കേരളത്തിലെ നിഗൂഢമായ നരകപ്പാലം, അവിടെ വളരുന്ന നീലക്കൊടുവേലി; എത്ര കണ്ടാലും മതിവരാത്ത ഇല്ലിക്കൽ കല്ല്

Published : Mar 11, 2025, 02:15 PM IST
കേരളത്തിലെ നിഗൂഢമായ നരകപ്പാലം, അവിടെ വളരുന്ന നീലക്കൊടുവേലി; എത്ര കണ്ടാലും മതിവരാത്ത ഇല്ലിക്കൽ കല്ല്

Synopsis

മുത്തശ്ശി കഥകളിലും മറ്റും കേട്ട് പരിചയമുള്ള നീലക്കൊടുവേലി എന്ന ഔഷധസസ്യം ഇല്ലിക്കൽ കല്ലിലുണ്ടെന്നാണ് പറയപ്പെടുന്നത്. 

കോട്ടയം ജില്ലയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഇല്ലിക്കൽ കല്ല്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 6,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽ മലയിലാണ് ഇല്ലിക്കൽ കല്ലുള്ളത്. മൂന്ന് ഭീമൻ പാറക്കെട്ടുകൾ ഒരുമിച്ച് ചേ‍ർന്നാണ് ഇല്ലിക്കൽ കല്ലുണ്ടായത്. ഇവ ഓരോന്നിനും പ്രത്യേക ആകൃതിയുണ്ട്. അവയിലൊന്നിന് കൂണിനോട് സാമ്യമുള്ളതിനാൽ കുടക്കല്ല് (കുടയുടെ ആകൃതിയിലുള്ള പാറ) എന്നാണ് അറിയപ്പെടുന്നത്. രണ്ടാമത്തെ പാറക്കെട്ടിന് വശങ്ങളിൽ ഒരു ചെറിയ കൂനയുണ്ട്, അതിനാൽ ഇതിനെ കൂനുകല്ല് എന്ന് വിളിക്കുന്നു. മൂന്നാമത്തെ കല്ലാണ് ഇല്ലിക്കൽ കല്ല്. ഇല്ലിക്കൽ മലയിൽ നിരവധി അരുവികൾ ഉണ്ട്. അവ താഴേക്ക് ഒഴുകി ശാന്തമായ മീനച്ചിൽ നദിയായി മാറുന്നു. 

ഇല്ലിക്കൽ കല്ലുമായി ബന്ധപ്പെട്ട് ധാരാളം കഥകളും വിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്. മുത്തശ്ശി കഥകളിലും സിനിമകളിലുമൊക്കെ കേട്ട് പരിചയമുള്ള നീലക്കൊടുവേലി എന്ന ഔഷധസസ്യം ഇല്ലിക്കൽ കല്ലിലുണ്ട് എന്നാണ് പറയപ്പെടുന്നത്. സമ്പത്ത് വർദ്ധിപ്പിക്കാനും സമൃദ്ധമായ വിളവ് ഉറപ്പാക്കാനും കഴിയുന്ന അമാനുഷിക ശക്തികൾ നീലക്കൊടുവേലിയ്ക്ക് ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. മലഞ്ചെരിവുകളെ നീലനിറത്തിൽ കുളിപ്പിക്കുന്ന നീല കൊടുവേലിയ്ക്ക് അമാനുഷിക ശക്തികൾ ഉണ്ടെന്നാണ് പഴമക്കാ‍‍ർ പറയുന്നത്. കൂനുകല്ലിന് കുറുകെ നരകപാലം (നരകത്തിലേക്കുള്ള പാലം) എന്നറിയപ്പെടുന്ന 1/2 അടി വീതിയുള്ള പാലം ഉണ്ട്. ഇതിന് 20 അടിയിലേറെ താഴ്ചയുള്ള ഒരു വിടവുണ്ടെന്നും നീലക്കൊടുവേലി വളരുന്നത് ഇവിടെയാണെന്നുമാണ് പറയുന്നത്. 

നീലക്കൊടുവേലി തേടി പണ്ടുകാലത്ത് നിരവധിയാളുകൾ ഇല്ലിക്കൽ കല്ല് കയറിയെന്നും അപകടങ്ങൾ സംഭവിച്ചെന്നും കഥകളുണ്ട്. എന്നാൽ, നീലക്കൊടുവേലിയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ആയിരക്കണക്കിന് അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽ കല്ലിൽ എപ്പോഴും ശക്തമായ കാറ്റ് വീശാറുണ്ട്. ഉയരം കൂടിയ പ്രദേശമായതിനാൽ ഇടിമിന്നൽ അപകടങ്ങൾക്കുള്ള സാധ്യതയും കൂടുതലാണ്. മഴയും തണുപ്പുമുള്ള സമയങ്ങളിൽ ഇല്ലിക്കൽ കല്ലിനെ കോടമഞ്ഞ് മൂടും. ഇത്തരം സന്ദർഭങ്ങളിൽ പലർക്കും ഇല്ലിക്കൽ കല്ല് നേരിൽ കാണാൻ സാധിക്കാതെ മടങ്ങിപ്പോകേണ്ട സ്ഥിതി പോലും ഉണ്ടാകാറുണ്ട്. മലമുകളിൽ നിന്ന് നോക്കിയാൽ വിദൂര ചക്രവാളത്തിൽ നേർത്ത നീലരേഖയായി അറബിക്കടൽ കാണാം. ഓറഞ്ച് നിറത്തിലുള്ള സൂര്യൻ അസ്തമിക്കുമ്പോൾ മറ്റൊരു സൂര്യനെപ്പോലെ ചന്ദ്രൻ ഉദിച്ചുയരുന്നത് കാണാൻ കഴിയുന്ന പൂർണ്ണചന്ദ്ര ദിനത്തിലെ സൂര്യാസ്തമയം അതിമനോഹരമായ കാഴ്ചയാണ്.

എങ്ങനെ എത്തിച്ചേരാം

ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: കോട്ടയം - 55 കിലോമീറ്റർ 
ഏറ്റവും അടുത്തുള്ള വിമാനത്താവളം: കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളം -  85 കിലോമീറ്റർ

READ MORE: വയനാട് ട്രിപ്പിൽ ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത ഒരു കിടിലൻ സ്പോട്ട്; മനംമയക്കും കാഴ്ചകൾ ഒളിപ്പിച്ച് നീലിമല

PREV
Read more Articles on
click me!

Recommended Stories

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ചെയ്യുന്ന 6 തെറ്റുകൾ! സൂക്ഷിച്ചാൽ ദു:ഖിക്കണ്ട
സമയമില്ലേ? വിഷമിക്കണ്ട; 2 ദിവസം മതി, ഊട്ടി മുഴുവൻ കറങ്ങാം! പെർഫെക്റ്റ് ട്രാവൽ പ്ലാൻ ഇതാ