
മനസും ശരീരവും ഒരുപോലെ തണുപ്പിക്കാൻ വെള്ളച്ചാട്ടത്തിലോ അരുവികളിലോ ഒരു കുളി പാസാക്കിയാൽ മതിയെന്ന് പറയാറുണ്ട്. കേരളത്തിൽ അതിരപ്പിള്ളി, തുഷാരഗിരി തുടങ്ങി നിരവധി പ്രശസ്തമായ വെള്ളച്ചാട്ടങ്ങളുണ്ട്. ഇവിടേയ്ക്ക് സഞ്ചാരികൾ വലിയ രീതിയിലാണ് ഒഴുകിയെത്തുന്നത്. എന്നാൽ, തിരക്കുകളിൽ നിന്ന് മാറി സുരക്ഷിതമായി കുളിക്കാനും അൽപ്പ സമയം ചെലവഴിക്കാനും പറ്റിയ ഒരിടം തിരുവനന്തപുരം - തമിഴ്നാട് അതിർത്തിയിലുണ്ട്. അമ്പൂരിയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന കണ്ണാടിക്കുളത്തെ കുറിച്ച് ഇപ്പോഴും അധികമാർക്കും അറിയില്ല.
അമ്പൂരിയിൽ നിന്ന് വെറും 10 കിലോ മീറ്റർ മാത്രം സഞ്ചരിച്ചാൽ കണ്ണാടിക്കുളത്ത് എത്താം. ഗൂഗിൾ മാപ്പിൽ കണ്ണാടിക്കുളം എന്ന് സെർച്ച് ചെയ്താൽ ഇവിടേയ്ക്ക് കൃത്യമായി എത്താൻ സാധിക്കും. സഞ്ചാരികളുടെ തിരക്കില്ലാതെ തീർത്തും നിശബ്ദമായ പ്രദേശമാണിത്. അതിനാൽ തന്നെ ശാന്തമായും സുരക്ഷിതമായും ഇവിടെ കുളിക്കാൻ സാധിക്കും.
റോഡരികിൽ തന്നെയായതിനാൽ ഇവിടേയ്ക്ക് എത്തിച്ചേരാനും വളരെ എളുപ്പമാണ്. ചെറിയ പാറകൾക്ക് നടുവിൽ ശാന്തമായി ഒഴുകുന്ന വെള്ളം കണ്ണാടി പോലെ തെളിഞ്ഞതാണ്. ആഴം വളരെ കുറവായതിനാൽ കണ്ണാടിക്കുളത്തിന്റെ അടിത്തട്ട് വരെ റോഡിൽ നിന്നാൽ കാണാം. അതിനാൽ തന്നെ കുടുംബത്തോടൊപ്പവും ഇവിടേയ്ക്ക് ധൈര്യമായി വരാൻ സാധിക്കും. കണ്ണാടിക്കുളത്ത് നിന്ന് കുറച്ച് കൂടി മുന്നോട്ട് സഞ്ചാരിച്ചാൽ ചിറ്റാർ ഡാമിന്റെ കാഴ്ചകളും ആസ്വദിക്കാം.
അമ്പൂരിയിൽ നിന്ന് തമിഴ്നാട്ടിലെ പത്തുകാണിയിലേയ്ക്കുള്ള തിരക്കൊഴിഞ്ഞ ചെറിയ റോഡിലൂടെയാണ് കണ്ണാടിക്കുളത്തേയ്ക്ക് പോകേണ്ടത്. ഈ റൂട്ടിൽ തമിഴ്നാട് ബസുകൾ സർവീസ് നടത്തുന്നുണ്ട്. ചെറിയ റോഡ് ആയതിനാൽ തന്നെ വളവുകളിൽ ശ്രദ്ധയോടെ വേണം വാഹനം ഓടിക്കാൻ. കണ്ണാടിക്കുളത്തിന് സമീപത്ത് തന്നെ ഗണപതിക്കല്ല് എന്ന് വിളിക്കുന്ന മറ്റൊരു മനോഹരമായ സ്ഥലം കൂടിയുണ്ട്. ഈ സ്ഥലങ്ങൾ സന്ദർശിക്കാൻ എത്തുന്നവർ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.
READ MORE: മോഹൻലാൽ 'റോക്സ്'; മഹാനടനെ അനുകരിക്കുന്ന പ്രകൃതി, പോകാം 'ലാലേട്ടൻ പാറ'യിലേയ്ക്ക്