
കണ്ണൂര്‍: നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്‍റെയും ടൂറിസം സംരംഭകരുടെയും സംയുക്ത സംരംഭമായ നോര്‍ത്ത് മലബാര്‍ ടൂറിസം ഓര്‍ഗനൈസേഷന്‍റെയും (നോംറ്റോ) കണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്‍റെയും മെട്രോ മാര്‍ട്ടിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ മൂന്നാമത് നോര്‍ത്ത് മലബാര്‍ ട്രാവല്‍ ബസാര്‍ കണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 2025 നവംബര്‍ 15, 16 തീയതികളില്‍ നടക്കും. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു എയര്‍പോര്‍ട്ട് ട്രാവല്‍ മാര്‍ട്ടിന്‍റെ വേദിയാകുന്നത്.
വിനോദ സഞ്ചാര മേഖലയില്‍ നിന്നുള്ള നൂറോളം സ്ഥാപനങ്ങള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അഞ്ഞൂറോളം ക്ഷണിക്കപ്പെട്ട ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് മുമ്പാകെ അവതരിപ്പിക്കും. ആകര്‍ഷകമായ നോര്‍ത്ത് മലബാര്‍ ടൂറിസം സര്‍ക്യൂട്ടുകള്‍ മേളയില്‍ ആവിഷ്കരിക്കും. സ്പിരിച്വല്‍ ടൂറിസം, ക്രൂയിസ് ടൂറിസം, ഹെല്‍ത്ത് ടൂറിസം, മൈസ് ആന്‍റ് വെഡ്ഡിംഗ് ടൂറിസം, വെല്‍നെസ്സ് ടൂറിസം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകള്‍ സംഘടിപ്പിക്കും. കൂടാതെ നോര്‍ത്ത് മലബാറിന്‍റെ രുചി വൈവിധ്യം, സാംസ്ക്കാരിക തനിമ, നാടന്‍ കലാരൂപങ്ങള്‍, തുടങ്ങിയവയും ടൂര്‍ ഓപ്പറേറ്റര്‍മാരെ പരിചയപ്പെടുത്തും.
ട്രാവല്‍ ബസാറിന്‍റെ ഭാഗമായി പ്രമുഖ ടൂറിസം സ്ഥാപനങ്ങളുടെ ബിസിനസ്സ് പ്രസന്‍റേഷനും നോര്‍ത്ത് മലബാറിന്‍റെ മേന്മ വിളിച്ചോതുന്ന കലാ-സാംസ്ക്കാരിക പരിപാടികളും സംഘടിപ്പിക്കും. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം ടൂര്‍ ഓപ്പറേറ്റര്‍മാരും ഉത്തര മലബാറിലെ ടൂറിസം സംരംഭകരും ബി 2 ബി മീറ്റിംഗില്‍ പങ്കെടുക്കും.
ഉത്തര മലബാറിലേക്കുള്ള എയര്‍ലൈന്‍ കണക്ടിവിറ്റി പരമാവധി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് കണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ സി.ദിനേശ് കുമാര്‍ പറഞ്ഞു. വിനോദ സഞ്ചാരികള്‍ക്ക് വേണ്ട പരമാവധി സൗകര്യങ്ങള്‍ കണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഉറപ്പു വരുത്തുന്നുണ്ട്. ഉത്തര മലബാറിലെ ടൂറിസം കേന്ദ്രങ്ങളുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തന്നെ കണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്‍റെ പൂര്‍ണ്ണ പിന്തുണ ഉറപ്പു നല്‍കുമെന്നും ദിനേശ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ഉത്തര മലബാറിലെ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചു കൂടുതല്‍ അറിയാന്‍ അവസരമൊരുക്കുകയാണ് ട്രാവല്‍ ബസാറിലൂടെ ലക്ഷ്യമിടുന്നതെന്ന് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് ടി കെ രമേഷ് കുമാര്‍ പറഞ്ഞു. ഉത്തര മലബാറിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കാനുള്ള ലക്ഷ്യം മുന്നില്‍ വെച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറി സി അനില്‍ കുമാര്‍ വ്യക്തമാക്കി. ഹോം സ്റ്റേകള്‍ മുതല്‍ വന്‍കിട റിസോര്‍ട്ട് ഗ്രൂപ്പുകള്‍ വരെ അണി നിരക്കുന്ന നോര്‍ത്ത് മലബാര്‍ ട്രാവല്‍ ബസാര്‍ സംരംഭകര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരു നവ്യാനുഭവം നല്‍കുമെന്ന് നോര്‍ത്ത് മലബാര്‍ ട്രാവല്‍ ബസാര്‍ സി.ഇ.ഒ. സിജി നായര്‍ പറഞ്ഞു. സംരംഭകര്‍ക്കു അവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ശരിയായി മാര്‍ക്കറ്റ് ചെയ്യാനുള്ള വര്‍ക് ഷോപ്പും ട്രാവല്‍ ബസാറിന്‍റെ ഭാഗമായി സംഘടിപ്പിക്കും.
രണ്ട് ദിവസം നീളുന്ന മേളയില്‍ പ്രമുഖ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍, ഹൗസ് ബോട്ടുകള്‍, ആയുര്‍വ്വേദ പഞ്ചകര്‍മ്മ സ്ഥാപനങ്ങള്‍, ട്രാവല്‍ ഏജന്‍സികള്‍, ടൂര്‍ പ്ലാനര്‍മാര്‍, മൈസ് പ്ലാനേഴ്സ്, ഹോസ്പിറ്റലുകള്‍, ഡെസ്റ്റിനേഷന്‍ മാനേജ്മെന്‍റ് ഏജന്‍സികള്‍, ഫാം ടൂറിസം പ്രൊമോട്ടേഴ്സ് തുടങ്ങിയവര്‍ തങ്ങളുടെ സ്റ്റാളുകള്‍ സജ്ജീകരിക്കും. രണ്ടാം ദിനം പൊതുജനങ്ങള്‍ക്ക് വിവിധ സ്റ്റാളുകള്‍ സന്ദര്‍ശിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഇതുവഴി സന്ദര്‍ശകര്‍ക്ക് ആകര്‍ഷകമായ പാക്കേജുകള്‍ സൗജന്യ നിരക്കില്‍ നേരിട്ട് ബുക്ക് ചെയ്യാനാവും. പ്രവേശനം സൗജന്യമാണ്. രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്.
ഉത്തര മലബാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ സാധ്യതകള്‍ ആഗോള വിനോദ സഞ്ചാരികള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുകയും അതുവഴി നോര്‍ത്ത് മലബാര്‍ മേഖലയുടെ വിനോദ സഞ്ചാര കുതിപ്പിന് ആക്കം കൂട്ടുകയുമാണ് നോര്‍ത്ത് മലബാര്‍ ട്രാവല്‍ ബസാര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
ഉത്തര മലബാറിലെ ടൂറിസം സംരംഭകരെ ഒരു കുടക്കീഴില്‍ അണിനിരത്തി സംഘടിതരാക്കുക, പരമാവധി സംരംഭകരെ ഈ മേഖലയില്‍ സൃഷ്ടിക്കുക, ടൂറിസം മേഖല നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക, ടൂറിസം സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തി ഉത്തര മലബാറിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക. എന്നിവയും നോര്‍ത്ത് മലബാര്‍ ട്രാവല്‍ ബസാറിന്‍റെ ഉദ്ദേശ ലക്ഷ്യങ്ങളാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും www.nmtb.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 9947733339/ 9995139933. Email:northmalabartravelbazar@gmail.com