2012ൽ മോഹൻലാൽ തന്നെ ഈ പാറയുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. 

കേരളത്തിൽ വിനോദ സ‍ഞ്ചാരികൾക്ക് അടിച്ചുപൊളിക്കാൻ അനുയോജ്യമായ നിരവധി ഡെസ്റ്റിനേഷനുകളുണ്ട്. എന്നാൽ, സിനിമാ പ്രേമികൾക്ക്, പ്രത്യേകിച്ച് മോഹൻലാലിന്റെ ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു സ്ഥലവും കേരളത്തിലുണ്ട്. ഇടുക്കി ജില്ലയിലെ മോഹൻലാൽ പാറയെന്ന് വിളിക്കുന്ന കല്ലുമ്മേൽ കല്ലാണ് ലാലേട്ടൻ ഫാൻസിന്റെ ശ്രദ്ധയാകർഷിക്കുന്നത്. 

ഇടുക്കിയിലെ കീരിത്തോടിന് സമീപം സ്ഥിതി ചെയ്യുന്ന വിസ്മയമാണ് കല്ലുമ്മേൽ കല്ല്. ഒരു കല്ലിനു മുകളിൽ മറ്റൊരു കല്ലിരിക്കുന്നതിനാലാണ് ഈ പാറയ്ക്ക് അങ്ങനെയൊരു പേര് ലഭിച്ചത്. മോഹൻലാലിൻ്റെ ബോഡി ഷേപ്പിനോട് സാമ്യം ഉള്ളതിനാലാണ് ഇപ്പോൾ ഈ പാറ ലാലേട്ടൻ പാറ എന്ന് അറിയപ്പെടുന്നത്. വഴിയോരത്തുള്ള കല്ലുമ്മേൽ കല്ല് അടിപൊളിയൊരു വ്യൂ പോയിന്റ് കൂടിയാണ്. ചെറുതോണിയിൽ നിന്നും അടിമാലിക്കുള്ള യാത്രയ്ക്കിടയിൽ വലതുവശത്തായാണ് കല്ലുമ്മേൽ കല്ല് സ്ഥിതി ചെയ്യുന്നത്. അടിമാലി - കല്ലാറുകുട്ടി - പന്നിയാരുകുട്ടി - ഇടുക്കി - ചെറുതോണി വഴിയേ പോകുന്നവർക്കും എറണാകുളം - കോതമംഗലം -നേരിയമംഗലം - കരിമ്പൻ കൂടി ഇടുക്കി യാത്ര നടത്തുന്നവർക്കും ഈ സ്ഥലം കാണാൻ സാധിക്കും.

കല്ലുമ്മേൽ കല്ലിന്റെ ചിത്രം മോഹൻലാൽ തന്നെ 2012ൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ സ്ഥലം വൈറലായത്. മോഹൻലാലിന്റെ പോസ്റ്റിന് പിന്നാലെ നിരവധി ആളുകളാണ് ലാലേട്ടൻ പാറ കാണാനായി ഇവിടേയ്ക്ക് എത്തിയത്. ചിലർ ഇതിനെ ലാൽ പാറ എന്നും വിളിക്കാറുണ്ട്. പോകുന്ന വഴിയുടെ ഒരു ഭാ​ഗത്ത് വലിയ ​താഴ്ചയായതിനാൽ ഇവിടേയ്ക്ക് പോകുന്നവർ സൂക്ഷിക്കണം. 

READ MORE: കണ്ണൂ‍രുകാ‍‍ർക്ക് ഒരു സന്തോഷ വാ‍ർത്ത, കുറഞ്ഞ ചെലവിൽ മൂന്നാ‍റിൽ കറങ്ങാം; വിനോദയാത്ര സംഘടിപ്പിക്കാൻ കെഎസ്ആ‍ർടിസി