
ഫുക്കറ്റ്: കടുവയുടെ ആക്രമണത്തിൽ ഇന്ത്യൻ വിനോദസഞ്ചാരിക്ക് പരിക്ക്. തായ്‌ലൻഡിലെ ഫുക്കറ്റിലുള്ള ടൈഗർ കിംഗ്ഡം വന്യജീവി പാർക്കിലാണ് സംഭവം. വിനോദസഞ്ചാരി ആരാണെന്ന കാര്യം വ്യക്തമായിട്ടില്ല. ഇയാൾ കടുവയോടൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കടുവയുടെ ചങ്ങല പിടിച്ചുകൊണ്ട് വിനോദസഞ്ചാരി നടക്കുന്ന ദൃശ്യങ്ങളാണ് ഭയാനകമായ വീഡിയോയിലുള്ളത്. എന്നാൽ, സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കടുവ പെട്ടെന്ന് വിനോദസഞ്ചാരിയെ ആക്രമിക്കുകയായിരുന്നു. പാര്‍ക്കിലെ ഒരു പരിശീലകൻ വിനോദസഞ്ചാരിയെ രക്ഷിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. കടുവയോട് ഇരിക്കാൻ സൂചന നൽകാനായി പരിശീലകൻ ഒരു വടി ഉപയോഗിക്കുന്നുണ്ട്. എന്നാൽ, നിമിഷങ്ങൾക്കുള്ളിൽ കടുവ വിനോദസഞ്ചാരിക്ക് നേരെ തിരിയുകയും ആക്രമിക്കുകയുമായിരുന്നു. വിനോദസഞ്ചാരിയുടെ നിലവിളിയും വീഡിയോയിൽ കേൾക്കാം.
കടുവകളെ അടുത്തറിയാൻ സന്ദർശകർക്ക് അവസരം ഒരുക്കുന്ന ഒരു പാർക്കാണ് ഫുക്കറ്റിലെ ടൈഗര്‍ കിംഗ്ഡം. വന്യജീവികളുമായി അടുത്ത് ഇടപഴകാൻ അവസരം നൽകുന്ന ഇതുപോലെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളും മൃഗസംരക്ഷണവും വലിയ ചര്‍ച്ചകൾക്ക് വഴിയൊരുക്കിയിരിക്കുയാണ്. ടൈഗർ കിംഗ്ഡം പോലെയുള്ള പാര്‍ക്കുകൾ മൃഗങ്ങളുടെ ക്ഷേമത്തേക്കാൾ വിനോദസഞ്ചാരികളുടെ ആവശ്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും മനുഷ്യരുടെ നിരന്തരമായ ഇടപെടലിന്റെ സമ്മർദ്ദം കടുവ പോലെയുള്ള വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുമെന്നും ഒരു വിഭാഗം പറയുന്നു. 2014-ൽ ഇതേ പാർക്കിൽ ഒരു ഓസ്‌ട്രേലിയൻ വിനോദസഞ്ചാരിക്ക് കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് പാര്‍ക്ക് താൽക്കാലികമായി അടച്ചിട്ടിരുന്നു.