'നീല വ്യാളി'യുടെ സാന്നിധ്യം; ബീച്ചുകൾ അടച്ചു, നേരിൽ കണ്ടാൽ വിവരം അറിയിക്കണമെന്ന് പൊലീസ്, സ്പെയിനിൽ ആശങ്ക ഉയ‍‍ര്‍ത്തി വിഷമുള്ള കടൽ ജീവികൾ

Published : Aug 27, 2025, 05:04 PM IST
Spain beach

Synopsis

പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്ത് പുതിയ ഉത്തരവ് ഉണ്ടാകുന്നതുവരെ എല്ലാ മുനിസിപ്പൽ ബീച്ചുകളിലും നീന്തൽ നിരോധിച്ചു. 

മാഡ്രിഡ്: ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിൽ മുൻനിരയിലാണ് സ്പെയ്നിലെ ബീച്ചുകൾ. അടുത്തിടെ വിഷമുള്ള കടൽജീവികളുടെ സാന്നിധ്യം കാരണം സ്പെയിനിലെ ചില പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടേണ്ടി വന്നിരുന്നു. ഇപ്പോൾ ഇതാ ഗ്ലോക്കസ് അറ്റ്ലാന്റിക്കസ് എന്ന് അറിയപ്പെടുന്ന 'ബ്ലൂ ഡ്രാഗണുകളുടെ' സാന്നിധ്യം കാരണം കോസ്റ്റ ബ്ലാങ്കയുടെ തെക്കുകിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഗാർഡമർ ഡെൽ സെഗുറയിലെ ബീച്ചുകൾ അടച്ചിടാൻ അധികൃതർ നിർബന്ധിതരായിരിക്കുകയാണ്. ഇവയുടെ കുത്തേറ്റാൽ കടുത്ത വേദന, ഛർദ്ദി, അലർജി എന്നിവ ഉണ്ടായേക്കാം.

ബ്ലൂ ഡ്രാ​ഗണുകളുടെ സാന്നിധ്യം കാരണം പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്ത് പുതിയ ഉത്തരവ് ഉണ്ടാകുന്നതുവരെ എല്ലാ മുനിസിപ്പൽ ബീച്ചുകളിലും നീന്തൽ നിരോധിച്ചിരിക്കുന്നതായി ഗാർഡമർ പൊലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ അറിയിച്ചു. പ്രദേശവാസികളും സന്ദർശകരും നിർദ്ദേശങ്ങൾ പാലിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. മണലിൽ കാണപ്പെടാൻ സാധ്യതയുള്ളതിനാൽ അവയുമായി നേരിട്ട് സമ്പർക്കം ഒഴിവാക്കാനും പൊലീസ് അഭ്യർത്ഥിച്ചു.

വിഷമുള്ള ബ്ലൂ ഡ്രാഗണുകളെ കണ്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും കയ്യുറകൾ ധരിച്ചിട്ടുണ്ടെങ്കിൽ പോലും അവയെ തൊടുന്നത് ഒഴിവാക്കണമെന്നും ഗാർഡമർ ഡെൽ സെഗുറ മേയർ ജോസ് ലൂയിസ് സെയ്‌സ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. അവയുടെ കുത്തേറ്റാൽ, അവിടം ഉപ്പുവെള്ളം ഉപയോഗിച്ച് കഴുകണമെന്നും ഉടനടി വൈദ്യസഹായം തേടണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ഏകദേശം 3 സെന്റീമീറ്റർ (1.2 ഇഞ്ച്) നീളമുള്ള ഒരു ചെറിയ ജീവിയാണ് ബ്ലൂ ഡ്രാ​ഗൺ. വലിപ്പം കുറവാണെങ്കിലും വലിയ മൃ​ഗങ്ങളെ പോലും വിഷം ഉപയോ​ഗിച്ച് അബോധാവസ്ഥയിലേയ്ക്ക് തള്ളിവിടാൻ ഇവയ്ക്ക് കഴിയും. മെഡിറ്ററേനിയൻ പ്രദേശത്ത് സാധാരണയായി ബ്ലൂ ഡ്രാഗണുകൾ വളരെ അപൂർവമായി മാത്രമേ പ്രത്യക്ഷപ്പെടാറുള്ളൂ. അറ്റ്ലാന്റിക്, പസഫിക്, ഇന്ത്യൻ മഹാസമുദ്രങ്ങളിലെ മിതശീതോഷ്ണ, ഉഷ്ണമേഖലാ ജലാശയങ്ങളിലാണ് ഇവ സാധാരണയായി കാണപ്പെടുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഒറ്റ ദിവസം മതി! വയനാട്ടിലെ ഈ 4 'മസ്റ്റ് വിസിറ്റ്' സ്പോട്ടുകൾ കണ്ടുമടങ്ങാം
വന്ദേ ഭാരതിലെ യാത്ര; അമ്പരന്ന് സ്പാനിഷ് യുവതി, വീഡിയോ കാണാം