
ദില്ലി: 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദേശ, ആഭ്യന്തര വിനോദസഞ്ചാരികൾ സന്ദർശിച്ച സ്മാരകമായി താജ്മഹൽ. ടിക്കറ്റുള്ള സ്മാരകങ്ങളുടെ കണക്കുകളാണ് ടൂറിസം മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. 6.26 ദശലക്ഷത്തിലധികം ആഭ്യന്തര സന്ദർശകരും 6,45,000 വിദേശ വിനോദസഞ്ചാരികളും ഇക്കാലയളവിൽ താജ്മഹൽ കാണാനെത്തി. കോവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധികളെ തരണം ചെയ്ത് ഇന്ത്യയുടെ ടൂറിസം മേഖല ശക്തമായ തിരിച്ചുവരവ് നടത്തുകയാണെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
ഷാജഹാൻ ചക്രവർത്തി തന്റെ ഭാര്യ മുംതാസ് മഹലിന്റെ സ്മരണയ്ക്കായി നിർമ്മിച്ച ഈ അത്ഭുത സ്മാരകം, പ്രണയത്തിന്റെ ആഗോള പ്രതീകമായും ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ വാസ്തുവിദ്യാ സ്മാരകങ്ങളിലൊന്നായും തുടരുകയാണ്. യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളിലും താജ്മഹൽ ഇടംനേടിയിരുന്നു. ഇന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഒരു സംരക്ഷിത സ്മാരകമാണിത്.
താജ്മഹലിന് പുറമെ ഉയർന്ന ജനത്തിരക്ക് അനുഭവപ്പെട്ട മറ്റ് സ്മാരകങ്ങൾ
അതേസമയം, 2024-ൽ ഇന്ത്യൻ യാത്രക്കാർ 30.89 ദശലക്ഷം യാത്രകൾ നടത്തിയതായി ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. ഇത് 2023-നെ അപേക്ഷിച്ച് 10.79% കൂടുതലാണ്. യുഎഇ, യുഎസ്എ, സൗദി അറേബ്യ, തായ്‌ലൻഡ് എന്നിവയാണ് ഇന്ത്യൻ യാത്രക്കാർ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങൾ. ഇതിൽ 98% പേരും വിമാനത്തിലാണ് സഞ്ചരിച്ചത്. 1.46 ശതമാനം പേർ കരമാർഗവും 0.54 ശതമാനം പേർ ജലപാതകളും ഉപയോഗിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.