സഞ്ചാരികൾ ശ്രദ്ധിക്കുക; ഗവിയിൽ നാല് ദിവസം പ്രവേശനമില്ല, അറിയേണ്ടതെല്ലാം

Published : Jan 12, 2026, 04:15 PM IST
Gavi

Synopsis

ശബരിമല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി, പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗവിയിൽ ജനുവരി 12 മുതൽ 15 വരെ സഞ്ചാരികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി.

പത്തനംതിട്ട: കേരളത്തിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ​ഗവിയിൽ നാല് ദിവസം സഞ്ചാരികൾക്ക് വിലക്ക്. ശബരിമല മകര വിളക്ക് ഉത്സവം പ്രമാണിച്ചുള്ള സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് പ്രവേശനം നിരോധിച്ചിരിക്കുന്നത്. ജനുവരി 12 മുതൽ 15 വരെ ആങ്ങമൂഴി കൊച്ചാണ്ടി ചെക്ക് പോസ്റ്റ് വഴി ഗവിയിലേയ്ക്ക് വിനോദ സഞ്ചാരികളെ കടത്തി വിടില്ലെന്ന് ഗൂഡ്രിക്കൽ റേഞ്ച് ഓഫിസർ എ.എസ് അശോക് അറിയിച്ചു.

പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ഒരു ഗ്രാമമാണ് ഗവി. ആനകൾ, കടുവകൾ, പുലികൾ തുടങ്ങി വന്യജീവികൾ തിങ്ങിനിറഞ്ഞ മേഖലയാണിത്. നിശ്ചലമായ ​ഗവി തടാകത്തിലൂടെയുള്ള ബോട്ടിംഗ് സഞ്ചാരികൾക്ക് ശാന്തമായ ഒരന്തരീക്ഷവും മറക്കാനാകാത്ത കാഴ്ചകളുമാണ് സമ്മാനിക്കുക. പമ്പ, ആനത്തോട് തുടങ്ങിയ അണക്കെട്ടുകൾ ഗവിയുടെ ഭാഗമാണ്. ലോകപ്രശസ്തമായ ട്രാവൽ മാഗസിൻ 'അലിസ്റ്റർ ക്രിസ്റ്റി' ഗവിയെ ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഇക്കോ-ടൂറിസം കേന്ദ്രങ്ങളിലൊന്നായി തിരഞ്ഞെടുത്തിരുന്നു.

ഗവിയിൽ ചെയ്യേണ്ട വിനോദങ്ങൾ

ജംഗിൾ സഫാരി: വനം വകുപ്പിന്റെ വാഹനങ്ങളിൽ വനത്തിലൂടെയുള്ള യാത്ര അതിമനോഹരമാണ്. വന്യജീവികളെ നേരിയ കാണാൻ ഈ സഫാരി സഹായിക്കും.

ട്രെക്കിംഗ്: പരിചയസമ്പന്നരായ ഗൈഡുകളുടെ സഹായത്തോടെ കാടിനുള്ളിലൂടെയുള്ള ട്രെക്കിം​ഗ് മറക്കാനാകാത്ത അനുഭവങ്ങൾ സമ്മാനിക്കും.

ബോട്ടിംഗ്: ഗവി തടാകത്തിലൂടെയുള്ള ബോട്ട് യാത്ര നിങ്ങളെ പ്രകൃതിയോട് കൂടുതൽ അടുപ്പിക്കും.

ക്യാമ്പിംഗ്: ​ഗവിയിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ ടെന്റുകളിൽ താമസിക്കാൻ സൗകര്യമുണ്ട്.

സന്ദർശകർ ശ്രദ്ധിക്കാൻ

പാസ്: ഗവിയിലേക്ക് പ്രവേശിക്കാൻ ആങ്ങമൂഴി വനം വകുപ്പ് ചെക്ക് പോസ്റ്റിൽ നിന്ന് മുൻകൂട്ടി പാസ് എടുക്കണം. ഓൺലൈനായും ബുക്ക് ചെയ്യാം.

കെ.എസ്.ആർ.ടി.സി: സാധാരണക്കാർക്കും വിനോദസഞ്ചാരികൾക്കും പത്തനംതിട്ടയിൽ നിന്നോ കുമിളിയിൽ നിന്നോ ഉള്ള കെ.എസ്.ആർ.ടി.സി ബസിൽ ​ഗവിയിലേയ്ക്ക് പോകാം. വനത്തിലൂടെയുള്ള ആനവണ്ടി യാത്ര മനോഹരമാണ്.

പ്ലാസ്റ്റിക് നിരോധനം: ഒരു സമ്പൂർണ്ണ പ്ലാസ്റ്റിക് വിമുക്ത മേഖലയാണ് ഗവി. അതിനാൽ പ്ലാസ്റ്റിക് ഇവിടേയ്ക്ക് കൊണ്ടുപോകാതിരിക്കുക.

എങ്ങനെ എത്തിച്ചേരാം?

തേക്കടി സന്ദർശിക്കുന്നവർക്ക് കുമിളിയിൽ നിന്ന് വണ്ടിപ്പെരിയാർ വഴി ഗവിയിലെത്താം. ഏകദേശം 28 കി.മീ ദൂരമുണ്ട്. പത്തനംതിട്ട - ആങ്ങമൂഴി - കൊച്ചുപമ്പ വഴിയും ഗവിയിലെത്താം.

സന്ദർശിക്കാൻ അനുയോജ്യമായ സമയം

സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ​ഗവി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

PREV
Read more Articles on
click me!

Recommended Stories

ട്രെയിൻ വൈകിയാൽ റെയിൽവേ തരും 'സർപ്രൈസ് ഫുഡ്'; ബാധകം ഈ ട്രെയിനുകൾക്ക്, ഐആർസിടിസി കാറ്ററിംഗ് പോളിസി അറിയാം
ഈ കരിമ്പ് ജ്യൂസുകാരൻ നിസ്സാരക്കാരനല്ല! വരുമാനം ലോകസഞ്ചാരത്തിന്, കണ്ണൂരുകാരൻ ഹാഷിം സന്ദർശിച്ചത് 10 രാജ്യങ്ങൾ!