
പ്രണയം എന്ന വാക്ക് കേട്ടാല്‍ ഓര്‍മ്മവരുന്ന യാത്രകള്‍ നിങ്ങള്‍ക്കുണ്ടോ? അത് പ്രണയകാലത്തെ യാത്രയാവാം. വിവാഹശേഷമുള്ള ഹണിമൂണ്‍ യാത്രയാവാം. പ്രണയനഷ്ടത്തിനു ശേഷം ആ ഓര്‍മ്മയില്‍ ഒറ്റയ്ക്ക് നടത്തിയ യാത്രയാവാം. മറക്കാനാവാത്ത ആ യാത്രാനുഭവങ്ങള്‍ എഴുതി അയക്കൂ. തെരഞ്ഞെടുക്കപ്പെടുന്നവ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കും. വിലാസം: webteam@asianetnews.in. നിങ്ങളുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിശദവിലാസവും ഫോട്ടോയും യാത്രാ ഫോട്ടോകളുണ്ടെങ്കില്‍ അവയും ഒപ്പം അയക്കണം. സബ്ജക്ട് ലൈനിൽ 'പ്രണയയാത്ര' എന്നെഴുതാൻ മറക്കരുത്.
11 വര്‍ഷങ്ങള്‍. ഞങ്ങള്‍ ഒന്നിച്ച് യാത്ര തുടങ്ങിയിട്ടപ്പോള്‍ ഒരു പതിറ്റാണ്ട് കഴിഞ്ഞു. യാത്രകള്‍ ഒരുപാടിഷ്ടപ്പെടുന്ന ഒരാളാണ് എന്റെ ജീവിതപങ്കാളി. ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഞങ്ങളിങ്ങനെ യാത്ര ചെയ്തുകൊണ്ടേയിരിക്കുകയാണ്. ഓരോ വര്‍ഷത്തെയും ഞാനിപ്പോള്‍ ഓര്‍ക്കുന്നത് തന്നെ, ആ വര്‍ഷം നടത്തിയ യാ്രതയുടെ പേരിലാണ്. അത്രയ്ക്കുണ്ട്, പ്രണയഭരിതമായ യാത്രകളുടെ തീവ്രസ്മൃതികള്‍.
അനേകം യാത്രകളുടെ തുടര്‍ച്ചയായായിരുന്നു കഴിഞ്ഞ വേനലവധിയ്ക്ക് ഞങ്ങള്‍ നടത്തിയ ദില്ലി യാത്ര. ഒരു പാട് നാളുകൊണ്ട് നെയ്തുകൂട്ടിയ ഒരു സ്വപ്‌നത്തിന്റെ സാഫല്യം. ദില്ലി, ആഗ്ര-അതായിരുന്നു ലക്ഷ്യം. രാത്രി 8.20 -ന് എറണാകുളത്ത് നിന്നും ട്രെയിനില്‍ യാത്ര പുറപ്പെട്ടു. രണ്ട് രാത്രിയും മൂന്ന് പകലും. അപരിചിതരുടെ നടുവിലാണ് യാത്ര തുടങ്ങിയതെങ്കിലും ദില്ലി എത്തിയപ്പോഴേക്കും ഏറെക്കാലത്തെ പരിചയമുള്ളവരെപ്പോലെ എല്ലാവരുമായും അടുത്തിരുന്നു.
ഉത്തരേന്ത്യക്കാരായ രണ്ട് പെണ്‍കുട്ടികളുമായി ഞാന്‍ നല്ല കൂട്ടായി. നമ്മുടെ സദ്യയുടെ രുചിക്കൂട്ടുകള്‍ പറഞ്ഞ് ഞാനും ആലുപറാത്തയുടെയും ഗുലാബ് ജാമിന്റെയും റെസിപ്പികള്‍ അവരും ഭക്ഷണത്തോടുള്ള ഇഷ്ടം പ്രകടിപ്പിച്ചു. മക്കള്‍ കുറുമ്പു കാട്ടി ആ തീവണ്ടി മുറിയെ കൂടുതല്‍ മനോഹരമാക്കി. പൊതുവേ സംസാരത്തിന് റേഷന്‍ ഏര്‍പ്പെടുത്തിയ എന്റെ കണവന്‍ ഇംഗ്ലീഷിലുള്ള എന്റെ തള്ള് സഹിക്കാന്‍ വയ്യാതെ എന്നെ നോക്കി പുഞ്ചിരിച്ചു. പാചകത്തെ പറ്റിയുള്ള വാചകമടി കഴിഞ്ഞപ്പോള്‍ അവരെന്നോട് വയനാടിനെ പറ്റി വാതോരാതെ സംസാരിച്ചു. ഇവിടുത്തെ പച്ചപ്പ്, പുഴ, മല-അതൊക്കെയായിരുന്നു അവര്‍ക്ക് പറയാനുണ്ടായിരുന്നത്. ഞങ്ങള്‍ പലഹാരങ്ങള്‍ പലതും പങ്കുവച്ചു. വ്യത്യസ്ത രുചികളറിഞ്ഞു.
ദില്ലിയില്‍ ഇറങ്ങി റെയില്‍വേ സ്റ്റേഷന് മുന്നിലേക്ക് നടന്നപ്പോള്‍ നിറയെ റിക്ഷകള്‍. വന്‍ബഹളം. അവര്‍ ഹിന്ദിയില്‍ എന്തൊക്കെയോ പറഞ്ഞു. ഒരു റിക്ഷയില്‍ കയറി ഞങ്ങള്‍ താമസ സ്ഥലമായ എംപി ഹൗസിലേക്ക് പുറപ്പെട്ടു. ചുറ്റും അക്ഷമരായി ഹോണ്‍ മുഴക്കി പായുന്ന റിക്ഷകള്‍. റിക്ഷാ ഡ്രൈവര്‍ എന്റെ ഭര്‍ത്താവുമായി ഓട്ടോ കൂലിയെ പറ്റി വിലപേശുന്നുണ്ടായിരുന്നു. ഫോണിലെ ജിപിഎസ് ഓണാക്കി ദൂരം കണക്കാക്കി എന്റെ ഭര്‍ത്താവും മലയാളവും ഹിന്ദിയും ഇംഗ്ലീഷും കലര്‍ത്തിയ ഭാഷയില്‍ വിലപേശുന്നുണ്ട്.
നീണ്ട യാത്രയായിരുന്നു. ആ നഗരത്തിന്റെ രണ്ട് മുഖങ്ങള്‍ യാത്രയ്ക്കിടയില്‍ കണ്ടു. സമ്പന്നതയുടെ ഒരു മുഖം. ദാരിദ്ര്യത്തിന്റെ മറ്റൊരു മുഖം. മെട്രാപൊളിറ്റന്‍ സിറ്റിയിലെ വൃത്തിഹീനമായ തെരുവുകള്‍. സ്‌കൂളില്‍ പോകേണ്ട പ്രായത്തില്‍ റിക്ഷ വലിക്കുകയും അല്ലറ ചില്ലറ മോഷണങ്ങള്‍ നടത്തി ജീവിക്കുകയും ചെയ്യുന്ന കുട്ടികള്‍. വലിയ ഹോട്ടലിന്റെ പിന്നാമ്പുറങ്ങളില്‍ കഴുകാനിട്ട പാത്രങ്ങളില്‍ നിന്ന് കറിയുടെ അവശിഷ്ടങ്ങള്‍ തോണ്ടി ബണ്‍ കഴിക്കുന്ന കുറേ സാധാരണ തൊഴിലാളികള്‍.
പിറ്റേന്ന് അതിരാവിലെ ഉണര്‍ന്നു. പ്രഭാത ഭക്ഷണത്തിന് ശേഷം നേരെ ആഗ്രയിലേക്ക്. ട്രെയിന്‍ വൈകുന്നേരം 3 മണിയോടെ ആഗ്രയിലെത്തി. കോട്ട കണ്ടു. കോട്ടയുടെ മുകളില്‍ നിന്ന് താജ്മഹല്‍ കണ്ടു. ചൂടിന്റെ തീക്ഷണത കൂടി വന്നു. അഞ്ച് മണിയോടെ താജ്മഹലിലേക്ക് യാത്ര തിരിച്ചു.
പ്രിയപ്പെട്ടവന്റെ വിരലുകളില്‍ വിരല്‍ ചേര്‍ത്തു പിടിച്ച് താജ്മഹലിന്റെ ഭംഗിയില്‍ അസ്തമയം കണ്ണ് നിറയെ കണ്ടു. വെണ്ണക്കല്ലില്‍ തീര്‍ത്ത പ്രണയ കൂടാരം മുന്നില്‍. ശാന്തമായി ഒഴുകുന്ന യമുനയുടെ തീരത്തെ മനോഹര ദൃശ്യം. വാക്കുകള്‍ക്കതീതമായിരുന്നു ആ കാഴ്ച. എന്റെ പേഴ്‌സണല്‍ ഫോട്ടോഗ്രാഫറായ അദ്ദേഹം താജ് മഹലിന്റെ മനോഹാരിതയില്‍ എന്നെ നിര്‍ത്തി കുറെ ചിത്രങ്ങളെടുത്തു. ഇവയൊന്നും എനിക്ക് പിടിച്ചില്ല. ഞാനോരോന്നിലും കുറ്റങ്ങള്‍ കണ്ടെത്തി. താജ് മഹലിന്റെ മുമ്പില്‍ പ്രണയ നിമിഷങ്ങള്‍ പങ്ക് വയ്ക്കാന്‍ പോയിട്ട് ഞങ്ങള്‍ തമ്മില്‍ ഫോട്ടോയെ ചൊല്ലി പിണക്കമായി.
അപ്പോഴാണ് ദൈവദൂതനെ പോലെ ഒരാള്‍ ക്യാമറ തൂക്കി എന്റെ മുമ്പില്‍ വന്നത്. 200 രൂപയ്ക്ക് കുറച്ച് ഫോട്ടോകളും റീലും എടുത്തു തരാമെന്ന് അയാള്‍ പറഞ്ഞു. ഞാന്‍ നിസ്സംഗമായി ഭര്‍ത്താവിനെ നോക്കി. അണ്‍ റൊമാന്റിക് മൂരാച്ചി- ഞാന്‍ മനസില്‍ പിറുപിറുത്തു. പക്ഷെ സംഭവിച്ചത് നേരേ മറിച്ചായിരുന്നു. അദ്ദേഹം ആദ്യമിറങ്ങി. പീന്നിടങ്ങോട്ട് അയാളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഞങ്ങള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഇപ്പോള്‍ ഹാപ്പിയായില്ലേ-എന്ന് മൂപ്പര്‍ എന്റെ കണ്ണില്‍ നോക്കി, ഇടയ്ക്ക്.
എന്റെ മനസ്സിങ്ങനെ ഒഴുകി നടക്കുകയായിരുന്നു. യമുനയുടെ തീരത്ത് ഞങ്ങള്‍ കുറെ നേരം പരസ്പരം നോക്കി നിന്നു. വാക്കുകള്‍ കൊണ്ട് സംവദിച്ചില്ലെങ്കിലും ഹൃദയത്തില്‍ നിന്നൊരു പ്രണയനദി എന്നിലേക്ക് ഒഴുകുന്നുണ്ടായിരുന്നു.
പ്രണയത്തിന്റെ ഓര്‍മ്മക്കായി ലോകത്തിന്‍ നെറുകയില്‍ നില്‍ക്കുന്ന താജ്മഹലിനെ സാക്ഷിയാക്കി അദ്ദേഹമെന്നെ ഒരിക്കല്‍ കൂടി ചേര്‍ത്തു പിടിച്ചു. മനസ്സു കൊണ്ട് പുണര്‍ന്നു. മനസ്സില്ലാ മനസോടെ തിരിഞ്ഞ് നോക്കി നോക്കി ഞാന്‍ താജ് മഹലിനോട് യാത്ര പറഞ്ഞു.
READ MORE: വാലന്റൈൻസ് ഡേ കളറാക്കണ്ടേ? ഈ 5 റൊമാൻ്റിക് ഡെസ്റ്റിനേഷനുകൾ പെർഫക്ട് ഓക്കെ