മെട്രോ സ്റ്റേഷനിലെ യെല്ലോ ലൈൻ മറികടന്നാൽ പിഴ; യാത്രക്കാരുടെ സുരക്ഷ കൂട്ടാൻ പുതിയ നടപടിയുമായി കൊൽക്കത്ത മെട്രോ

Published : May 28, 2025, 03:53 PM IST
മെട്രോ സ്റ്റേഷനിലെ യെല്ലോ ലൈൻ മറികടന്നാൽ പിഴ; യാത്രക്കാരുടെ സുരക്ഷ കൂട്ടാൻ പുതിയ നടപടിയുമായി കൊൽക്കത്ത മെട്രോ

Synopsis

ജൂൺ 1 മുതൽ സ്റ്റേഷനുകളിലെ യെല്ലോ ലൈൻ മുറിച്ചുകടക്കുന്ന യാത്രക്കാർക്ക് കൊൽക്കത്ത മെട്രോ പിഴ ചുമത്തും. 

കൊൽക്കത്ത: മെട്രോ സ്റ്റേഷനുകളിലെ സുരക്ഷാ രേഖയായ യെല്ലോ ലൈൻ മുറിച്ചുകടക്കുന്നവർക്ക് പിഴ ചുമത്താനൊരുങ്ങി കൊൽക്കത്ത മെട്രോ. ഇനി മുതൽ യെല്ലോ ലൈൻ മുറിച്ചുകടക്കുന്നവർക്ക് 250 രൂപ പിഴ നൽകേണ്ടിവരും. യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് തീരുമാനം.  2025 ജൂൺ 1 മുതൽ കൊൽക്കത്ത മെട്രോ യെല്ലോ ലൈൻ മുറിച്ചുകടക്കുന്ന യാത്രക്കാർക്ക് പിഴ ചുമത്തും. ഇത് യാത്രക്കാർക്കിടയിൽ അച്ചടക്കം പ്രോത്സാഹിപ്പിക്കാൻ സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. 

ട്രെയിനുകൾക്കായി കാത്തിരിക്കുമ്പോൾ യാത്രക്കാർ പാലിക്കേണ്ട സുരക്ഷിതമായ ദൂരത്തെയാണ് മെട്രോ സ്റ്റേഷനുകളിലെ യെല്ലോ ലൈൻ സൂചിപ്പിക്കുന്നത്. എന്നാൽ, പതിവായി മുന്നറിയിപ്പുകൾ നൽകിയിട്ടും നിരവധി യാത്രക്കാർ ഈ മാർഗ്ഗനിർദ്ദേശം അവഗണിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് പിഴ ചുമത്തൽ നടപടിയിലേയ്ക്ക് കടക്കാൻ കൊൽക്കത്ത മെട്രോ തീരുമാനിച്ചത്. അപകടകരമായ രീതിയിൽ ട്രാക്കുകൾക്ക് അടുത്ത് യാത്രക്കാർ നിൽക്കുന്നത് മെട്രോ സ്റ്റേഷനുകളിലെ പതിവ് കാഴ്ചയാണ്. യാത്രക്കാരുടെ ഇത്തരത്തിലുള്ള സുരക്ഷിതമല്ലാത്ത പെരുമാറ്റം മെട്രോ അധികൃതരെ കർശനമായ നടപടി സ്വീകരിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്.

പുതിയ നിയമപ്രകാരം ഇനി മുതൽ യെല്ലോ ലൈൻ മറികടക്കുന്നത് മെട്രോ പരിസരത്ത് 'ശല്യം' സൃഷ്ടിക്കുന്ന പ്രവര്‍ത്തിയായാണ് കണക്കാക്കുക. ജൂൺ 1 മുതൽ യാത്രക്കാർ നിയമം പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനും നിയമലംഘകർക്ക് പിഴ ചുമത്തുന്നതിനുമായി പ്രത്യേക എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അശ്രദ്ധമായ പെരുമാറ്റം മൂലമുണ്ടാകുന്ന അപകടങ്ങളുടെയും സേവന തടസ്സങ്ങളുടെയും സാധ്യത കുറയ്ക്കുന്നതിന് പിഴ ചുമത്തിയുള്ള പുതിയ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ. 

അതേസമയം, കൊൽക്കത്ത മെട്രോയുടെ പുതിയ നടപടിയ്ക്ക് ജനങ്ങളിൽ നിന്ന് സമ്മിശ്രമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ആവശ്യമായ നടപടിയായി ചില യാത്രക്കാർ ഇതിനെ സ്വാഗതം ചെയ്യുന്നുണ്ട്. എന്നാൽ, 250 രൂപ പിഴ ചുമത്തുകയെന്നത് അമിതമാണെന്ന് അഭിപ്രായപ്പെടുന്നവരാണ് മറ്റൊരു വിഭാ​ഗം. ഈ സാഹചര്യത്തിൽ, യാത്രക്കാരെ ബോധവൽക്കരിക്കുന്നതിനായി മെട്രോ അധികൃതർ ഒരു ക്യാമ്പയിൻ അരംഭിച്ചിട്ടുണ്ട്. ഈ ക്യാമ്പയിനിന്റെ ഭാഗമായി എല്ലാ സ്റ്റേഷനുകളിലും യാത്രക്കാരെ യെല്ലോ ലൈനിന് പിന്നിൽ നിർത്താൻ ഓർമ്മിപ്പിക്കുന്ന അനൗൺസ്മെന്റുകൾ കൂടുതലായി നടത്തുന്നുണ്ട്. പ്രധാന സ്ഥലങ്ങളിൽ പോസ്റ്ററുകളും ഡിജിറ്റൽ അടയാളങ്ങളും സ്ഥാപിച്ചിട്ടുണ്ട്. അപകടങ്ങളും അതിന്റെ കാരണങ്ങളും വിശദീകരിച്ച് യാത്രക്കാരുമായി നേരിട്ട് ഇടപഴകാനും മെട്രോ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ചെയ്യുന്ന 6 തെറ്റുകൾ! സൂക്ഷിച്ചാൽ ദു:ഖിക്കണ്ട
സമയമില്ലേ? വിഷമിക്കണ്ട; 2 ദിവസം മതി, ഊട്ടി മുഴുവൻ കറങ്ങാം! പെർഫെക്റ്റ് ട്രാവൽ പ്ലാൻ ഇതാ