
പതിവ് യാത്രകൾക്ക് വിമാനം, ട്രെയിൻ, ബസ് തുടങ്ങിയ മാർഗങ്ങളെയാണ് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ഹെലികോപ്റ്റർ യാത്ര വേണ്ടിവരാം. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹെലികോപ്റ്റർ റൈഡുകൾ, ദുർഘട പ്രദേശങ്ങളിലേക്കുള്ള യാത്രകൾ, അടിയന്തര രക്ഷാപ്രവർത്തനങ്ങൾ, ചികിത്സാ ആവശ്യങ്ങൾ എന്നിവയ്ക്കായി പലർക്കും ചിലപ്പോൾ ജീവിതത്തിൽ ഒരിക്കലെങ്കിലും ഹെലികോപ്റ്ററിൽ കയറേണ്ട സാഹചര്യം ഉണ്ടാകാം. ആദ്യമായി ഹെലികോപ്റ്ററിൽ കയറുമ്പോൾ ആവേശത്തിനൊപ്പം ചില കാര്യങ്ങളിൽ ശ്രദ്ധയും ആവശ്യമാണ്. വിമാനത്തേക്കാൾ വ്യത്യസ്‍തമായ പ്രവർത്തന രീതിയുള്ളതിനാൽ സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കുകയാണ് പ്രധാന കാര്യം.
ഹെലികോപ്റ്റർ നിർത്തിയ ശേഷവും റോട്ടർ ബ്ലേഡുകളുടെ ചലനവും ശക്തമായ കാറ്റും അപകടസാധ്യത ഉണ്ടാക്കാം. അതിനാൽ പൈലറ്റിന്റെയും ഗ്രൗണ്ട് ക്രൂവിന്റെയും അനുമതിയില്ലാതെ ഹെലികോപ്റ്ററിന് സമീപിക്കരുത്. പിന്നിലൂടെ സമീപിക്കുന്നത് ഒഴിവാക്കണം. ജീവനക്കാർ നിർദേശിക്കുന്ന സുരക്ഷിത വഴിയിലൂടെ മാത്രമേ കയറാനും ഇറങ്ങാനും പാടുള്ളൂ.
തൊപ്പി, സ്‍കാർഫ്, പേപ്പർ തുടങ്ങിയവ ഹെലികോപ്റ്ററിന്റെ ശക്തമായ കാറ്റിൽ പറന്നുപോകാം. ഇവ മറ്റുള്ളവർക്ക് അപകടമാകാനും സാധ്യതയുണ്ട്. അതിനാൽ കൈയിലെ വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുകയും ബാഗുകൾ ശരിയായി കൈകാര്യം ചെയ്യുകയും വേണം.
ഹെലികോപ്റ്ററിലേക്ക് ഓടിക്കയറുകയോ പെട്ടെന്ന് ഇറങ്ങുകയോ ചെയ്യരുത്. തല താഴ്ത്തി, ക്രൂ കാണിച്ച വഴിയിലൂടെ മാത്രം നീങ്ങുക. പ്രത്യേകിച്ച് മലപ്രദേശങ്ങളിലോ തുറന്ന സ്ഥലങ്ങളിലോ ഇറങ്ങുമ്പോൾ കൂടുതൽ ജാഗ്രത വേണം.
സീറ്റ് ബെൽറ്റ് കൃത്യമായി ധരിക്കുക. യാത്ര തുടങ്ങുന്നതിന് മുമ്പ് നൽകുന്ന സുരക്ഷാ നിർദേശങ്ങൾ ശ്രദ്ധിക്കുക. ഫോട്ടോ എടുക്കാനോ വീഡിയോ പകർത്താനോ ശ്രമിക്കുമ്പോൾ ക്രൂവിന്റെ നിർദേശങ്ങൾ മറികടക്കരുത്.
ഹെലികോപ്റ്റർ യാത്ര പലർക്കും ജീവിതത്തിലെ അപൂർവവും ആവേശകരവുമായ അനുഭവമായിരിക്കും. എന്നാൽ ആ ആവേശത്തേക്കാൾ സുരക്ഷയ്ക്ക് മുൻഗണന നൽകിയാൽ, ആകാശത്തിലൂടെയുള്ള ആ യാത്ര കൂടുതൽ സുരക്ഷിതവും മനോഹരവും മറക്കാനാവാത്തതുമായ അനുഭവമായി മാറും.