
വിമാന ടിക്കറ്റ് ബുക്കിംഗ് പലപ്പോഴും ഒരു വെല്ലുവിളിയാണ്. കണ്ണടച്ചു തുറക്കുമ്പോഴേയ്ക്കും ടിക്കറ്റ് നിരക്കുകൾ മാറിമറിയുന്നു എന്നത് തന്നെയാണ് ഇതിന് കാരണം. ഓൺലൈനിൽ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുകൾ നേടുക എന്നതിന് ഭാഗ്യം മാത്രം പോര, മറിച്ച് ചെറിയ ചില ടെക്നിക്കുകൾ കൂടി അറിഞ്ഞിരിക്കണം. നിങ്ങൾക്ക് ആവശ്യമുള്ള സൗകര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ നിങ്ങളുടെ വിമാന ടിക്കറ്റ് നിരക്കുകൾ കുറയ്ക്കാനാകും.
മിക്ക ആഭ്യന്തര റൂട്ടുകളിലും യാത്രയ്ക്ക് ഏകദേശം 6–8 ആഴ്ച മുമ്പാണ് ടിക്കറ്റ് ബുക്കിംഗിന് ഏറ്റവും നല്ല സമയം. അതേസമയം, അന്താരാഷ്ട്ര ടിക്കറ്റ് നിരക്കുകൾ സാധാരണയായി ഏകദേശം 2–4 മാസം മുമ്പാണ് കുറയുക. ഇനി ഓരോ ആഴ്ചയിലെയും ബുക്കിംഗിന് അനുയോജ്യമായ സമയമാണ് അറിയേണ്ടതെങ്കിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ നിരക്കുകൾ കുറവായിരിക്കും. ചൊവ്വ, ബുധൻ, ശനി ദിവസങ്ങളിൽ വിമാനയാത്ര നടത്തുന്നത് പലപ്പോഴും നിരക്കുകൾ ഗണ്യമായി കുറയാറുണ്ട്. ഒഴിഞ്ഞ സീറ്റുകൾ ഫിൽ ചെയ്യാനായി വിമാനക്കമ്പനികൾ നിരക്കുകൾ കുറയ്ക്കുന്ന ഓഫ്-പീക്ക് ദിവസങ്ങളായി ഇവ കണക്കാക്കപ്പെടുന്നതാണ് ഇതിന് കാരണം. ബുക്കിംഗ് സൈറ്റുകളിൽ ഒരു മാസത്തെ (30/31 ദിവസം) നിരക്കുകൾ മുഴുവനായും താരതമ്യം ചെയ്യുന്നതിലൂടെ ടിക്കറ്റ് നിരക്കുകളിലുണ്ടാകുന്ന പെട്ടെന്നുള്ള ഇടിവുകൾ കണ്ടെത്താൻ സാധിക്കും.
പലപ്പോഴും, നിങ്ങൾ ഒരേ വിമാനം വീണ്ടും പരിശോധിക്കുമ്പോൾ ടിക്കറ്റ് നിരക്ക് പെട്ടെന്ന് വർദ്ധിച്ചതായി കാണപ്പെട്ടേക്കാം. ഡിജിറ്റൽ ട്രാക്കറുകളായ കുക്കീസ് നിങ്ങളുടെ മുൻ സെർച്ച് ഇൻഫർമേഷൻ സംഭരിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഇത് ഒഴിവാക്കാൻ, സ്വകാര്യ ബ്രൗസിംഗ് സെഷനുകൾ, ഉദാഹരണത്തിന് ക്രോമിലെ ഇൻകൊഗ്നിറ്റോ മോഡ് പോലെയുള്ളവ ഉപയോഗിക്കുക. അല്ലെങ്കിൽ ഓരോ സേർച്ചിന് ശേഷവും നിങ്ങളുടെ കുക്കീസ് ക്ലിയർ ചെയ്യുക.
എല്ലാ ദിവസവും രാവിലെ ടിക്കറ്റ് നിരക്കുകൾ പരിശോധിക്കുന്നതിനു പകരം ഗൂഗിൾ ഫ്ലൈറ്റ്സ്, സ്കൈസ്കാനർ പോലെയുള്ള വെബ്‌സൈറ്റുകളിൽ അലേർട്ടുകൾ സജ്ജമാക്കുക. നിരക്കുകൾ കുറയുന്ന നിമിഷം നിങ്ങൾക്ക് അറിയിപ്പുകൾ ലഭിക്കും. ഫെസ്റ്റിവൽ സീസണിലെ വിമാന യാത്രകൾ, ശൈത്യകാല അവധിക്കാല യാത്രകൾ അല്ലെങ്കിൽ നീണ്ട വാരാന്ത്യങ്ങൾ തുടങ്ങിയ സമയങ്ങളിൽ നിരക്കുകൾ മാറിമറിയാം. ഇത്തരം സാഹചര്യങ്ങളിൽ ഇത് ഉപയോഗപ്രദമാണ്.
നിങ്ങളുടെ യാത്രയ്ക്ക് ഏറ്റവും ചെലവ് കുറഞ്ഞ ഫ്ലൈറ്റ് കണ്ടെത്താൻ വിവിധ യാത്രാ പ്ലാറ്റ്‌ഫോമുകൾ പരിശോധിക്കുക. ആദ്യത്തെ ഓപ്ഷൻ കണ്ടാൽ അത് ഒരിക്കലും തെരഞ്ഞെടുക്കരുത്. നിരക്കുകൾ താരതമ്യം ചെയ്യുക. ഏറ്റവും ചെലവ് കുറഞ്ഞ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് സ്കൈസ്‌കാനർ, കയാക്ക് എന്നിവ പോലെയുള്ള സൈറ്റുകൾ ഉപയോഗിച്ച് നിരക്കുകൾ താരതമ്യം ചെയ്യാം.
നിങ്ങളുടെ ഫ്ലൈറ്റിന്റെ സമയമോ തീയതിയോ മാറ്റുന്നത് വലിയ ലാഭം നേടാൻ സഹായിച്ചേക്കാം. ഫ്ലൈറ്റുകൾക്കായി തിരയുമ്പോൾ, നിങ്ങൾ ഇഷ്ടപ്പെടുന്ന തീയതിക്ക് ചുറ്റുമുള്ള കുറച്ച് ദിവസത്തേക്കുള്ള വിലകൾ കൂടി താരതമ്യം ചെയ്യുക. കുറഞ്ഞ നിരക്കിൽ ഒരേ ഫ്ലൈറ്റ് നിങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞേക്കും. ഇനി നിങ്ങൾക്ക് പ്രത്യേക തീയതി മനസ്സിൽ ഉണ്ടെങ്കിൽ, വ്യത്യസ്ത സമയങ്ങളിൽ എത്തുന്ന വിമാനങ്ങൾ പരിശോധിക്കുക. കാരണം അവയ്ക്ക് പലപ്പോഴും വ്യത്യസ്ത ടിക്കറ്റ് നിരക്കുകൾ ഉണ്ടായിരിക്കും.
വലിയ വിമാനത്താവളങ്ങൾക്ക് ഉയർന്ന ഫീസ് ഉള്ളതിനാൽ അടുത്തുള്ള ചെറിയ വിമാനത്താവളങ്ങൾ പരിഗണിക്കുന്നത് കൂടുതൽ ലാഭകരമാണോ എന്ന് പരിശോധിക്കുക.
പ്രശസ്തമായ ബാങ്കുകളിൽ നിന്നുള്ള, പ്രത്യേകിച്ച് പ്രീമിയം ബാങ്കുകളിൽ നിന്നുള്ള ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ പല എയർലൈനുകളും ഓൺലൈൻ ട്രാവൽ ഏജൻസികളും കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്യാറുണ്ട്. പ്രീമിയം ക്രെഡിറ്റ് കാർഡുകൾ പലപ്പോഴും ഡിസ്കൗണ്ട് ഫ്ലൈറ്റ് റിസർവേഷനുകൾ പോലെയുള്ള ആനുകൂല്യങ്ങളോടെയാണ് വരുന്നത്. കൂടാതെ, ക്രെഡിറ്റ് കാർഡ് റിവാർഡ് പ്രോഗ്രാമുകൾ നിങ്ങളുടെ പോയിന്റുകളെ എയർലൈൻ ക്രെഡിറ്റുകളാക്കി മാറ്റാൻ അനുവദിച്ചേക്കാം. നിങ്ങൾ ഒരു എയർലൈനിന്റെ റിവാർഡ് പ്രോഗ്രാമിന്റെ ഭാഗമാണെങ്കിൽ നിങ്ങളുടെ പോയിന്റുകളും പതിവ് ഫ്ലയർ മൈലുകളും പ്രയോജനപ്പെടുത്തുക.
ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിലെ ഏറ്റവും നിരക്ക് കുറഞ്ഞ ഓപ്ഷനുകളാണ് അർദ്ധരാത്രി പുറപ്പെടുന്ന ഫ്ലൈറ്റുകളും (റെഡ്-ഐ ഫ്ലൈറ്റുകൾ) അതിരാവിലെ പുറപ്പെടുന്ന ഫ്ലൈറ്റുകളും.