
കണ്ണൂർ ജില്ലയിൽ ഇന്ന് പ്രശസ്തിയാർജിച്ചു കൊണ്ടിരിക്കുന്ന മനോഹരമായ ഒരു ടൂറിസ്റ്റ് സ്പോട്ടാണ് പാലക്കയം തട്ട്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഹിൽ സ്റ്റേഷനാണിത്. ഒരുകാലത്ത് അധികം ആരും കാണാതെ ഒളിഞ്ഞുകിടന്നിരുന്ന ഈ ഹിൽ സ്റ്റേഷനിൽ ഇന്ന് വിനോദസഞ്ചാരികൾക്ക് അനുയോജ്യമായ നിരവധി ആക്ടിവിറ്റികൾ സംഘടിപ്പിച്ചിട്ടുണ്ട്.
സന്ദർശകരെ ആകർഷിക്കുന്നതിനായി സാഹസിക പാർക്കുകൾ, വ്യൂ പോയിന്റുകൾ, ടെന്റുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ക്യാമ്പിംഗ്, സിപ്‌ലൈൻ, റോപ്പ് ക്രോസ്, സോർബിംഗ് ബോൾ, ഗൺ ഷൂട്ടിംഗ്, അമ്പെയ്ത്ത് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഇവിടെയുണ്ട്. വളഞ്ഞുപുളഞ്ഞു കിടക്കുന്ന കുന്നുകളുടെ വിശാലമായ കാഴ്ച, പച്ചപ്പ് നിറഞ്ഞ താഴ്‌വരകൾ, പശ്ചിമഘട്ടത്തിന്റെ ആകർഷകമായ സൗന്ദര്യം എന്നിവയാണ് പാലക്കയം തട്ടിനെ സ്പെഷ്യലാക്കുന്നത്.
പാലക്കയം തട്ടിന്റെ മുകളിലേക്കുള്ള പാതയിൽ റബ്ബർ, കൊക്കോ മരങ്ങൾ നിറഞ്ഞിരിക്കുന്നു. ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർക്കും അനുയോജ്യമായ സ്ഥലമാണിത്. മനോഹരമായ സൂര്യാസ്തമയത്തിന്റെ കാഴ്ചകൾ പാലക്കയം തട്ടിലെ മറ്റൊരു സവിശേഷതയാണ്. കണ്ണൂരിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ പൈതൽമല, പാലക്കയം തട്ടിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
എങ്ങനെ എത്തിച്ചേരാം
കണ്ണൂർ ബസ് സ്റ്റാൻഡിൽ നിന്ന് ഏകദേശം 54 കിലോമീറ്ററും കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം 53 കിലോമീറ്ററും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം 45 കിലോമീറ്ററും അകലെയാണ് പാലക്കയം തട്ട് സ്ഥിതി ചെയ്യുന്നത്.