
സൂര്യോദയവും സൂര്യാസ്തമയവുമെല്ലാം നേരിൽ കാണാൻ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. അതുപോലെ തന്നെ ഡ്രൈവിംഗ് ഹരമായി കാണുന്നവരും കുറച്ചൊന്നുമല്ല. നല്ലൊരു റൈഡും മനോഹരമായ പ്രകൃതി ഭംഗിയും കൂടിച്ചേരുമ്പോൾ ജീവിതത്തിൽ മറക്കാനാകാത്ത അനുഭവമായിരിക്കും ഏതൊരാൾക്കും ലഭിക്കുക എന്നതിൽ സംശയമില്ല. എന്നാൽ, മനോഹരമായ സൂര്യാസ്തമയം കാണാൻ ഒരു പാറമുകളിലേയ്ക്ക് വാഹനം ഓടിച്ച് കയറ്റാൻ കൂടി സാധിച്ചാലോ? ബൈക്കോ സ്കൂട്ടറോ കാറോ വാഹനം ഏതുമാകട്ടെ സുരക്ഷിതമായി വാഹനം ഓടിച്ച് കയറ്റാൻ സാധിക്കുന്ന സ്ഥലമാണ് തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽശാല പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കടുമ്പുപാറ.
മുമ്പ് അധികമാരാലും ശ്രദ്ധിക്കപ്പെടാതിരുന്ന കടുമ്പുപാറയിലെ സൂര്യാസ്തമയം കാണാൻ ഇന്ന് നിരവധിയാളുകളാണ് എത്താറുള്ളത്. കടുമ്പുപാറയുടെ മുകളിൽ വരെ വാഹനം ഓടിച്ചുകയറ്റാം എന്നതാണ് ഏറ്റവും വലിയ സവിശേഷത. വാഹനം കയറ്റാമെന്നതിനാൽ തന്നെ കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഇവിടേയ്ക്ക് ബുദ്ധിമുട്ടുകളില്ലാതെ എത്താൻ സാധിക്കും.
തിരുവനന്തപുരം നഗരത്തിൽ നിന്ന് വെറും 17 കിലോ മീറ്റർ മാത്രമാണ് കടുമ്പുപാറയിലേയ്ക്കുള്ള ദൂരം. വാഹനം ഏത് തന്നെയായാലും അനായാസമായി ഇവിടേയ്ക്ക് എത്താൻ കഴിയും. വാഹന പ്രേമികൾക്ക് മികച്ച ചിത്രങ്ങളും വീഡിയോകളും പകർത്താൻ ഇവിടം ഏറെ അനുയോജ്യമാണ്. പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകൾ നടത്താനും ഇവിടേയ്ക്ക് ആളുകൾ എത്തുന്നുണ്ട്. നഗരത്തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്ക് ഒപ്പമോ സമയം ചിലവഴിക്കാൻ കടുമ്പുപാറയിലേയ്ക്ക് ധൈര്യമായി പോകാം.
പച്ച പുതച്ച പ്രകൃതിയും തണുത്ത കാറ്റുമാണ് ഇവിടേയ്ക്ക് എത്തുന്നവരെ സ്വീകരിക്കുക. കടുമ്പുപാറയിൽ നിന്ന് കാണുന്ന സൂര്യാസ്തമയത്തിന്റെ ഭംഗി വർണനകൾക്ക് അതീതമാണ്. ഇവിടെ നിന്ന് നോക്കിയാൽ വിളപ്പിൽശാലയിൽ തന്നെ സ്ഥിതി ചെയ്യുന്ന മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമായ ശാസ്താംപാറയും കാണാം. സൂര്യാസ്തമയത്തിന് ശേഷം ഇവിടെ ചിലവഴിക്കുന്നവർക്ക് രാത്രിയിൽ തിരുവനന്തപുരം നഗരത്തിലെ ലൈറ്റുകളുടെ കാഴ്ചയും ആസ്വദിക്കാം.
പ്രദേശവാസികൾ വിളപ്പിൽശാലയിലേയ്ക്കും മറ്റിടങ്ങളിലേയ്ക്കും പോകുന്നത് കടുമ്പുപാറയിലൂടെയാണ്. അതിനാൽ തന്നെ എപ്പോഴും ആളുകളുടെ സാന്നിധ്യം ഈ മേഖലയിലുണ്ടാകും. കടുമ്പുപാറയിലേയ്ക്ക് പോകാൻ പ്രത്യേക ഫീസും മറ്റും നൽകേണ്ടതില്ല. പാറയുടെ മുകളിൽ ആവശ്യത്തിന് സുരക്ഷാക്രമീകരണങ്ങളില്ലാത്തതിനാൽ ഇവിടേയ്ക്ക് പോകുന്നവർ സൂക്ഷിക്കണം.
എങ്ങനെ എത്തിച്ചേരാം
തമ്പാനൂരിൽ നിന്ന് വഴുതക്കാട് - വെള്ളയമ്പലം വഴിയോ അല്ലെങ്കിൽ കരമന - തിരുമല വഴിയോ വലിയവിളയിൽ എത്തുക. വലിയവിളയിൽ നിന്ന് പേയാട് വഴി വിളപ്പിൽശാലയിലെത്താം. വിളപ്പിൽശാലയിൽ നിന്ന് 4.5 കി.മീ സഞ്ചരിച്ചാൽ കടുമ്പുപാറയിലെത്താം.
READ MORE: സമ്മർ ട്രിപ്പ് മൂന്നാറിലേയ്ക്കാണോ? എങ്കിൽ ഈ സ്ഥലങ്ങൾ ഒരിക്കലും മിസ്സാക്കരുത്...