
ഇടുക്കിയുടെ സൗന്ദര്യം എത്ര വർണ്ണിച്ചാലും മതിവരില്ല. എത്ര കണ്ടാലും ഇവിടുത്തെ കാഴ്ചകൾ തീരില്ലെന്ന് വേണമെങ്കിൽ പറയാം. ഇടുക്കിയിൽ ‘കേരളത്തിന്റെ സ്വിറ്റ്സർലാൻഡ്’ എന്ന് അറിയപ്പെടുന്ന ഒരിടമുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? ഉപ്പുകുന്ന്... കോടമഞ്ഞിനൊപ്പം ചെറിയൊരു ട്രെക്കിംഗ് വൈബൊക്കെ പിടിച്ച് യാത്ര ചെയ്യാവുന്ന ഇടമാണ് ഉപ്പുകുന്ന്. ഇവിടെ എത്തിയാൽ മലനിരകളുടെ സൗന്ദര്യം മനസ് നിറയെ നോക്കിനിന്ന് ആസ്വദിക്കാം.
സമുദ്രനിരപ്പിൽ നിന്ന് 3200 അടി ഉയരത്തിലാണ് ഉപ്പുകുന്ന് സ്ഥിതി ചെയ്യുന്നത്. അരുവിപ്പാറ, മുറംകെട്ടിപ്പാറ എന്നീ മൊട്ടക്കുന്നുകൾ ഉൾപ്പെട്ടതാണ് ഉപ്പുകുന്ന്. പുൽമേടുകളും മൊട്ടക്കുന്നുമാണ് ഇവിടുത്തെ മെയിൻ കാഴ്ച. ഉപ്പ് ചരൽ പോലെ വെള്ളാരം കല്ല് ചിതറിക്കിടക്കുന്നതിനാലാണ് ഉപ്പുകുന്നിന് ഈ പേര് വന്നത്. തൊടുപുഴയിൽ നിന്ന് 30 കിലോ മീറ്റർ അകലെ ഉടുമ്പന്നൂർ പഞ്ചായത്തിലാണ് ഉപ്പുകുന്ന് തലയുയർത്തി നിൽക്കുന്നത്.
കുളമാവ് ഡാം, ചെറു തേൻമാരി വെള്ളച്ചാട്ടം, മലങ്കര ജലാശയം, പൂമാല, കുടയത്തൂരൊക്കെ ഈ കുന്നിന് മുകളിലെത്തിയാൽ കാണാനാകും. ചെങ്കുത്തായ പാറകളും കൊക്കകളും ഉള്ളതിനാൽ അതീവ ശ്രദ്ധയോടെ വേണം ഇവിടേയ്ക്ക് യാത്ര ചെയ്യാൻ. തൊടുപുഴയിൽ നിന്നും പോകുമ്പോൾ ഇടുക്കി കുളമാവ് ഡാമിന് ശേഷം പാറമട എന്ന ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഏകദേശം മൂന്ന് കിലോമീറ്ററോളം പോകുമ്പോഴാണ് ഉപ്പുകുന്ന് വ്യൂപോയിന്റ് ഉള്ളത്.