
കാസർഗോഡ് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ചന്ദ്രഗിരിക്കോട്ട. ചന്ദ്രഗിരിപ്പുഴയുടെ തീരത്തായാണ് ചന്ദ്രഗിരിക്കോട്ട സ്ഥിതി ചെയ്യുന്നത്. പതിനേഴാം നൂറ്റാണ്ടിൽ ബേഡന്നൂരിലെ ശിവപ്പ നായിക്കാണ് ഈ കോട്ട പണി കഴിപ്പിച്ചത്. പലരുടെ ഉടമസ്ഥതകൾ കൈമറിഞ്ഞ് ഒടുവിൽ ഈസ്റ്റിന്ത്യാ കമ്പനിയുടെ കൈവശമായിരുന്നു ഈ കോട്ട.
കടൽനിരപ്പിൽ നിന്ന് 150 അടിയോളം ഉയരത്തിൽ ഏഴ് ഏക്കറിലായാണ് കോട്ട വ്യാപിച്ചു കിടക്കുന്നത്. ഇപ്പോൾ പുരാവസ്തു വകുപ്പിനാണ് ഈ ചരിത്രസ്മാരകത്തിന്റെ സംരക്ഷണ ചുമതല. പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ ബേക്കലിനെ അപേക്ഷിച്ച് ഇവിടെ സഞ്ചാരികളുടെ തിരക്ക് കുറവാണ്. കോട്ടമുകളിൽ നിന്നുളള സൂര്യാസ്തമയ ദൃശ്യം മനോഹരമാണ്. കൂടാതെ ചന്ദ്രഗിരി പാലത്തിൽ നിന്നും തൊട്ടടുത്ത പ്രദേശങ്ങളിലേക്കുളള ബോട്ടിംഗ് ഹൃദ്യമായ ഒരനുഭവമാണ്. ഇവിടെയുളള ചന്ദ്രഗിരി ബോട്ട് ക്ലബിൽ സ്പീഡ് ബോട്ടുകളും പുരവഞ്ചികളും ലഭ്യമാണ്.
എങ്ങനെ എത്താം
അടുത്തുളള റെയിൽവേ സ്റ്റേഷൻ : കാസർഗോഡ്, 7 കി.മീ
വിമാനത്താവളം: മംഗലാപുരം വിമാനത്താവളം (കർണാടക) 67 കി.മീ