ഒറ്റയ്ക്ക് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഇതാ ഏറ്റവും സുരക്ഷിത രാജ്യങ്ങളും ഏറ്റവും അപകടസാധ്യതയുള്ള രാജ്യവും

Published : Jul 26, 2026, 03:00 PM IST
Solo Travel, Safest Countries for Solo Travel in 2026, Safest Countries, Solo Travel in 2026, Solo Travel Tips

Synopsis

2026-ൽ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഏറ്റവും സുരക്ഷിതവും അപകടസാധ്യതയേറിയതുമായ രാജ്യങ്ങളുടെ പട്ടിക സ്ക്വയർമൌത്ത് പുറത്തുവിട്ടു. സാൻ മറിനോ ഏറ്റവും സുരക്ഷിതമായ രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, വെനിസ്വേലയാണ് ഏറ്റവും അപകടസാധ്യതയുള്ള രാജ്യം. സുരക്ഷ, ആരോഗ്യപരിരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് ഈ റാങ്കിങ് തയ്യാറാക്കിയത്.

ലോകമെമ്പാടും ഒറ്റയ്‌ക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ സോളോ ട്രാവൽ പ്ലാൻ ചെയ്യുന്നവർ ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കും മുൻപ് ഈ പട്ടിക ഒന്ന് കണ്ടിരിക്കണം. 2026-ൽ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഏറ്റവും സുരക്ഷിതവും അപകടസാധ്യതയേറിയതുമായ രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് അമേരിക്ക ആസ്ഥാനമായ ട്രാവൽ ഇൻഷുറൻസ് താരതമ്യ പ്ലാറ്റ്ഫോമായ സ്ക്വയർമൌത്ത് (Squaremouth).

ലോകമെമ്പാടും സോളോ ട്രാവൽ വേഗത്തിൽ പ്രചാരം നേടുന്നതിനിടെയാണ് പുതിയ റാങ്കിങ് ശ്രദ്ധ നേടുന്നത്. യൂറോപ്പിലെ കുഞ്ഞൻ രാജ്യമായ സാൻ മറിനോയാണ് 10-ൽ 0.78 എന്ന ഏറ്റവും കുറഞ്ഞ റിസ്‌ക് ഇൻഡക്സോടെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സോളോ ട്രാവൽ ഡെസ്റ്റിനേഷനായി തിരഞ്ഞെടുക്കപ്പെട്ടത്. അൻഡോറ (1.33) രണ്ടാം സ്ഥാനത്തും സിംഗപ്പൂർ (1.56) മൂന്നാം സ്ഥാനത്തുമാണ്.

ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, ഖത്തർ, എസ്റ്റോണിയ, ബ്രൂണൈ, ഡെൻമാർക്ക്, സ്ലോവേനിയ എന്നിവയാണ് ആദ്യ പത്തിൽ ഇടംപിടിച്ച മറ്റ് രാജ്യങ്ങൾ. മികച്ച ആരോഗ്യപരിരക്ഷാ സംവിധാനങ്ങൾ, സുരക്ഷിതമായ പൊതുസാഹചര്യം, സമാധാനാന്തരീക്ഷം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, വിശ്വസനീയമായ ഇന്റർനെറ്റ് സേവനങ്ങൾ എന്നിവയാണ് ഈ രാജ്യങ്ങളുടെ ഉയർന്ന റാങ്കിംഗിന് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് റിപ്പോർട്ട് പറയുന്നു.

ഏറ്റവും അപകടസാധ്യതയുള്ള രാജ്യം ഏത്? 

സോളോ യാത്രക്കാർക്ക് ഏറ്റവും അപകടസാധ്യതയുള്ള രാജ്യമായി വെനിസ്വേലയെയാണ് പഠനം വിലയിരുത്തുന്നത്. 9.74 എന്ന ഉയർന്ന റിസ്‌ക് ഇൻഡക്സാണ് രാജ്യത്തിന് ലഭിച്ചത്. രാത്രിയിൽ ഒറ്റയ്ക്ക് നടക്കാൻ സുരക്ഷിതമാണെന്ന് വിശ്വസിക്കുന്നവരുടെ ശതമാനം വളരെ കുറവായതും, ആരോഗ്യപരിരക്ഷാ സംവിധാനങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങളിലെയും പരിമിതികളും വെനിസ്വേലയെ പട്ടികയിൽ ഒന്നാമതെത്തിച്ചു. പെറു, ഗാബോൺ, കൊളംബിയ, ബൊളീവിയ, ജമൈക്ക, ഗയാന, ഇക്വഡോർ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, ദക്ഷിണാഫ്രിക്ക എന്നിവയാണ് അപകടസാധ്യത കൂടുതലുള്ള മറ്റ് രാജ്യങ്ങൾ.

റാങ്കിങ് തയ്യാറാക്കിയത് എങ്ങനെ?

 രാജ്യങ്ങളുടെ സുരക്ഷാ നിലവാരം വിലയിരുത്താൻ വിവിധ അന്താരാഷ്ട്ര സൂചികകളാണ് സ്ക്വയർമൌത്ത് ഉപയോഗിച്ചത്. രാത്രിയിൽ ഒറ്റയ്ക്ക് നടക്കുമ്പോൾ ആളുകൾക്ക് അനുഭവപ്പെടുന്ന സുരക്ഷാബോധം, ആക്രമണഭീതി, ഗ്ലോബൽ പീസ് ഇൻഡക്സ്, ഹെൽത്ത് കെയർ ഇൻഡക്സ്, മൊബൈൽ ഇന്റർനെറ്റ് വേഗത, ആയിരം ആളുകൾക്ക് ലഭ്യമായ ആശുപത്രി കിടക്കകളുടെ എണ്ണം, വേൾഡ് റിസ്‌ക് ഇൻഡക്സ് തുടങ്ങിയ ഘടകങ്ങൾ സംയോജിപ്പിച്ചാണ് 2026-ലെ റാങ്കിങ് തയ്യാറാക്കിയതെന്ന് പഠനം വ്യക്തമാക്കുന്നു.

സോളോ ട്രാവൽ ആലോചിക്കുന്നവർക്ക് രാജ്യത്തിന്റെ വിനോദസഞ്ചാര ആകർഷണങ്ങൾ മാത്രം നോക്കാതെ സുരക്ഷ, ആരോഗ്യസൗകര്യങ്ങൾ, അടിയന്തര സേവനങ്ങളുടെ ലഭ്യത എന്നിവയും പരിശോധിച്ച ശേഷമേ യാത്ര തീരുമാനിക്കാവൂ എന്നും ഈ റിപ്പോർട്ട് ഓർമ്മിപ്പിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

ഓർമ്മയാകുമോ ടോൾ പ്ലാസകൾ? ഹൈവേയിൽ പുതിയ വിപ്ലവം
സ്പെയിനിലും ഇനി യുപിഐ വഴി പണം അടയ്ക്കാമോ? യാത്രികർ ഹാപ്പിയാകും; നിർണായക ചർച്ചകൾ