ലൈറ്റ്സ് ഓൺ; അനന്തപുരി ഒരുങ്ങി, ഓണം വാരാഘോഷം വര്‍ണാഭമാക്കാന്‍ നഗരത്തില്‍ ദീപാലങ്കാരങ്ങള്‍ മിഴി തുറന്നു

Published : Sep 03, 2025, 12:01 AM IST
Onam 2025

Synopsis

സംസ്ഥാനതല ഓണാഘോഷം സെപ്റ്റംബര്‍ 3ന് കനകക്കുന്നില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം: ഓണാഘോഷത്തിന് ഉത്സവഛായ പകര്‍ന്ന് തിരുവനന്തപുരം നഗരത്തിലെമ്പാടും ദീപാലങ്കാരങ്ങള്‍ മിഴി തുറന്നു. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്‍റെ ഭാഗമായി ഒരുക്കിയ വൈദ്യുത ദീപാലങ്കാരത്തിന്‍റെ സ്വിച്ച് ഓണ്‍ ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് കനകക്കുന്നില്‍ നിര്‍വ്വഹിച്ചു. സംസ്ഥാനതല ഓണാഘോഷം ഇന്ന് വൈകിട്ട് 6 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

കേരളത്തിന്‍റെ മതസാഹോദര്യത്തിന്‍റെ പ്രതീകമാണ് ഓണാഘോഷമെന്ന് മന്ത്രി പറഞ്ഞു. ഓണക്കാലത്ത് വിദേശത്തു നിന്ന് ഉള്‍പ്പെടെ ഒട്ടേറെ സഞ്ചാരികള്‍ കേരളത്തിലെത്തും. ടൂറിസം മേഖലയ്ക്ക് ഇത് പുതിയ ഉണര്‍വ് നല്‍കും. തിരുവനന്തപുരത്തെ ഓണാഘോഷം ലോകം ശ്രദ്ധിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍ അനില്‍, എ.എ റഹീം എംപി, എംഎല്‍എമാരായ ഐ.ബി സതീഷ്, സി.കെ ഹരീന്ദ്രന്‍, വി.കെ പ്രശാന്ത്, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഓണം വാരാഘോഷത്തിന്‍റെ പതാക മന്ത്രി മുഹമ്മദ് റിയാസ് കനകക്കുന്നില്‍ ഉയര്‍ത്തി. കനകക്കുന്നില്‍ ആരംഭിച്ച ഓണം ഭക്ഷ്യമേള, മീഡിയ സെന്‍റര്‍ എന്നിവയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.

കവടിയാര്‍ മുതല്‍ മണക്കാട് വരെയാണ് വര്‍ണാഭമായ ദീപാലങ്കാരം ഒരുക്കിയിട്ടുള്ളത്. നഗരത്തിലെ ഓണാഘോഷത്തിന്‍റെ ഏറ്റവും ആകര്‍ഷകമായ കാഴ്ചയാണ് ദീപാലങ്കാരം. ഇതുകൂടി ആസ്വദിക്കാനായിട്ടാണ് ഓണക്കാലത്ത് രാത്രി വൈകിയും ഏറ്റവുമധികം ആളുകള്‍ നഗരത്തില്‍ എത്തുന്നത്. മുന്‍വര്‍ഷങ്ങളേക്കാള്‍ ആകര്‍ഷകവും വിപുലവുമായിട്ടാണ് ഇക്കുറി ദീപാലങ്കാരങ്ങള്‍ ഒരുക്കിയിട്ടുള്ളത്. നഗരത്തിലെ പ്രധാന റോഡുകളും ജങ്ഷനുകളും സര്‍ക്കാര്‍ മന്ദിരങ്ങളും ദീപാലങ്കാരത്തിന്‍റെ ഭാഗമാണ്.

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ സെപ്റ്റംബര്‍ ഒമ്പത് വരെ വിപുലമായ പരിപാടികളോടെയാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്. കേരളത്തിന്‍റെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങള്‍ക്കൊപ്പം ആധുനിക കലകളും സംഗീത, ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളും ഓണം വാരാഘോഷത്തിന് മാറ്റുകൂട്ടും. 33 വേദികളിലാണ് തിരുവനന്തപുരത്ത് കലാപരിപാടികള്‍ അരങ്ങേറുക. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ 10,000 ത്തോളം കലാകാരൻമാർ ഓണാഘോഷ പരിപാടികളുടെ ഭാഗമാകും.

PREV
Read more Articles on
click me!

Recommended Stories

ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ
അഡ്രിനാലിൻ പമ്പ് ചെയ്യാം! തിരക്കുകൾ മാറ്റിവെച്ച് പോകാൻ ഇതിനോളം മികച്ച സ്പോട്ടില്ല, കീഴടക്കാം പൈതൽമല