മലമുകളിലെ മായിക ലോകം, ഇവിടെ പ്രകൃതിയുടെ പൂര്‍ണത കാണാം; ചിതറാൽ ജൈന ക്ഷേത്രത്തിലേയ്ക്ക് ഒരു യാത്ര

Published : May 28, 2025, 01:48 PM IST
മലമുകളിലെ മായിക ലോകം, ഇവിടെ പ്രകൃതിയുടെ പൂര്‍ണത കാണാം; ചിതറാൽ ജൈന ക്ഷേത്രത്തിലേയ്ക്ക് ഒരു യാത്ര

Synopsis

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ചിതറാൽ ജൈന ക്ഷേത്രമുള്ളത്. 

ചരിത്രവും പ്രകൃതിയും സമന്വയിക്കുന്നയിടങ്ങൾ നിരവധിയാണ്. ചരിത്ര ശേഷിപ്പുകളും അവയെ ചുറ്റിപ്പറ്റിയുള്ള കഥകളുമെല്ലാം ഇഷ്ടപ്പെടുന്നവരും ഏറെയുണ്ട്. അത്തരക്കാര്‍ക്ക് കടന്നുചെല്ലാവുന്ന ഒരിടമാണ് തിരുവനന്തപുരത്തിന് അടുത്തുള്ള ചിതറാൽ ജൈന ക്ഷേത്രം. തിരുവനന്തപുരം -  കന്യാകുമാരി ദേശീയപാതയില്‍ മാര്‍ത്താണ്ഡത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ചിതറാലിന് പറയാന്‍ കഥകള്‍ ഏറെയുണ്ട്. 

ചരിത്രത്തിൽ തിരുച്ചരണാത്തുപള്ളി എന്നാണ് ഈ പ്രദേശത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ജൈന ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഒമ്പതാം നൂറ്റാണ്ടിൽ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്ന ചിതറാൽ ജൈന ക്ഷേത്രം അക്കാലത്തെ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ്. 1956ല്‍ സംസ്ഥാനങ്ങളെ ഭാഷാ അടിസ്ഥാനങ്ങളില്‍ വിഭജിച്ചപ്പോള്‍ അതുവരെ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ചിതറാല്‍ തമിഴ്നാടിന്റെ ഭാഗമായിത്തീരുകയായിരുന്നു. നിലവിൽ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ഈ ക്ഷേത്രമുള്ളത്. 

വിക്രമാദിത്യ വരഗുണനെന്ന രാജാവിന്റെ കാലത്ത് പണികഴിപ്പിക്കപ്പെട്ടതാണ് ഈ ക്ഷേത്രമെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. പാറയില്‍ കൊത്തിയ ധ്യാന നിരതനായ തീര്‍ഥങ്കരന്റെ വിവിധ രൂപങ്ങൾ, സന്യാസി - സന്യാസിനീ ശില്‍പ്പങ്ങൾ എന്നിവ ക്ഷേത്രത്തിൽ കാണാം. ഇവിടെയുള്ള ഗുഹാ ശില്‍പ്പങ്ങളിലെ ധര്‍മ്മ ദേവതയുടെ ശില്‍പ്പം പ്രസിദ്ധമാണ്. ചിതറാൽ ക്ഷേത്രത്തിലേയ്ക്ക് കാൽനടയായി വേണം കയറിച്ചെല്ലാൻ. ചിതറാൽ ഗ്രാമത്തിലെത്തിയ ശേഷം ഈ ക്ഷേത്രത്തിലേയ്ക്കുള്ള വഴി ചോദിക്കുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ചിതറാൽ ജൈന ക്ഷേത്രം എന്നതിന് പകരം മലൈകോവിൽ എന്ന് വേണം ചോദിക്കാൻ. 

ക്ഷേത്രത്തിലേയ്ക്കുള്ള പ്രവേശന കവാടം വരെ വാഹനങ്ങൾ എത്തും. അവിടെ പാര്‍ക്കിംഗ് ഫീസ് (5 രൂപ) നൽകി വാഹനം പാര്‍ക്ക് ചെയ്യാം. ഏതാനും ചില ചെറിയ കടകൾ മാത്രമാണ് ഇവിടെയുള്ളത്. മുകളിലേയ്ക്ക് അൽപ്പ ദൂരം കയറാനുള്ളതിനാൽ ആവശ്യത്തിന് വെള്ളം കയ്യിൽ കരുതുന്നത് നന്നായിരിക്കും (പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ). ഒരു തിരിച്ചറിയൽ കാര്‍ഡ് കൈവശം വെയ്ക്കുന്നത് നന്നായിരിക്കും. ചിലപ്പോൾ പ്രവേശന കവാടത്തിൽ തിരിച്ചറിയൽ കാര്‍ഡ് കാണിക്കേണ്ടി വന്നേക്കാം. സാവധാനം നടന്നാൽ ഏതാണ്ട് 20-30 മിനിട്ട് സമയമെടുത്ത് മുകളിലെത്താം. ഒരു വശത്തേയ്ക്ക് ഏകദേശം ഒന്നര കിലോ മീറ്റര്‍ ദൂരം നടക്കാനുണ്ട്. പോകുന്ന പാതയ്ക്ക് ഇരുവശത്തും കരിങ്കല്ലിൽ തീര്‍ത്ത ഇരിപ്പിടങ്ങളുള്ളതിനാൽ വിശ്രമമകറ്റാൻ സാധിക്കും. 

രാവിലെ 8:30 മുതല്‍ വൈകിട്ട് 5 മണിവരെയാണ് ഇവിടേയ്ക്ക് പ്രവേശനം അനുവദിക്കുന്നത്. ക്ഷേത്രനട 4:30ന് അടക്കും. മുകളിലെത്തിയാല്‍ ക്ഷേത്രം കാണം. മികച്ച രീതിയിൽ പരിപാലിക്കുന്ന ക്ഷേത്രത്തിനുള്ളില്‍ ധ്യാന നിരതനായ തീര്‍ഥങ്കരന്റെ വിവിധ രൂപങ്ങളും ശില്‍പ്പങ്ങളുമാണുള്ളത്. പാറ തുരന്ന് കൊത്തിയെടുത്ത തൂണുകളാണ് ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണം. ബഹളങ്ങളൊന്നുമില്ലാത്ത ശാന്തമായ അന്തരീക്ഷവും ക്ഷേത്രത്തിനുള്ളിലെ ചന്ദനത്തിരികളുടെ സുഗന്ധവും ഇവിടെയെത്തുന്നവര്‍ക്ക് വ്യത്യസ്തമായ അനുഭവമാണ് സമ്മാനിക്കുക. ക്ഷേത്രത്തിനുള്ളിൽ ക്യാമറകൾക്ക് (മൊബൈൽ ഫോൺ ഉൾപ്പെടെ) നിരോധനമുണ്ട്. അതിനാൽ ചിത്രങ്ങൾ മനസിൽ മാത്രം പകര്‍ത്താൻ ശ്രമിക്കുക. 

ക്ഷേത്രത്തിന് ചുറ്റുപാടും പ്രകൃതിയൊരുക്കിയ വിസ്മയ കാഴ്ചകളുണ്ട്. ക്ഷേത്ര മുറ്റത്ത് ഒരു കുളം കാണാം. പ്രകൃതിദത്തമായ ഈ ജലാശയം കടുത്ത വേനലിലും വറ്റാറില്ലെന്നാണ് പറയപ്പെടുന്നത്. ദൂരെയായി താമ്രപര്‍ണി (തമിഴില്‍ താമരഭരണി) നദി, പച്ചപുതച്ചു നില്‍ക്കുന്ന താഴ്‌വാരം, വിദൂര ജലാശയങ്ങൾ, ചെറുപട്ടണങ്ങൾ, ആരാധനാലയങ്ങളുടെ ഉയര്‍ന്ന ഗോപുരങ്ങൾ എന്നിവ ചിതറാൽ മലയിൽ നിന്നാൽ കാണാൻ സാധിക്കും. തിരക്കുകളില്‍ നിന്ന് അല്‍പ്പ നേരം മാറി നില്‍ക്കാനും പ്രകൃതിയില്‍ സ്വയം മറന്ന് ഇരിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ചിതറാലിലേയ്ക്ക് ധൈര്യമായി പോകാം. ഇനി കന്യാകുമാരിയിലേയ്ക്ക് യാത്ര പ്ലാൻ ചെയ്യുമ്പോൾ ചിതറാൽ കൂടി ഉൾപ്പെടുത്താൻ മറക്കരുത്.

ചിതറാലിന് സമീപത്തുള്ള ചില ടൂറിസം സ്പോട്ടുകൾ

1. പത്മനാഭപുരം കൊട്ടാരം
2. തൃപ്പരപ്പ് വെള്ളച്ചാട്ടം
3. മാത്തൂര്‍ തൂക്കുപാലം
4. ഉദയഗിരി കോട്ട
5. പേച്ചിപ്പാറ ഡാം

PREV
Read more Articles on
click me!

Recommended Stories

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ചെയ്യുന്ന 6 തെറ്റുകൾ! സൂക്ഷിച്ചാൽ ദു:ഖിക്കണ്ട
സമയമില്ലേ? വിഷമിക്കണ്ട; 2 ദിവസം മതി, ഊട്ടി മുഴുവൻ കറങ്ങാം! പെർഫെക്റ്റ് ട്രാവൽ പ്ലാൻ ഇതാ