തലസ്ഥാനം ഇനി ആഘോഷരാവുകളിലേയ്ക്ക്; 'വസന്തോത്സവം' ടൂറിസം മന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

Published : Dec 24, 2025, 11:18 AM IST
Flower Show

Synopsis

ടൂറിസം വകുപ്പ് തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിക്കുന്ന 'വസന്തോത്സവം' പുഷ്പമേളയ്ക്കും ന്യൂ ഇയര്‍ ലൈറ്റ് ഷോയ്ക്കും ഇന്ന് തുടക്കമാകും. ഉദ്ഘാടനം വൈകുന്നേരം 6 മണിയ്ക്ക്. 

തിരുവനന്തപുരം: പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വര്‍ണ്ണക്കാഴ്ചയൊരുക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കനകക്കുന്ന് ഒരുങ്ങി. ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന 'വസന്തോത്സവം' പുഷ്പമേളയുടെയും ന്യൂ ഇയര്‍ ലൈറ്റ് ഷോയുടേയും ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറിന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. ചടങ്ങില്‍ പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ മുഖ്യാതിഥിയാകും. 

'ഇലുമിനേറ്റിംഗ് ജോയ് സ്പ്രെഡ്ഡിംഗ് ഹാര്‍മണി' എന്ന ആശയത്തിലാണ് ലൈറ്റ് ഷോ സംഘടിപ്പിക്കുന്നത്. കേരളം രാജ്യത്തിന് മുന്നില്‍ വിളംബരം ചെയ്യുന്ന മതനിരപേക്ഷതയുടെയും ഒരുമയുടെയും സന്ദേശമാണ് ഈ ആഘോഷ പരിപാടിയിലൂടെ പങ്കുവയ്ക്കുന്നത്. എംപിമാരായ ശശി തരൂര്‍, എഎ റഹിം, വി.കെ പ്രശാന്ത് എംഎല്‍എ, കൗണ്‍സിലര്‍ കെ.ആര്‍ ക്ലീറ്റസ്, ജില്ലാ കളക്ടര്‍ അനുകുമാരി, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ ശ്രീധന്യ സുരേഷ്, ഡിടിപിടി സെക്രട്ടറി സതീഷ് മിറാന്‍ഡ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

വൈവിധ്യമാര്‍ന്ന ഇലുമിനേഷനുകളും ഇന്‍സ്റ്റലേഷനുകളും കൊണ്ട് കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിലാണ് ദീപാലങ്കാരങ്ങളും ഒരുക്കുന്നത്. ഇതിന്‍റെ ഭാഗമായുള്ള ലൈറ്റ് ഷോ തലസ്ഥാന നഗരത്തെ പ്രകാശപൂരിതമാക്കും. വസന്തോത്സവത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 35,000 പൂച്ചെടികള്‍ ഒരുക്കും. 8,000-ത്തില്‍ പരം ക്രിസാന്തെമം ചെടികള്‍ കൊണ്ട് ഒരുക്കുന്ന ക്രിസാന്തെമം ഫെസ്റ്റിവല്‍ ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണീയതയാണ്. വസന്തോത്സവത്തിനോട് അനുബന്ധിച്ച് കനകക്കുന്ന് കൊട്ടാരത്തില്‍ പുഷ്പാലങ്കാര പ്രദര്‍ശനവും മത്സരവും ഒരുക്കുന്നുണ്ട്.

ഫ്ളവര്‍ ഷോയ്ക്കു പുറമേ ട്രെഡ് ഫെയര്‍, ഫുഡ് കോര്‍ട്ട്, അമ്യൂസ്മെന്‍റ് പാര്‍ക്ക്, കലാപരിപാടികള്‍ എന്നിവയും ജനുവരി 4 വരെ നടക്കുന്ന വസന്തോത്സവത്തിന്‍റെ ഭാഗമാണ്. മുതിര്‍ന്നവര്‍ക്ക് 50 രൂപ, കുട്ടികള്‍ക്ക് 30 രൂപ എന്നിങ്ങനെയാണ് പ്രവേശന നിരക്ക്. ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

കോട്ടയത്ത് ഹിറ്റടിച്ച് ബജറ്റ് ടൂറിസം; നവംബറിൽ മാത്രം കെഎസ്ആർടിസി പോക്കറ്റിലാക്കിയത് 40 ലക്ഷം രൂപ വരുമാനം!
വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ തിരക്കില്ല; നഗര ശബ്ദങ്ങളെയും തിരക്കിനെയും പിന്നിലാക്കി പോകാം മൂലേപ്പാടം വെള്ളച്ചാട്ടത്തിലേക്ക്