ഇങ്ങോട്ട് ടൂർ പോകുന്നവർ സൂക്ഷിക്കുക; കണ്ണടച്ചുതുറക്കും മുമ്പ് പേഴ്‌സ് അപ്രത്യക്ഷമാകും! വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് മോഷണസംഘങ്ങൾ

Published : Jul 08, 2026, 12:50 PM IST
Theft

Synopsis

സ്പെയിനിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മല്ലോർക്കയിൽ പോക്കറ്റടി സംഘങ്ങൾ സജീവമായതായി റിപ്പോർട്ട്. വിദേശ സഞ്ചാരികളെ ലക്ഷ്യമിട്ട് മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ, തിരക്കേറിയ സ്ഥലങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് യാത്രാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

യൂറോപ്പിലെ പ്രമുഖ വേനൽക്കാല വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ സ്പെയിനിലെ മല്ലോർക്കയിൽ (Mallorca) സഞ്ചാരികളുടെ തിരക്ക് വർധിച്ചതോടെ പോക്കറ്റടി സംഘങ്ങളും സജീവമായതായി റിപ്പോർട്ട്. സമൂഹമാധ്യമങ്ങളിൽ വൈറലായ നിരവധി വീഡിയോകളിൽ വിദേശ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് മോഷണം നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

മയോർക്കയുടെ തലസ്ഥാനമായ പാൽമയ്ക്ക് സമീപമാണ് സംഭവങ്ങൾ നടന്നതെന്ന് മയോർക്ക ഡെയിലി ബുള്ളറ്റിൻ റിപ്പോർട്ട് ചെയ്യുന്നു. പുറത്തുവന്ന ഒരു വീഡിയോയിൽ പ്രായമായ ദമ്പതികളെ യുവാക്കളുടെ സംഘം വളഞ്ഞുനിൽക്കുകയും, അതിനിടെ ഒരാളുടെ പോക്കറ്റിൽ നിന്ന് സാധനങ്ങൾ മോഷ്‍ടിക്കുകയും ചെയ്യുന്നതായി കാണാം. മോഷണം നടക്കുന്നതറിയാതെ അദ്ദേഹം മറ്റൊരു ദിശയിലേക്ക് നോക്കി നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റൊരു വീഡിയോയിൽ പാൽമ കത്തീഡ്രലിന് സമീപം നടന്നുപോകുകയായിരുന്ന പ്രായമായ സ്ത്രീയുടെ ബാഗിൽ നിന്ന് രണ്ട് യുവാക്കൾ പഴ്‌സ് തട്ടിയെടുക്കുന്നതായും കാണാം.

ഐബിസ, മെനോർക്ക എന്നിവയ്‌ക്കൊപ്പം സ്പെയിനിലെ ഏറ്റവും ജനപ്രിയ മെഡിറ്ററേനിയൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് മയോർക്ക. എന്നാൽ സമീപ വർഷങ്ങളിലായി അമിത വിനോദസഞ്ചാരികളുടെ ഒഴുക്കും അതിനെ തുടർന്നുള്ള സുരക്ഷാ പ്രശ്‍നങ്ങളും ദ്വീപിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. 2025-ൽ മാത്രം ഏകദേശം 1.35 കോടി സന്ദർശകരാണ് മയോർക്കയിലെത്തിയത്.

യാത്രാ വിദഗ്ധനും 'ദി ടൂർ ഗൈ' എന്ന യൂട്യൂബ് ചാനലിന്റെ അവതാരകനുമായ ആഞ്ചൽ കാസ്റ്റെല്ലാനോസിന്റെ അഭിപ്രായത്തിൽ, പ്രായമായവരെ മാത്രം ലക്ഷ്യമിട്ടല്ല പോക്കറ്റടിക്കാർ പ്രവർത്തിക്കുന്നത്. ചുറ്റുപാടുകളിൽ ശ്രദ്ധിക്കാത്തവർ, ഷോപ്പിങ് ബാഗുകളുമായി തിരക്കിൽ നടക്കുന്നവർ, സ്ഥലത്തെക്കുറിച്ച് പരിചയമില്ലാത്തവർ, പെട്ടെന്ന് പ്രതികരിക്കാൻ കഴിയാത്തവർ എന്നിവരാണ് പ്രധാന ലക്ഷ്യങ്ങൾ. രാത്രികാല ആഘോഷങ്ങളിൽ മദ്യപിച്ചിരിക്കുന്ന സഞ്ചാരികളും എളുപ്പത്തിൽ ഇരകളാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിലപിടിപ്പുള്ള വസ്‍തുക്കളുടെ സുരക്ഷയിൽ എപ്പോഴും ശ്രദ്ധ പുലർത്തണമെന്ന് കാസ്റ്റെല്ലാനോസ് നിർദേശിക്കുന്നു. മോഷണം തടയാൻ ആന്റി-തെഫ്റ്റ് ക്രോസ്-ബോഡി ബാഗുകളും സിപ്പുള്ള മുൻപോക്കറ്റുകളും ഉപയോഗിക്കുന്നത് നല്ലതാണെന്നും, കഫേകളിലെ മേശപ്പുറത്ത് മൊബൈൽ ഫോൺ വച്ച് മാറിനിൽക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ഉപദേശിക്കുന്നു. ഈ സംഭവങ്ങൾ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും ഇതിന്റെ പേരിൽ മയോർക്ക സന്ദർശിക്കുന്നത് ഒഴിവാക്കേണ്ട സാഹചര്യമില്ലെന്നും, ജാഗ്രതയോടെ യാത്ര ചെയ്താൽ സുരക്ഷിതമായി അവധി ആഘോഷിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

ഈ ഒരൊറ്റ തെറ്റ് മതി സ്വർഗം പോലൊരു സ്ഥലം നശിക്കാൻ! യാത്ര പോയാൽ ഇനി ഇങ്ങനെ ചെയ്യരുത്; പുതിയ ട്രാവൽ റൂൾ അറിയാമോ?
ഫ്ലൈറ്റ് ക്യാൻസൽ, എങ്ങും സൈറൺ; പ്രശ്നബാധിത മേഖലകളിൽ കുടുങ്ങിയാൽ എന്തുചെയ്യണം? അറിയാം 5 വഴികൾ