
ഇന്ത്യയിലെ ബീച്ചുകൾ എന്ന് കേൾക്കുമ്പോൾ മിക്കവരുടെയും മനസിലേയ്ക്ക് ആദ്യം ഓടിയെത്തുന്നത് ഗോവയിലെ ബീച്ചുകളായിരിക്കും. എന്നാൽ, സമീപകാലത്ത് ഗോവയിലെ ബീച്ചുകളുടെ ഭംഗി നഷ്ടമാകുന്നതായി പലയിടത്തു നിന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇതോടെ ഗോകർണം ആ സ്ഥാനം ഏറ്റെടുത്തു. എന്നാൽ, ഇപ്പോൾ ഇതാ പ്രശസ്ത അമേരിക്കൻ ട്രാവൽ കമ്പനിയായ ട്രിപ്പ് അഡ്വൈസർ ഏഷ്യയിലെ മികച്ച 10 ബീച്ചുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. പട്ടികയിൽ പ്രമുഖ ഗോവൻ ബീച്ചുകൾക്കോ ഗോകർണത്തിനോ ഇടംനേടാൻ കഴിഞ്ഞിട്ടില്ല.
ഗോവയെയും ഗോകർണത്തെയും മറികടന്ന് ഏഷ്യയിലെ ടോപ് 10ൽ ഇടംപിടിച്ച ബീച്ച് ഏതായിരിക്കുമെന്നല്ലേ? ട്രിപ്പ് അഡ്വൈസറിന്റെ 'ട്രാവലേഴ്സ് ചോയ്സ് ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് 2025' റാങ്കിംഗിൽ ഏഷ്യയിലെ അഞ്ചാമത്തെ മികച്ച ബീച്ചായി റാങ്ക് ചെയ്യപ്പെട്ടിരിക്കുന്നത് ഹാവ്‌ലോക്ക് ദ്വീപിൽ സ്ഥിതി ചെയ്യുന്ന രാധാനഗർ ബീച്ചാണ്. ഇത് സ്വരാജ് ദ്വീപ് എന്നും അറിയപ്പെടുന്നു. വിശാലമായ വെളുത്ത മണലും പരന്ന് കിടക്കുന്ന കാഴ്ചകളുമാണ് രാധാനഗർ ബീച്ചിനെ വ്യത്യസ്തമാക്കുന്നത്. തെങ്ങുകളും കണ്ടലുകളും നിറഞ്ഞ ഇവിടം പച്ചപ്പ് നിറഞ്ഞ കാഴ്ചകളാണ് സഞ്ചാരികൾക്ക് സമ്മാനിക്കുക.
ഗോവയിലെ തിരക്കേറിയ ബീച്ചുകളിൽ നിന്ന് വ്യത്യസ്തമായി രാധാനഗർ ബീച്ച് ശാന്തമായ ഒരു ടൂറിസം കേന്ദ്രമാണ്. നീന്തലും സൺബാത്തിംഗും ആസ്വദിക്കാൻ പറ്റിയ സ്ഥലമായി സഞ്ചാരികൾ ഇതിനെ സ്ഥിരമായി വിലയിരുത്തിയിട്ടുണ്ട്. വൃത്തിയുള്ളതും ശാന്തവുമായ അന്തരീക്ഷമാണ് ഈ ബീച്ചിന്റെ ഭംഗി കൂട്ടുന്നത്. രാധാനഗർ ബീച്ചിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണങ്ങളിലൊന്നാണ് നീൽസ് കോവ്. ബീച്ചിലൂടെ വെറും 10 മിനിറ്റ് നടന്നാൽ ഈ സ്ഥലത്തേക്ക് എത്തിച്ചേരാം. രാധാനഗർ ബീച്ചിലെ ഈ മേഖല അത്രയ്ക്ക് മനോഹരമാണ്. മാത്രമല്ല അത്ര അറിയപ്പെടാത്ത സ്ഥലങ്ങളിൽ ഒന്നായതിനാൽ തിരക്കും നന്നേ കുറവാണ്. ആൻഡമാന്റെ പടിഞ്ഞാറൻ തീരത്ത് ഹാവ്‌ലോക്ക് ദ്വീപിലെ ഹാവ്‌ലോക്ക് ജെട്ടിയിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ജെട്ടിയിൽ നിന്ന് ബീച്ച് നമ്പർ 7ൽ എത്താൻ 20 മിനിറ്റ് ഡ്രൈവ് വേണം.
ഏഷ്യയിലെ തെരഞ്ഞെടുക്കപ്പെട്ട മികച്ച 10 ബീച്ചുകൾ ഇതാ:
1) ബനാന ബീച്ച്, തായ്‌ലൻഡ്
2) കെലിംഗ്‌കിംഗ് ബീച്ച്, ഇന്തോനേഷ്യ
3) ഹ്യൂണ്ടേ ബീച്ച്, ദക്ഷിണ കൊറിയ
4) വൈറ്റ് ബീച്ച്, ഫിലിപ്പീൻസ്
5) രാധാനഗർ ബീച്ച്, ഇന്ത്യ
6) ബെന്റോട്ട ബീച്ച്, ശ്രീലങ്ക
7) വൈറ്റ് സാൻഡ് ബീച്ച്, തായ്‌ലൻഡ്
8) നാക്പാൻ ബീച്ച്, ഫിലിപ്പീൻസ്
9) ഫ്ര നാങ് കേവ് ബീച്ച്, തായ്‌ലൻഡ്
10) പന്തായി മെലാസ്തി ഉൻഗാസൻ, ഇന്തോനേഷ്യ