ഇടതൂർന്ന് നിൽക്കുന്ന കാടും ട്രക്കിംഗും പിന്നെ ഒരു വെള്ളച്ചാട്ടവും; ഇത് അനന്തപുരിയുടെ സ്വന്തം കല്ലാർ മീൻമുട്ടി

Published : Mar 13, 2025, 10:13 PM IST
ഇടതൂർന്ന് നിൽക്കുന്ന കാടും ട്രക്കിംഗും പിന്നെ ഒരു വെള്ളച്ചാട്ടവും; ഇത് അനന്തപുരിയുടെ സ്വന്തം കല്ലാർ മീൻമുട്ടി

Synopsis

തിരുവനന്തപുരത്തെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിലേക്കുള്ള പാതയിലാണ് കല്ലാർ സ്ഥിതി ചെയ്യന്നത്.

യാത്രാ പ്രേമികൾക്കിടയിൽ ട്രക്കിംഗ് ഇഷ്ടപ്പെടുന്നവർ ഏറെയാണ്. കാടും മലയും കയറി ഉയരങ്ങൾ കീഴടക്കുന്നത് അത്ര എളുപ്പമല്ലെങ്കിലും ലക്ഷ്യസ്ഥാനത്തെത്തിയാൽ കാണുന്ന കാഴ്ചകൾ ശരീരത്തിന്റെ ക്ഷീണമകറ്റി മനസിന് കുളിർമയേകും. കേരളത്തിൽ ട്രക്കിംഗിന് അനുയോജ്യമായ സ്ഥലങ്ങൾ ഏറെയുണ്ട്. അതിൽ പ്രശസ്തമായ ഒരിടമാണ് തിരുവനന്തപുരത്തുള്ള കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടം. 

ഇടതൂർന്ന് നിൽക്കുന്ന കാടും ഒരു വെള്ളച്ചാട്ടവും പിന്നെ പ്രകൃതി മനോഹരമായ കുറേ കാഴ്ചകളുമൊക്കെയായാണ് കല്ലാർ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. പൊന്മുടിയിലേക്കുള്ള പാതയിലാണ് കല്ലാർ സ്ഥിതി ചെയ്യന്നത്. പൊന്മുടി യാത്രയിൽ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഒരിടമാണ് കല്ലാർ. കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും സന്ദർശിക്കാൻ പറ്റിയ ഇടം തന്നെയാണ് ഇത്. തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 42 കിലോ മീറ്റർ ദൂരം സഞ്ചരിച്ചാൽ കല്ലാറിലെത്താം.

കല്ലും ആറും ഒരുപോലെ ചേർന്ന സ്ഥലമായതിനാലാണ് കല്ലാർ എന്ന പേര് ലഭിച്ചത്. ഈ പ്രദേശത്ത് കൂടിയൊഴുകുന്ന കല്ലാർ നദിയിൽ നിന്നുമാണ് നാടിനും അതേ പേര് തന്നെ ലഭിച്ചതെന്നാണ് കരുതപ്പെടുന്നത്. പാറക്കല്ലുകളും ഉരുളൻ കല്ലുകളുമെല്ലാം ഇവിടെ എത്തിയാൽ കാണാം. വനത്തിലൂടെ നടന്നുള്ള യാത്രയും ഈ ട്രക്കിംഗിന്റെ ആകർഷണമാണ്. ഏകദേശം 500 മീറ്ററോളം ദൂരം വാഹനത്തിൽ പോകാം. 

പാർക്കിംഗിന് അനുവദിച്ച മേഖലയിൽ വാഹനം നിർത്തിയിടാം. തൊട്ടടുത്ത് തന്നെ വെള്ളച്ചാട്ടത്തിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്ന സ്ഥലത്ത് സഞ്ചാരികൾക്ക് കുളിക്കുകയും ചെയ്യാം. ഇവിടെ നിന്ന് ഏകദേശം രണ്ട് കിലോ മീറ്ററോളം ദൂരം കാൽനടയായി സഞ്ചരിച്ചാൽ മീൻമുട്ടി വെള്ളച്ചാട്ടത്തിലെത്താം. മീൻമുട്ടി വെള്ളച്ചാട്ടത്തിലേയ്ക്കുള്ള യാത്രയിൽ ഒരോ 100-150 മീറ്ററിനിടയിലും ഒരു ഗൈയ്ഡിനെ കാണാം.

വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന പ്രസന്നമായ ശാന്തതയുള്ള കാലാവസ്ഥയാണ് ഇവിടുത്തേത്. അതുകൊണ്ടുതന്നെ എപ്പോൾ വേണമെങ്കിലും ധൈര്യമായി കല്ലാറിലേയ്ക്ക് എത്താം. ഇപ്പോഴെത്തിയാൽ കൊടും വേനലിൽ നിന്നൊരു ആശ്വാസമാകും ഇവിടേയ്ക്കുള്ള യാത്ര. എങ്കിലും സെപ്റ്റംബർ മുതൽ മാർച്ച് അവസാനം വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.

തിരുവനന്തപുരം നഗരത്തിൽ നിന്നും കല്ലാറിലെത്താൻ ഏകദേശം ഒന്നര മണിക്കൂർ സമയം ആവശ്യമാണ്. ഏറ്റവുമടുത്തുള്ള വിമാനത്താവളവും റെയിൽവേ സ്റ്റേഷനും തിരുവനന്തപുരത്ത് തന്നെയാണുള്ളത്. രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് കല്ലാറിലേയ്ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കല്ലാറിൻ്റെ ആഴങ്ങളിൽ ജീവൻ പൊലിഞ്ഞ ഒരുപാട് മനുഷ്യ ജീവനുകളുണ്ട്. അതിനാൽ ഗൈയ്ഡുകളുടെ നിർദ്ദേശങ്ങൾ പാലിക്കണം.

READ MORE:  2,100 മീറ്റർ ഉയരമുള്ള കൊടുമുടി, അവിടെയൊരു ഹൃദയസരസ്; പോകാം വിസ്മയ കാഴ്ചകളുടെ ചെമ്പ്ര പീക്കിലേയ്ക്ക്

PREV
Read more Articles on
click me!

Recommended Stories

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ചെയ്യുന്ന 6 തെറ്റുകൾ! സൂക്ഷിച്ചാൽ ദു:ഖിക്കണ്ട
സമയമില്ലേ? വിഷമിക്കണ്ട; 2 ദിവസം മതി, ഊട്ടി മുഴുവൻ കറങ്ങാം! പെർഫെക്റ്റ് ട്രാവൽ പ്ലാൻ ഇതാ