കാം. അതിനാൽ യാത്രയ്ക്ക് മുമ്പ് ഫാസ്ടാഗ് പ്രവർത്തനക്ഷമമാണെന്നും മതിയായ ബാലൻസ് ഉണ്ടെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ടോൾ പ്ലാസകളുടെ നിർമാണത്തിനും പ്രവർത്തനത്തിനുമുള്ള ചെലവ് കുറയ്ക്കാനും പുതിയ സംവിധാനത്തിന് സാധിക്കുമെന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നു.
രാജ്യത്തെ മറ്റ് ദേശീയപാതകളിലേക്കും മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ സംവിധാനം ഘട്ടംഘട്ടമായി വ്യാപിപ്പിക്കാനാണ് പദ്ധതി. ടോൾ പ്ലാസകളിലെ കാത്തിരിപ്പ് ഒഴിവാക്കി യാത്രക്കാർക്ക് കൂടുതൽ സുഗമവും വേഗതയേറിയതുമായ ഹൈവേ യാത്ര ഉറപ്പാക്കുകയാണ് സംവിധാനത്തിന്റെ ലക്ഷ്യം.