മൂന്നാറിലെ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലെത്തി, ഇത് ക്രിസ്മസ്-പുതുവത്സര അവധിക്കാലത്ത് സഞ്ചാരികളുടെ എണ്ണം വർദ്ധിപ്പിച്ചു. ഈ തണുത്ത കാലാവസ്ഥ ആസ്വദിക്കാൻ മൂന്നാർ, തേക്കടി, വാഗമൺ എന്നിവിടങ്ങളിലേക്കുള്ള ഒരു യാത്രാ പദ്ധതിയും ലേഖനം നിർദ്ദേശിക്കുന്നു.
മൂന്നാര്‍: തണുത്ത ഡിസംബറിനെ കൂടുതൽ തണുപ്പിച്ച് മൂന്നാര്‍. ഈ സീസണിൽ ആദ്യമായി മൂന്നാറിൽ പൂജ്യം ഡിഗ്രിയിൽ എത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് മൂന്നാറിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് ദിവസമായ തണുപ്പ് കൂടി വരികയായിരുന്നു. ഇന്ന് പുലർച്ചെ ആണ് താപനില പൂജ്യം തൊട്ടത്. നല്ലതണ്ണി, നടയാർ, തെന്മല, കന്നിമല എന്നിവിടങ്ങളിലാണ് ഇന്ന് തണുപ്പ് പൂജ്യത്തിലെത്തിയത്. ദേവികുളം ഭാഗത്തും നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. പുൽതകിടികളിലും വാഹനങ്ങൾക്ക് മുകളിലും മഞ്ഞ് പുതച്ച് കിടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
തിങ്കളാഴ്ച മുതലായിരുന്നു മൂന്നാറിൽ തണുപ്പ് കൂടി തുടങ്ങിയത്. തിങ്കളാഴ്ചയായിരുന്നു സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ ലോവർ ഡിവിഷൻ എന്നിവിടങ്ങളിലാണ് താപനില തിങ്കളാഴ്ച രാവിലെ മൂന്നു ഡിഗ്രി സെൽഷ്യസിലെത്തിയത്. താപനില പൂജ്യത്തിലെത്തുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു. രാത്രി തണുപ്പ് തുടരുമ്പോഴും പകൽ ചൂട് 22 ഡിഗ്രി സെൽഷ്യസാണ്. ക്രിസ്മസ്, പുതുവത്സര അവധിയുടെ പശ്ചാത്തലത്തിൽ മൂന്നാറിൽ തണുപ്പ് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. കർണാടകത്തിലും തണുപ്പേറുകയാണ്.സംസ്ഥാനത്ത് ശീതക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ താപനില രേഖപ്പെടുത്തിയത് വിജയപുരയിൽ. ഇന്നലെ രേഖപ്പെടുത്തിയത് 7 ഡിഗ്രി സെൽഷ്യസ്. താപനില 6 ഡിഗ്രി വരെ താഴാമെന്നാണ് മുന്നറിയിപ്പ്. ജാഗ്രത വേണം എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അവധി കളറാക്കാം ഈ ഡെസ്റ്റിനേഷനേഷനുകളിൽ
തണുപ്പും, കോടമഞ്ഞും, പ്രകൃതിയുടെ ശാന്തതയും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഒരു പ്ലാനാണ് ഇനി പറയാൻ പോകുന്നത്. 4-5 ദിവസങ്ങൾ നിങ്ങള്‍ക്ക് ചെലവഴിക്കാൻ ഉണ്ടെങ്കിൽ മൂന്നാര്‍ - തേക്കടി - വാഗമൺ എന്നീ സ്ഥലങ്ങള്‍ ഒരുമിച്ച് സന്ദര്‍ശിക്കാം. ആദ്യ രണ്ട് ദിവസങ്ങൾ മൂന്നാറിൽ തങ്ങാം. തേയിലത്തോട്ടങ്ങൾ, മാട്ടുപ്പട്ടി ഡാം, ഇരവികുളം ദേശീയോദ്യാനം (രാജമല), എക്കോ പോയിന്റ്, ടോപ് സ്റ്റേഷൻ എന്നിവിടങ്ങളിലെ കാഴ്ചകൾ കണ്ട് തണുപ്പും കോടമഞ്ഞും നിറഞ്ഞ ക്രിസ്മസ് കാലാവസ്ഥ ആസ്വദിച്ച് പള്ളികളിലെ പ്രത്യേക പ്രാർത്ഥനകളിൽ പങ്കെടുക്കാം.
മൂന്നാം ദിനം തേക്കടിയിലെത്തുന്ന രീതിയിൽ വേണം യാത്ര പ്ലാൻ ചെയ്യാൻ. രണ്ട് ദിവസം തേക്കടിയിൽ ചെലവഴിക്കാം. പെരിയാർ വന്യജീവി സങ്കേതം തന്നെയാണ് തേക്കടിയിലെ പ്രധാന ആകര്‍ഷണം, ഇവിടുത്തെ ബോട്ടിംഗ് പറഞ്ഞറിയിക്കാൻ പറ്റുന്നതിനേക്കാൾ മനോഹരമാണ്. കൂടാതെ, സുഗന്ധവ്യഞ്ജന തോട്ടങ്ങളും (സ്പൈസ് പ്ലാന്റേഷൻ ടൂർ) സന്ദർശിക്കാം. വൈൽഡ് ലൈഫ് പൂർണമായ തോതിൽ ആസ്വദിക്കാൻ ആഗ്രഹമുള്ളവർക്ക് തേക്കടിയേക്കാൾ മികച്ച മറ്റൊരു ഓപ്ഷനുണ്ടാകില്ലെന്ന് തന്നെ പറയാം. മനോഹരമായ ഭൂപ്രകൃതിയും മലനിരകളും മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളും നിറഞ്ഞ ഈ പ്രദേശം ട്രെക്കിംഗിനും പ്രസിദ്ധമാണ്.
നാലാം ദിനം വൈകുന്നേരമോ അഞ്ചാം ദിനം രാവിലെയോ വാഗമണ്ണിലെത്താം. ഡിസംബറിൽ വാഗമണ്ണിന്റെ പ്രകൃതി ഭംഗി അതിമനോഹരമാണ്. മൊട്ടക്കുന്നുകൾ, പൈൻ ഫോറസ്റ്റുകൾ, പുൽമേടുകൾ തുടങ്ങിയ കാഴ്കൾ കണ്ട് തണുപ്പുള്ള ക്രിസ്മസ് വൈബ് ആസ്വദിക്കാം. സാഹസികത താത്പ്പര്യമുള്ളവർക്കായി നിരവധി അഡ്വഞ്ചർ ആക്ടിവിറ്റീസും വാഗമണ്ണിലുണ്ട്. വാഗമണ്ണിലെ അഡ്വഞ്ചർ പാർക്കിലെത്തിയാൽ ഗ്ലാസ് ബ്രിഡ്ജിലും കയറാം. സമയം കുറവാണെങ്കിൽ വാഗമൺ ഒഴിവാക്കാം. ആകെ 4 ദിവസം കൊണ്ട് ട്രിപ്പ് അവസാനിപ്പിക്കുകയും ചെയ്യാം.


