
ചെന്നൈ: തമിഴ്‌നാട്ടിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈ ഉൾപ്പെടെ സംസ്ഥാനത്തെ 17 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളക്കെട്ട്, ഗതാഗത തടസ്സം തുടങ്ങിയ നിരവധി വെല്ലുവിളികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തത്ക്കാലം തമിഴ്നാട്ടിലേയ്ക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുന്നതാണ് ഉചിതം.
തിരുവള്ളൂർ, കോയമ്പത്തൂർ, നീലഗിരി, തെങ്കാശി, ഡിണ്ടിഗൽ, തേനി, തൂത്തുക്കുടി, ശിവഗംഗൈ, പുതുക്കോട്ടൈ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, രാമനാഥപുരം, തിരുനെൽവേലി, തിരുപ്പൂർ, കന്യാകുമാരി, ചെന്നൈ എന്നീ നഗരങ്ങളെയാണ് ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, മധുരയിലും വിരുദുനഗറിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്കൻ ആൻഡമാൻ കടലിലും രൂപം കൊണ്ട ചുഴലിക്കാറ്റാണ് തമിഴ്നാട്ടിലെ മഴയ്ക്ക് കാരണമാകാൻ പോകുന്നത്. അടുത്ത അഞ്ച് ദിവസങ്ങളിൽ സമാനമായ കാലാവസ്ഥ തന്നെയായിരിക്കുമെന്നാണ് സൂചന.
മഴ കൂടുതലുള്ള സമയങ്ങളിൽ അനാവശ്യമായ യാത്രകൾ ഒഴിവാക്കാനും നനഞ്ഞ റോഡുകളിൽ ജാഗ്രത പാലിക്കാനും യാത്രക്കാർക്ക് നിർദ്ദേശമുണ്ട്. സ്കൂളുകൾക്കോ ഓഫീസുകൾക്കോ ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ അറിയിപ്പുകൾക്കായി പ്രാദേശിക വാർത്തകളും കാലാവസ്ഥാ വകുപ്പിന്റെ ബുള്ളറ്റിനുകളും പിന്തുടരണം. തമിഴ്‌നാട്ടിലേയ്ക്ക് യാത്രാ പദ്ധതികൾ ഉള്ളവർ ട്രാവൽ ഓപ്പറേറ്റർമാരുമായി കൂടിയാലോചിക്കുകയും സാഹചര്യങ്ങൾ വിലയിരുത്തുകയും വേണമെന്നും അധികൃതർ അറിയിച്ചു.