3 മണിക്കൂ‍ര്‍, 300 ജീവജാലങ്ങൾ! ജൈവവൈവിധ്യ ഹോട്ട്സ്പോട്ടായി കൊടികുത്തിമല, റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Published : Jan 05, 2026, 03:17 PM IST
Kodikuthimala

Synopsis

മലപ്പുറം കൊടികുത്തിമലയിൽ സ്റ്റിയർ സംഘടിപ്പിച്ച ഏകദിന ബയോ ബ്ലിറ്റ്‌സിൽ 300-ലധികം ജീവജാലങ്ങളെ രേഖപ്പെടുത്തി. പഠന റിപ്പോർട്ട് നിലമ്പൂർ സൗത്ത് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർക്ക് കൈമാറി.

മലപ്പുറം: പരിസ്ഥിതി-വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കൊടികുത്തിമലയില്‍ സ്റ്റിയര്‍ സംഘടിപ്പിച്ച ഏകദിന ബയോ ബ്ലിറ്റ്‌സ് പരിപാടി സമാപിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട അതിവേഗ ഫീല്‍ഡ് സര്‍വേയിലൂടെ 300ലധികം ജീവജാലങ്ങളെ രേഖപ്പെടുത്തി. പഠന റിപ്പോര്‍ട്ട് നിലമ്പൂര്‍ സൗത്ത് ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ധനിക് ലാലിന് കൈമാറി. വിദ്യാര്‍ഥികള്‍, ഗവേഷകര്‍, പ്രകൃതി സ്‌നേഹികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരടക്കം 38 പേര്‍ സര്‍വേയില്‍ പങ്കെടുത്തു.

സര്‍വേയില്‍ 100ലധികം ചിത്രശലഭ ഇനങ്ങളെ രേഖപ്പെടുത്തി. കൊടികുത്തിമലയില്‍ സമൃദ്ധമായ ജീവ കീടജാലവും സസ്യ വൈവിധ്യവും നിലനില്‍ക്കുന്നുവെന്നും വ്യക്തമായി. 24 ഇനങ്ങളുള്ള തുമ്പികളെയും കണ്ടെത്തി. ഇതിനു പുറമെ 62ലധികം പക്ഷി നിരീക്ഷണങ്ങളും രേഖപ്പെടുത്തി. ഇതോടെ പുല്‍മേടുകള്‍, വനഭാഗങ്ങള്‍, ജലപരിസരങ്ങള്‍ എന്നിവസംയോജിക്കുന്ന കൊടികുത്തിമല ഒരു പ്രധാന പക്ഷിവാസകേന്ദ്രമാണെന്നും വ്യക്തമായി.

സസ്യങ്ങള്‍, ഉഭയജീവികള്‍, ഉരഗജീവികള്‍, എട്ടുകാലികള്‍, തേനീച്ച തുടങ്ങിയവയുടെ സജീവ സാന്നിധ്യവും ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. രേഖപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊടികുത്തിമല ഒരു പ്രാദേശിക ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ട് ആണെന്ന നിഗമനത്തില്‍ സര്‍വേ സംഘം എത്തിച്ചേർന്നു. അതിവേഗ ജൈവവൈവിധ്യ പട്ടിക തയാറാക്കുന്നതോടൊപ്പം വിദ്യാര്‍ഥികളിലും യുവതലമുറയിലും പരിസ്ഥിതി ബോധം വളര്‍ത്തുകയുമാണ് ബയോബ്ലിറ്റ്‌സ് പരിപാടിയുടെ ലക്ഷ്യമെന്ന് സ്റ്റിയര്‍ പ്രതിനിധികള്‍ പറഞ്ഞു.

വൈവിധ്യമാര്‍ന്ന ഭൂപ്രകൃതി, വന-പുല്‍മേട് സംയോജിത മേഖലകള്‍, ജലബന്ധിത ആവാസവ്യവസ്ഥകള്‍ എന്നിവ കാരണം കൊടികുത്തിമലക്ക് വലിയ സംരക്ഷണ പ്രാധാന്യമുണ്ടെന്ന് പരിപാടിയുമായി ബന്ധപ്പെട്ട പരിസ്ഥിതി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഡോ. കാലേഷ് സദാശിവന്‍, വിനയന്‍ പി. നായര്‍, ഡോ. അനൂപ് എന്നിവര്‍ നല്‍കിയ അക്കാദമികവും അനുഭവസമ്പന്നവുമായ മാര്‍ഗനിര്‍ദേശമാണ് സര്‍വേക്ക് ശാസ്ത്രീയ കൃത്യത ഉറപ്പാക്കിയത്.

PREV
Read more Articles on
click me!

Recommended Stories

1 കി.മീ ചുറ്റളവിൽ നോൺ-വെജ് കഴിക്കാൻ പാടില്ല! ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടവും സഞ്ചാരികൾ പാലിക്കേണ്ട നിബന്ധനകളും
ഇന്ത്യയുടെ ആത്മീയ കേന്ദ്രമായി വാരണാസി; 2025ൽ സന്ദർശകരുടെ എണ്ണത്തിൽ വൻ വർധന, കണക്കുകൾ പുറത്തുവിട്ട് യുപി സർക്കാർ