
ഓവർ ടൂറിസം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി ഇറ്റലി. മോശം പെരുമാറ്റത്തിന് വിനോദസഞ്ചാരികൾക്ക് മേൽ പിഴ ചുമത്താനാണ് തീരുമാനം. 50,000 രൂപ വരെ പിഴ ചുമത്താനുള്ള വ്യവസ്ഥയാണ് ഏർപ്പെടുത്തുന്നത്. നഗര ശുചിത്വം സംരക്ഷിക്കുന്നതിനും പൊതു സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഈ നീക്കം നടപ്പിലാക്കുന്നതിനായി വെനീസ് നഗരം മുന്നോട്ടു വന്നുകഴിഞ്ഞു. വിനോദസഞ്ചാരികളുടെ പെരുമാറ്റത്തെ കുറിച്ച് തദ്ദേശവാസികളിൽ നിന്ന് വർദ്ധിച്ചുവരുന്ന പരാതികൾക്ക് പരിഹാരം കാണാനാണ് പുതിയ നീക്കം. വെനീസ് സിറ്റി കൗൺസിൽ മുനിസിപ്പൽ പൊലീസ് അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പിഴ ചുമത്തപ്പെടാവുന്ന പെരുമാറ്റങ്ങളുടെ ഒരു പട്ടിക തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രാദേശിക സമൂഹങ്ങളെ സംരക്ഷിക്കുന്നതിനും എല്ലാവർക്കും സുഖകരമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും ഈ നടപടികൾ അനിവാര്യമാണെന്നാണ് അധികാരികളുടെ നിലപാട്. വെനീസിൽ വരുന്ന നിയന്ത്രണങ്ങൾ ഒറ്റപ്പെട്ട സംഭവമല്ല. പോർച്ചുഗൽ, സ്‌പെയിൻ തുടങ്ങിയ യൂറോപ്പിലെ മറ്റ് ജനപ്രിയ സ്ഥലങ്ങളും വിനോദസഞ്ചാരികളുടെ പെരുമാറ്റം നിയന്ത്രിക്കുന്നതിന് കർശനമായ നിയമങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പോർച്ചുഗലിലെ അൽബുഫെയ്‌റയിൽ, ബീച്ചിന് പുറത്ത് നീന്തൽ വസ്ത്രങ്ങൾ ധരിച്ചാൽ €1,500 (1,52,109 രൂപ) വരെ പിഴ ഈടാക്കിയേക്കാം. അതുപോലെ, സ്പെയിനിലെ ബലേറിക് ദ്വീപുകളിൽ, പൊതുസ്ഥലത്ത് മദ്യപിച്ചാൽ പിഴ €3,000 (3,04,218 രൂപ) വരെയാകാം.
മോശം പെരുമാറ്റങ്ങൾക്കെതിരെയുള്ള ഈ നടപടി ഇറ്റലിയിലെ അമിത വിനോദസഞ്ചാരം ഉയർത്തുന്ന ആശങ്കകളെയാണ് എടുത്തുകാണിക്കുന്നത്. എല്ലാ വർഷവും ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന രാജ്യമാണ് ഇറ്റലി. അതിനാൽ തന്നെ ഉത്തരവാദിത്ത ടൂറിസം വളർത്തുന്നതിനും സന്ദർശകരെ അവരുടെ ചുറ്റുപാടുകളുമായി പ്രശ്നങ്ങളില്ലാതെ ഇടപഴകാൻ പ്രോത്സാഹിപ്പിക്കുന്നതിനും ഈ പദ്ധതി സഹായകരമാകുമെന്നാണ് വിലയിരുത്തൽ.