
ഷിംല: തുടർച്ചയായ മേഘവിസ്ഫോടനങ്ങളും വെള്ളപ്പൊക്കവും കാരണം വലിയ പ്രതിസന്ധിയാണ് ഹിമാചൽ പ്രദേശും ജമ്മു കശ്മീരും നേരിടുന്നത്. മൺസൂൺ ശക്തിപ്രാപിച്ചതിന് പിന്നാലെ ഇവിടങ്ങളിലെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ അപകട മേഖലകളായി മാറിയിരിക്കുകയാണ്. മേഘവിസ്ഫോടനത്തിന് പിന്നാലെ റോഡുകൾ തകരുകയും പാലങ്ങൾ ഒലിച്ചുപോകുകയും വൈദ്യുതി ലൈനുകൾ തകർന്നു വീഴുകയും ചെയ്തതോടെ ജനജീവിതം ദുസ്സഹമായി മാറി. അതിനാൽ ഹിമാചലിലേയ്ക്കോ ജമ്മു കശ്മീരിലേയ്ക്കോ ഇപ്പോൾ ട്രിപ്പുകൾ പ്ലാൻ ചെയ്യുന്നവർ നിങ്ങളുടെ യാത്ര താത്ക്കാലികമായി മാറ്റിവെയ്ക്കുന്നതാണ് നല്ലത്. കുളു മുതൽ ഷിംലയിലെ റാംപൂർ വരെയും ലാഹൗൾ-സ്പിതി മുതൽ ധരാലി വരെയും പ്രതികൂല കാലാവസ്ഥ കാരണമുള്ള തടസ്സങ്ങൾ നേരിടുന്നുണ്ട്.
കുളു
കുളു ജില്ലയിൽ ഉണ്ടായ രണ്ട് വ്യത്യസ്ത മേഘവിസ്ഫോടനങ്ങൾ ജനജീവിതം സ്തംഭിപ്പിച്ചു. ശ്രീഖണ്ഡ് മഹാദേവ് പർവതനിരകളിലെ ഭീംദ്വാരിക്കടുത്താണ് ആദ്യത്തെ മേഘവിസ്ഫോടനം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത് കുർപാൻ നദിയിൽ ശക്തമായ വെള്ളപ്പൊക്കത്തിന് കാരണമായി. വെള്ളപ്പൊക്കമുണ്ടായതോടെ ബാഗിപുൾ ബസാറിലെ ആളുകളെ ഒഴിപ്പിച്ചു. മണിക്കൂറുകൾക്ക് ശേഷം, ബട്ടഹാർ ഗ്രാമത്തിന് മുകളിൽ മറ്റൊരു മേഘവിസ്ഫോടനം കൂടി ഉണ്ടായി. നിരവധി വാഹനങ്ങളും കോട്ടേജുകളും കൃഷിഭൂമിയും നശിച്ചു. തീർത്ഥാൻ നദിയിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് മുൻകൂറായി ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, റോഡുകൾക്ക് വ്യാപകമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതുവഴിയുള്ള വിനോദസഞ്ചാരികളുടെ യാത്ര അസാധ്യമായി മാറിയിരിക്കുകയാണ്. കുളു നിങ്ങളുടെ യാത്രാ പദ്ധതിയിലുണ്ടെങ്കിൽ സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ യാത്ര മാറ്റിവെയ്ക്കുക.
ലാഹൗൾ-സ്പിതി
ധോധാൻ, ചാങ്ഗുട്ട്, ഉദ്ഗോസ്, കർപത് ഗ്രാമങ്ങളിലെ വെള്ളപ്പൊക്കം കാരണം ലാഹൗൾ-സ്പിതിയിലേയ്ക്കുള്ള യാത്ര തടസപ്പെട്ടു. കർപത്തിലെ വീടുകൾക്ക് സമീപം അപകടകരമായ രീതിയിൽ വെള്ളപ്പൊക്കമുണ്ടായി. ചാങ്ഗുട്ടിലെയും ഉദ്ഗോസിലെയും പാലങ്ങൾ ഒലിച്ചുപോയി. മിയാർ താഴ്‌വരയിൽ സ്‌കൂളുകൾ അടച്ചുപൂട്ടി. വെള്ളപ്പൊക്കത്തിന്റെ അവശിഷ്ടങ്ങൾ നിറഞ്ഞ് വഴികൾ തടസപ്പെട്ടു. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനാൽ ഈ പ്രദേശം നിലവിൽ യാത്രക്കാർക്ക് സുരക്ഷിതമല്ല.
റാംപൂർ (ഷിംല)
റാംപൂർ സബ് ഡിവിഷനിൽ നന്തി ഗ്രാമത്തിനടുത്തുള്ള ഒരു മേഘവിസ്ഫോടനത്തിൽ രണ്ട് പാലങ്ങളും കടകളും ഒരു പൊലീസ് ഔട്ട്‌പോസ്റ്റും തകർന്നു. ഗാൻവിയുടെ താഴ്‌വരയിലെ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. ബസുകളും ആംബുലൻസുകളും വഴിയിൽ കുടുങ്ങി. വൈദ്യുതി തടസ്സങ്ങൾ വലിയ രീതിയിലുണ്ടായി. നിരവധി വീടുകളാണ് വെള്ളത്തിനടിയിലായത്. കൽക്ക-ഷിംല ഹൈവേ അടച്ചതോടെ ഷിംലയിലേയ്ക്ക് തന്നെ എത്തിച്ചേരുന്നത് വെല്ലുവിളിയായി മാറി.
മാണ്ഡി
മാണ്ഡി ജില്ലയിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം ഉണ്ടാകുകയും റോഡുകൾ തകരുകയും ചെയ്തു. ജറോളിൽ താൽക്കാലിക പാലത്തിൽ നിന്ന് വഴുതി വീണ് ഒരു പ്രദേശവാസി മുങ്ങിമരിച്ച സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാണ്ഡിയിൽ മാത്രം 179 റോഡുകൾ തടസ്സപ്പെട്ടു. അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ വിനോദസഞ്ചാരികൾ ഈ വഴിയുള്ള യാത്രകൾ മാറ്റിവെയ്ക്കുന്നതാണ് നല്ലത്. ഹിമാചൽ പ്രദേശിലെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ നൽകുന്ന കണക്കുകൾ പ്രകാരം നിലവിൽ 323 റോഡുകൾ തടസ്സപ്പെട്ടിരിക്കുകയാണ്. 130 ജലവിതരണ പദ്ധതികൾ തടസ്സപ്പെട്ടു. 79 പവർ ട്രാൻസ്ഫോർമറുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുമുണ്ട്.
കിഷ്ത്വാർ (ജമ്മു കശ്മീർ)
കിഷ്ത്വാർ ജില്ലയിലെ മച്ചയിൽ മാതാ ക്ഷേത്രത്തിന് മുമ്പ് വാഹന സൗകര്യമുള്ള അവസാന ഗ്രാമമായ ചോസോട്ടിയിൽ മേഘസ്‌ഫോടനത്തിൽ നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന മുന്നറിയിപ്പ്. പദ്ദറിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തകർ രക്ഷാപ്രവർത്തനം തുടരുകയാണ്. ഡെപ്യൂട്ടി കമ്മീഷണർ പങ്കജ് കുമാർ ശർമ്മയും എസ്‌എസ്‌പി നരേഷ് സിങ്ങും സ്ഥലം സന്ദർശിച്ചിരുന്നു. അതേസമയം, മുഖ്യമന്ത്രി ഒമർ അബ്ദുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് സ്ഥിതിഗതികൾ വിശദീകരിച്ചു.