
പ്രണയം എന്ന വാക്ക് കേട്ടാല്‍ ഓര്‍മ്മവരുന്ന യാത്രകള്‍ നിങ്ങള്‍ക്കുണ്ടോ? അത് പ്രണയകാലത്തെ യാത്രയാവാം. വിവാഹശേഷമുള്ള ഹണിമൂണ്‍ യാത്രയാവാം. പ്രണയനഷ്ടത്തിനു ശേഷം ആ ഓര്‍മ്മയില്‍ ഒറ്റയ്ക്ക് നടത്തിയ യാത്രയാവാം. മറക്കാനാവാത്ത ആ യാത്രാനുഭവങ്ങള്‍ എഴുതി അയക്കൂ. തെരഞ്ഞെടുക്കപ്പെടുന്നവ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കും. വിലാസം: webteam@asianetnews.in. നിങ്ങളുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിശദവിലാസവും ഫോട്ടോയും യാത്രാ ഫോട്ടോകളുണ്ടെങ്കില്‍ അവയും ഒപ്പം അയക്കണം. സബ്ജക്ട് ലൈനിൽ 'പ്രണയയാത്ര' എന്നെഴുതാൻ മറക്കരുത്.
വാലന്റൈൻസ് ഡേയിൽ പങ്കാളിയ്ക്കൊപ്പം മികച്ച രീതിയിൽ സമയം ചെലവഴിക്കാൻ അനുയോജ്യമായ സ്ഥലങ്ങൾ ഏറെയുണ്ട്. സ്ഥലങ്ങൾ തെരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ശാന്തമായ അന്തരീക്ഷവും പ്രകൃതി ഭംഗിയുമെല്ലാം ഒത്തുചേരുന്ന സ്ഥലങ്ങൾ തെരഞ്ഞെടുത്താൽ പങ്കാളിയോടൊപ്പമുള്ള നിമിഷങ്ങൾ അവിസ്മരണീയമാക്കാം. അത്തരത്തിൽ ഇന്ത്യയിലെ പ്രധാനപ്പെട്ട 5 വാലന്റൈൻ ഡെസ്റ്റിനേഷനുകളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
ഗോവ
ഗോവയിലെ ബീച്ചുകളിലൂടെ സൂര്യാസ്തമയത്തിന്റെ ഭംഗി ആസ്വദിച്ച് പങ്കാളിക്കൊപ്പമുള്ള നടത്തം നൽകുന്ന ഫീൽ പറഞ്ഞറിയിക്കാനാകില്ല. സൗത്ത് ഗോവയിലെ ശാന്തമായ ഒരു റിസോർട്ടിൽ വിശ്രമിച്ച് നോർത്ത് ഗോവയിലെ നിശാ പാർട്ടികളിൽ പങ്കെടുത്ത് വാലന്റൈൻസ് ഡേ ആഘോഷമാക്കാം. എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ധാരാളം സ്ഥലങ്ങൾ ഗോവയിലുണ്ട്. റൊമാന്റിക് ബീച്ച് സൈഡ് ഡിന്നറുകൾ, ആവേശകരമായ വാട്ടർ സ്‌പോർട്‌സ്, സ്പാ സെഷനുകൾ എന്നിവ ആസ്വദിക്കാം. അവസാന നിമിഷം ട്രിപ്പ് പ്ലാൻ ചെയ്യുന്നവർക്ക് പോലും ബീച്ച് അഭിമുഖമായ താമസ സ്ഥലങ്ങൾ ഗോവയിൽ എളുപ്പത്തിൽ കണ്ടെത്താൻ കഴിയും.
ഉദയ്പൂർ
ചരിത്രവും രാജകീയതയുമെല്ലാം താത്പ്പര്യമുള്ളവർക്ക് ഉദയ്പൂർ ഒരു മികച്ച ഓപ്ഷനായിരിക്കും. പലപ്പോഴും "കിഴക്കിന്റെ വെനീസ്" എന്ന് വിളിക്കപ്പെടുന്ന ഈ നഗരത്തിൽ തലയെടുപ്പുള്ള കൊട്ടാരങ്ങളും ശാന്തമായ തടാകങ്ങളുമെല്ലാമുണ്ട്. കാൻഡിൽ ലൈറ്റ് ബോട്ട് സവാരികൾ മറ്റൊരു പ്രധാന ആകർഷണമാണ്. പിച്ചോള തടാകത്തിൽ റൊമാന്റിക് ക്രൂയിസ് നടത്തിയ ശേഷം സിറ്റി പാലസ് സന്ദർശിച്ച് കാൻഡിൽ ലൈറ്റ് ഡിന്നർ ആസ്വദിക്കാം. നഗരത്തിന്റെ പഴയകാല മനോഹാരിതയും ഹെറിറ്റേജ് ഹോട്ടലുകളിലെ ആഡംബര താമസങ്ങളും നിങ്ങൾക്ക് മറക്കാനാവാത്ത ഒരു വാലന്റൈൻസ് ട്രിപ്പ് തന്നെ സമ്മാനിക്കും.
മൂന്നാർ
കേരളത്തിൽ വാലന്റൈൻസ് ഡേ ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ അനുയോജ്യമായ സ്ഥലമാണ് മൂന്നാർ. സമാധാനപരമായ അന്തരീക്ഷവും കോടമഞ്ഞും കുളിർകാറ്റും പച്ചപ്പുമെല്ലാം ആസ്വദിച്ച് ഒരു ട്രീ/ബാംബു ഹട്ടിൽ താമസിച്ച് വാലന്റൈൻസ് ഡേ അവിസ്മരണീയമാക്കാം. പ്രകൃതി തന്നെ പ്രണയത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്ന മൂന്നാറിൽ എത്തുന്നവർക്ക് മാട്ടുപ്പെട്ടി അണക്കെട്ടും എക്കോ പോയിന്റും ടോപ് സ്റ്റേഷനും വട്ടവടയുമെല്ലാം കണ്ട് പങ്കാളിയ്ക്കൊപ്പം മനോഹരമായ നിമിഷങ്ങൾ ആസ്വദിക്കാനാകും.
ആൻഡമാൻ ദ്വീപുകൾ
നിങ്ങളും നിങ്ങളുടെ പങ്കാളിയും ഒരു വിദേശ ദ്വീപിലേയ്ക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആൻഡമാൻ മികച്ച ഓപ്ഷനാണ്. സ്വരാജ് ദ്വീപിലെ വെളുത്ത മണൽ നിറഞ്ഞ ബീച്ചുകൾ, ടർക്കോയ്സ് വെള്ളച്ചാട്ടങ്ങൾ, ആഡംബര ബീച്ച് ഫ്രണ്ട് റിസോർട്ടുകൾ എന്നിവ മികച്ച പ്രണയാനുഭവം പ്രദാനം ചെയ്യുന്നു. സ്നോർക്കലിംഗ്, സ്കൂബ ഡൈവിംഗ് എന്നിവ ആൻഡമാനിലെത്തുന്നവർക്ക് മറക്കാനാകാത്ത നിമിഷങ്ങൾ സമ്മാനിക്കും. മനോഹരമായ ബീച്ച് സൈഡ് കോട്ടേജുകൾ മറ്റൊരു സവിശേഷതയാണ്.
ഷിംല
വാലന്റൈൻസ് ഡേ ചെലവഴിക്കാൻ ഏറെ അനുയോജ്യമായ സ്ഥലമാണ് ഷിംല. ഷിംലയുടെ ശൈത്യകാല മനോഹാരിത വർണനകൾക്ക് അതീതമാണ്. മാൾ റോഡിലൂടെ കൈകോർത്ത് നടക്കുകയും തണുപ്പിൽ നിന്ന് രക്ഷനേടാൻ തീ കായുകും ചെയ്ത് ഒരു കപ്പ് ചൂട് ചായയോ കാപ്പിയോ കുടിക്കുമ്പോൾ ലഭിക്കുന്ന അനുഭൂതി ഒന്ന് വേറെ തന്നെയായിരിക്കും. ടോയ് ട്രെയിനിൽ മനോഹരമായ ഒരു യാത്ര കൂടി നടത്തിയാൽ വാലന്റൈൻസ് ഡേ ആകെ മൊത്തം കളറായി.
READ MORE: വൺഡേ ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ടോ? എങ്കിൽ ഈ ഡെസ്റ്റിനേഷൻ പരിഗണിക്കാം