
പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനിയായ സിംഗപ്പൂർ എയർലൈൻസ് ബിസിനസ് ക്ലാസ് യാത്രക്കാരുടെ മുൻകൂർ സീറ്റ് തിരഞ്ഞെടുപ്പ് നയത്തിൽ പ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചു. 2026 ജൂൺ 2 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നയം പ്രകാരം, ബിസിനസ് ക്ലാസിലെ എല്ലാ യാത്രക്കാർക്കും ഇനി ഒരുപോലെ സീറ്റ് തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കില്ല. യാത്രക്കാരുടെ ടിക്കറ്റ് വിഭാഗവും ക്രിസ്‌ഫ്ലയർ അംഗത്വ നിലയും അടിസ്ഥാനമാക്കിയാണ് സീറ്റ് തിരഞ്ഞെടുപ്പിനുള്ള അവകാശങ്ങൾ നിർണയിക്കുക.
പുതിയ നയം ജൂൺ 2 മുതൽ നടത്തുന്ന എല്ലാ സീറ്റ് തിരഞ്ഞെടുപ്പുകൾക്കും ബാധകമായിരിക്കും. ടിക്കറ്റ് എപ്പോൾ ബുക്ക് ചെയ്തതാണെന്നത് ഇതിൽ നിർണായകമല്ല. എന്നാൽ ജൂൺ 2-ന് മുമ്പ് സീറ്റ് തിരഞ്ഞെടുക്കൽ പൂർത്തിയാക്കിയ യാത്രക്കാരെ ഈ മാറ്റം ബാധിക്കില്ല.
ദി സ്ട്രെയ്റ്റ്സ് ടൈംസ് റിപ്പോർട്ട് പ്രകാരം, വാണിജ്യപരമായ ആവശ്യങ്ങളും പ്രത്യേക ആവശ്യങ്ങളുള്ള യാത്രക്കാരുടെ സൗകര്യങ്ങളും പരിഗണിച്ചാണ് ഈ മാറ്റം കൊണ്ടുവന്നത്. പുതിയ നിയമം അനുസരിച്ച്, ബിസിനസ് ലൈറ്റ് (Business Lite) നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കും ക്രിസ്‌ഫ്ലയർ മൈലുകൾ ഉപയോഗിച്ച് സേവർ (Saver), അഡ്വാന്റേജ് (Advantage), പ്രൊമോ (Promo) വിഭാഗങ്ങളിൽ ടിക്കറ്റ് എടുക്കുന്നവർക്കും മുൻകൂർ സീറ്റ് തിരഞ്ഞെടുപ്പിൽ പരിമിതമായ ഓപ്ഷനുകൾ മാത്രമേ ലഭിക്കൂ.
അതേസമയം, പി.പി.എസ് ക്ലബ് (PPS Club) അംഗങ്ങൾക്കും ബിസിനസ് ഫ്ലെക്സി (Business Flexi), ബിസിനസ് ആക്സസ് (Business Access), ബിസിനസ് സ്റ്റാൻഡേർഡ് (Business Standard) നിരക്കുകളിൽ യാത്ര ചെയ്യുന്നവർക്കും വിമാനത്തിലെ ലഭ്യമായ ഏതൊരു ബിസിനസ് ക്ലാസ് സീറ്റും മുൻകൂട്ടി തിരഞ്ഞെടുക്കാൻ കഴിയും. ഈ മാറ്റം എയർബസ് എ350, എയർബസ് എ380, ബോയിങ് 777-300ER, ബോയിങ് 787-10 എന്നീ വിമാനങ്ങളിൽ ബാധകമായിരിക്കും. എന്നാൽ നിലവിൽ ബോയിങ് 737-8 മാക്‌സ് വിമാനങ്ങളെ പുതിയ നയത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മുമ്പ് സിംഗപ്പൂർ എയർലൈൻസ് ബിസിനസ് ക്ലാസിലെ എല്ലാ യാത്രക്കാർക്കും കാബിനിലെ ഏതൊരു സീറ്റും മുൻകൂട്ടി തിരഞ്ഞെടുക്കാൻ സാധിച്ചിരുന്നു. പുതിയ നയം പ്രാബല്യത്തിൽ വന്നതോടെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കും അവാർഡ് ടിക്കറ്റുകൾ ഉപയോഗിക്കുന്നവർക്കും കൂടുതൽ നിയന്ത്രണങ്ങൾ നേരിടേണ്ടിവരും. അതേസമയം, ഉയർന്ന നിരക്കിലുള്ള ടിക്കറ്റുകളും പ്രീമിയം അംഗത്വങ്ങളും ഉള്ള യാത്രക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന രീതിയിലേക്കാണ് കമ്പനി നീങ്ങുന്നതെന്ന് വിലയിരുത്തപ്പെടുന്നു.